
സംഭൽ സന്ദർശനത്തിനെത്തിയ പ്രിയങ്കയെയും രാഹുലിനെയും ഗാസിപുരിൽ തടഞ്ഞ് യുപി പൊലീസ്
സംഭൽ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും തടഞ്ഞ് സംഭൽ പൊലീസ്. ഗാസിപൂർ അതിർത്തിയിൽ വച്ചാണ് കോൺഗ്രസ് സംഘത്തെ തടഞ്ഞത്. സംഭാലിൽ നിരോധനാജ്ഞ നിലവിലിരിക്കെ ജില്ലയിലേക്കുള്ള യാത്രാമധ്യേ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയെ യുപി ഗേറ്റിൽ തടഞ്ഞതായാണ് റിപ്പോർട്ട്.
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘം, അക്രമം നടന്ന സംഭാലിലേക്ക് പോകുന്നതിനിടെയാണ് തടഞ്ഞത്. ഉത്തർപ്രദേശിൽ നിന്നുള്ള മറ്റ് അഞ്ച് കോൺഗ്രസ് എംപിമാരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട വയനാട് എംപി പ്രിയങ്ക ഗാന്ധിയും സംഘത്തിൽ ഉണ്ടായിരുന്നു. ഗാസിപൂര്‍ അതിര്‍ത്തിയില്‍ ബാരിക്കേഡ് വെച്ച് തടയുകയും പൊലീസ് ബസ് കുറുകെ ഇടുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മടങ്ങി പോവണമെന്നാണ് യുപി പൊലീസിന്റെ ആവശ്യം.
രാഹുല്‍ ഗാന്ധിയെ അഭിവാദ്യം ചെയ്ത് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ തടിച്ചുകൂടുകയും പൊലീസിനെതിരെ പ്രതിഷേധിക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ പത്ത് വരെ നിരോധനാജ്ഞ പുറപ്പെടുവിച്ച സംഭാലില്‍ ആരെയും കടത്തിവിടില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ സമാജ്‍വാദി പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭാല്‍ സന്ദര്‍ശിച്ചപ്പോള്‍ അവരെയും പൊലീസ് തടഞ്ഞിരുന്നു.
നവംബർ 19 മുതൽ സംഭല്‍ ജുമാ മസ്ജിദിൽ ഹരിഹർ ക്ഷേത്രം ഉണ്ടായിരുന്നു എന്ന അവകാശവാദത്തെത്തുടർന്ന് കോടതി ഉത്തരവനുസരിച്ച് സർവേ നടത്തിയപ്പോൾ മുതൽ സംഭലിൽ സംഘർഷം നിലനിന്നിരുന്നു. നവംബർ 24ന് ഷാഹി ജുമാ മസ്ജിദിന് സമീപം പ്രതിഷേധക്കാർ ഒത്തുകൂടി സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടിയതിനെ തുടർന്നാണ് രണ്ടാം സർവേയ്ക്കിടെ അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തിൽ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.