TMJ
searchnav-menu
post-thumbnail

TMJ Daily

യുഎസ് വ്യോമസേനാ വിമാനം മോസ്‌കോയില്‍; ഊഹാപോഹങ്ങള്‍ ശക്തം

16 Feb 2025   |   1 min Read
TMJ News Desk

ഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ യുഎസ് വ്യോമസേനയുടെ വിമാനം ഇറങ്ങി. രഹസ്യ നയതന്ത്ര ദൗത്യവുമായിട്ടാണ് വിമാനം എത്തിയതെന്ന് കരുതുന്നു. യുക്രെയ്ന്‍ യുദ്ധം അടക്കം പ്രധാനപ്പെട്ട ആഗോള വിഷയങ്ങളില്‍ യുഎസും റഷ്യയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നതിന് ഇടയിലാണ് വ്യോമസേന വിമാനം അപ്രതീക്ഷിതമായി മോസ്‌കോയില്‍ ഇറങ്ങിയത്.

09-0525 എന്ന ടെയില്‍ നമ്പരുള്ള ഗള്‍ഫ്‌സ്ട്രീം സി37ബി എന്ന വിമാനമാണ് ഫെബ്രുവരി 13ന് പ്രാദേശിക സമയം രാത്രി 10.50ന് മോസ്‌കോയിലെ വ്‌നുകോവോ വിമാനത്താവളത്തില്‍ ഇറങ്ങിയത്. യുഎസിലെ മേരിലാന്‍ഡിലെ ക്യാമ്പ് സ്പ്രിങ്‌സില്‍ നിന്നുമുള്ള യുഎസ് പ്രതിരോധ വകുപ്പിന്റെ കേന്ദ്രത്തില്‍ നിന്നുമാണ് വിമാനം യാത്ര ആരംഭിച്ചതെന്ന് ഫ്‌ളൈറ്റ്‌റഡാര്‍24ലെ വിവരങ്ങള്‍ കാണിക്കുന്നു. റോട്ടര്‍ഡാമില്‍ കുറച്ചുനേരത്തേക്ക് ഇറങ്ങിയ വിമാനം തുടര്‍ന്ന് മോസ്‌കോയിലേക്ക് പറന്നു. ഒരു മണിക്കൂറോളം വിമാനത്താവളത്തില്‍ തങ്ങിയ വിമാനം പോളണ്ടിലെ വാഴ്‌സയിലേക്ക് പോയി.

ഉന്നത ഉദ്യോഗസ്ഥരുടെ യാത്രയ്ക്കും സെന്‍സിറ്റീവ് ദൗത്യങ്ങള്‍ക്കും ഉപയോഗിക്കുന്ന തരം വിമാനമാണിത്. എന്നാല്‍, വിമാനത്തിലെ യാത്രക്കാരെയോ സന്ദര്‍ശന ലക്ഷ്യമോ സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകള്‍ വന്നിട്ടില്ല.

ഈ ദൗത്യത്തെക്കുറിച്ച് അനവധി കിംവദന്തികള്‍ പരക്കുന്നുണ്ട്.

യുഎസും റഷ്യയും തമ്മിലുള്ള നയതന്ത്ര, സുരക്ഷാ വിഷയങ്ങളിലെ ഉന്നതതല ചര്‍ച്ചകളുമായി ഈ വിമാന യാത്രയ്ക്ക് ബന്ധമുണ്ടാകാമെന്ന് ചില വിദഗ്ദ്ധര്‍ കരുതുന്നു.

 അമേരിക്കയുടെ അല്ലെങ്കില്‍ റഷ്യയുടെ തടവുകാരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് സമാനമായ ഉന്നതതല സന്ദര്‍ശനങ്ങള്‍ മുമ്പ് നടന്നിട്ടുണ്ട്.

യുക്രെയ്ന്‍ യുദ്ധവുമായി ബന്ധപ്പെട്ട സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ എത്തിയതാകാമെന്നും ചിലര്‍ കരുതുന്നു. ഭാവിയിലെ യുഎസ്- റഷ്യ ചര്‍ച്ചകള്‍ക്കുള്ള തയ്യാറെടുപ്പിനായി എത്തിയതും ആകാം.

ജനുവരി 12ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടന്ന ടെലഫോണ്‍ സംഭാഷണത്തില്‍ റഷ്യയുടെ വിജയ ദിന ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ട്രംപിനെ പുടിന്‍ ക്ഷണിച്ചിരുന്നു. എന്നാല്‍, ട്രംപ് ആഘോഷത്തില്‍ പങ്കെടുത്തോ എന്നത് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. ഈ സംഭാഷണത്തില്‍ യുക്രെയ്ന്‍, ഊര്‍ജ്ജം, നിര്‍മ്മിത ബുദ്ധി, ആഗോള സാമ്പത്തിക വിഷയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു.


#Daily
Leave a comment