
രാജ്യത്ത് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടു
ഇന്ത്യയില്‍ യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) സേവനങ്ങള്‍ തടസ്സപ്പെട്ടു. അനവധി ഉപയോക്താക്കള്‍ ഇടപാടുകള്‍ പരാജയപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടവിട്ട് ഉണ്ടാകുന്ന സാങ്കേതിക പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നതായി യുപിഐ സേവനങ്ങള്‍ നല്‍കുന്ന നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പറഞ്ഞു.
എന്‍പിസിഐയുടെ സംവിധാനത്തില്‍ ഇടവിട്ടുണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് യുപിഐ ഇടപാടുകള്‍ തടസ്സപ്പെടാന്‍ കാരണമെന്ന് കോര്‍പറേഷന്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു.
ചെറിയ തുക പോലും കൈമാറാന്‍ പറ്റാത്തവിധം യുപിഐ ഇടപാടുകള്‍ പരാജയപ്പെടുന്നതായി അനവധി ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പണം സ്വീകരിക്കുന്ന വ്യക്തിയുടെ ബാങ്ക് ശൃംഖല പ്രവര്‍ത്തനരഹിതമാണ്. നിങ്ങളുടെ പണം സ്വീകരിക്കുന്ന വ്യക്തിയുടെ ബാങ്കിലേക്ക് ഇടപാട് നടത്താന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. ദയവായി മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പണം അയക്കാന്‍ ശ്രമിക്കുക എന്ന സന്ദേശമാണ് ലഭിക്കുന്നത്.
ചെറിയ പണമിടപാടുകള്‍ക്കായി ജനങ്ങള്‍ യുപിഐയെ സ്വീകരിച്ചതിനുശേഷമുള്ള മൂന്നാമത്തെ ഏറ്റവും വലിയ തടസ്സാണ് ഇന്നുണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസവും യുപിഐ സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നു.