പ്രവേഷ് ശുക്ലയുടെ വീട് | PHOTO: TWITTER
യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; പ്രതിയുടെ വീട് പുനഃർനിർമ്മിക്കുമെന്ന് ബ്രാഹ്‌മണ സമാജം
മധ്യപ്രദേശിൽ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച കേസിലെ പ്രതി പ്രവേഷ് ശുക്ലയുടെ വീട് പുനഃർനിർമ്മിച്ചു നൽകും എന്ന് ബ്രഹ്‌മണ സമാജം. ബിജെപി നേതാവായ പ്രവേഷ് ശുക്ലയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് പോലീസ് ഇടിച്ചുനിരത്തുകയിരുന്നു. കുബ്രി ഗ്രാമത്തിലെ പ്രതിയുടെ വീട് പൊളിച്ചു കളഞ്ഞതിൽ ബ്രാഹ്‌മണ സമാജം പ്രതിഷേധവും സംഘടിപ്പിച്ചു. വീട് പുനഃർനിർമ്മിച്ചു കൊടുക്കുന്നതിനായി സമാജത്തിന്റെ നേത്യത്വത്തിൽ പണം പിരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രവേഷ് ശുക്ലയുടെ വീട് തകർത്ത നടപടിക്കെത്തിരെ മധ്യപ്രദേശ് ഹൈക്കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സമാജം സംസ്ഥാന പ്രസിഡന്റ് പുഷ്പേന്ദ്ര മിശ്ര പറഞ്ഞു. ധനസഹായമായി 51,000 രൂപ കുടുംബത്തിന് നൽകിയിട്ടുണ്ട്.
പ്രതി ചെയ്ത കുറ്റത്തിന് വീട്ടുകാരെ ഉപദ്രവിക്കുന്നത് ശരിയലെന്നും, മകൻ കുറ്റം ചെയ്തത്തിന് വീട്ടുകാരെ ശിക്ഷിക്കുന്നത് എന്തിനാണ്, ഒരു തെറ്റും ചെയ്യാതെയാണ് തങ്ങളുടെ കുടുംബം ശിക്ഷിക്കപ്പെടുന്നതെന്നും പ്രവേഷ് ശുക്ലയുടെ പിതാവ് രമാകാന്ത് ശുക്ല പറഞ്ഞു.
നിലത്തിരിക്കുന്ന ആദിവാസി യുവാവിന്റെ മുഖത്ത് പുകവലിച്ചുകൊണ്ട് പ്രവേശ് ശുക്ല മൂത്രമൊഴിക്കുന്ന ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ദൃശ്യം പ്രചരിച്ചതോടെ ഇയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. ഏതാനും മാസങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായതിനു ശേഷം മാത്രമാണ് പോലീസ് കേസെടുക്കാൻ തയ്യാറായതെന്ന് മധ്യപ്രദേശ് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
വീട് നിർമ്മിച്ചത് അനധികൃതമായെന്ന് സർക്കാർ
പ്രതിയായ ശുക്ല അനധികൃതമായാണ് വീട് നിർമിച്ചത് എന്നാണ് മധ്യപ്രദേശ് സർക്കാർ പറയുന്നത്. പ്രതിയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോഴാണ് അനധികൃത നിർമ്മാണം ശ്രദ്ധയിൽപ്പെട്ടത്. അതോടെ ജില്ലാ ഭരണകൂടം വീടിന്റെ ഒരു ഭാഗം ഇടിച്ചു നിരത്തിയത്. പർവേശ് ശുക്ലയുടെ ഭാര്യയും മൂന്ന് വയസ്സുള്ള മകളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇത്തരം ഹീനകൃത്യങ്ങൾ ചെയ്യുന്നവർ പത്ത് തവണ ചിന്തിക്കുന്നത് നല്ലതാണെന്നും, കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
യുവാവിന്റെ കാൽ കഴുകി മധ്യപദേശ് മുഖ്യമന്ത്രി
പ്രവേഷ് ശുക്ലയുടെ അധിക്രമത്തിനിരയായ ദശരഥ് റാവത്ത് എന്ന യുവാവിന്റെ കാൽ കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി. വ്യാഴാഴ്ച യുവാവിന്റെ ഇരു പാദങ്ങളും കഴുകിയ ശേഷം വലിയൊരു ഹാരം കഴുത്തിലിടുകയും ഷാൾ അണിയിച്ച് ആദരിക്കുകയും ചെയ്തു. സ്വർണനിറത്തിലുള്ള ഗണപതി വിഗ്രഹമടക്കമുള്ള സമ്മാനങ്ങളും നൽകി. ആ വീഡിയോ കണ്ട് ഞാൻ വേദനിച്ചു, ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. ആളുകളെ ഞാൻ ദൈവത്തെ പോലെയാണ് കാണുന്നത് എന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി.