
യുപിയില്‍ രക്തം സ്വീകരിച്ച 14 കുട്ടികളില്‍ എച്ച്‌ഐവിയും ഹെപ്പറ്റെറ്റിസും
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികള്‍ക്ക് എച്ച്‌ഐവിയും മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. ലാല ലജ്പത് റായ് ആശുപത്രിയിലാണ് സംഭവം. രക്തപരിശോധനയിലെ പിഴവാണ് അണുബാധയ്ക്ക് കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്.
അണുബാധ സ്ഥിരീകരിച്ച കുട്ടികള്‍ സ്വകാര്യ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും പ്രാദേശികമായും രക്തം സ്വീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ എവിടെ നിന്ന് സ്വീകരിച്ച രക്തത്തിലാണ് രോഗകാരിയായ വൈറസുകളെന്ന് കണ്ടെത്തുക പ്രയാസകരമാണ്. തലസീമിയ രോഗത്തെ തുടര്‍ന്ന് 180 കുട്ടികളാണ് രക്തം സ്വീകരിച്ചത്. ആവശ്യമായ അളവില്‍ ഹീമോഗ്ലോബിന്‍ ഉല്‍പാദിപ്പിക്കാന്‍ ശരീരത്തിന് കഴിയാതെ വരുന്ന അവസ്ഥയാണ് തലസീമിയ. കൃത്യമായ ഇടവേളകളില്‍ രക്തം സ്വീകരിക്കുകയാണ് ഈ അസുഖത്തെ നേരിടാനുള്ള മാര്‍ഗങ്ങളിലൊന്ന്. ഇത്തരത്തില്‍ രക്തം സ്വീകരിച്ച കുട്ടികളിലാണ് വൈറസ് കടന്നുകൂടിയത്.
ഗുരുതര വീഴ്ച
ഹെപ്പറ്റെറ്റിസ് രോഗികളെ ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിലേക്കും എച്ച്‌ഐവി പോസിറ്റീവ് ആയവരെ കാണ്‍പൂരിലെ എച്ച്‌ഐവി റെഫെറല്‍ സെന്ററിലേക്കും റഫര്‍ ചെയ്തതായി ലാല ലജ്പത് റായ് ആശുപത്രിയിലെ നോഡല്‍ ഓഫീസറും പീഡിയാട്രിക്‌സ് വിഭാഗം തലവനുമായ ഡോ. അരുണ്‍ ആര്യ പറഞ്ഞു. കുട്ടികള്‍ നിലവില്‍ ഗുരുതരമായ രോഗവുമായി പോരാടുന്നവരാണ്. ഇപ്പോള്‍ ആരോഗ്യനില കൂടുതല്‍ അപകടത്തിലായെന്നും ഡോ. അരുണ്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ വൈറല്‍ ഹെപ്പറ്റെറ്റിസ് കണ്‍ട്രോള്‍ ബോര്‍ഡ് അന്വേഷണം നടത്തും. ഹെപ്പറ്റെറ്റിസിന്റെയും എച്ച്‌ഐവിയുടെയും ഉറവിടം കണ്ടെത്തലായിരിക്കും ബോര്‍ഡിന്റെ പ്രധാന ലക്ഷ്യം.
കാണ്‍പൂര്‍ സിറ്റി, ഫറൂഖാബാദ്, ഔറയ്യ, ഇറ്റാവ, കനൗജ് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. അണുബാധ ഉണ്ടായ 14 പേരും ആറ് വയസ്സിനും 16 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ്. ഇതില്‍ ഏഴുപേര്‍ക്ക് ഹെപ്പറ്റെറ്റിസ് ബിയും, അഞ്ചുപേര്‍ക്ക് ഹെപ്പറ്റെറ്റിസ് സിയും രണ്ടുപേര്‍ക്ക് എച്ച്‌ഐവിയും ബാധിച്ചു.