
യുഎസും ചൈനയും തീരുവകള്‍ 115% വീതം കുറയ്ക്കും
ആഗോള വ്യാപാരത്തെ മുഴുവന്‍ തകിടം മറിച്ച യുഎസ്, ചൈന തീരുവ യുദ്ധത്തിന് താല്‍ക്കാലിക വിരാമം കുറിച്ചു കൊണ്ട് തീരുവകള്‍ 115 ശതമാനം വീതം കുറയ്ക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന ദ്വിദിന ചര്‍ച്ചകളുടെ ഫലമായിട്ടാണ് തീരുമാനം. ബുധനാഴ്ച്ച മുതല്‍ 90 ദിവസത്തേയ്ക്ക് ചരക്കുകളുടെ മേലുള്ള തീരുവ കുറയ്ക്കും.
ചൈനീസ് ചരക്കുകളുടെ മേല്‍ 30 ശതമാനവും യുഎസ് ചരക്കുകളുടെ മേല്‍ 10 ശതമാനവും ആണ് പുതിയ തീരുവ. യുഎസ് ചൈനയുടെ മേല്‍ 145 ശതമാനവും ചൈന യുഎസിനുമേല്‍ 125 ശതമാനവും തീരുവകളാണ് ഏര്‍പ്പെടുത്തിയിരുന്നത്. 30 ശതമാനമെന്നത് ഉയര്‍ന്ന തീരുവയാണെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ലോകത്തിന്റെ പൊതുതാല്‍പര്യത്തിനുവേണ്ടിയാണ് തീരുവ കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് ചൈന പറഞ്ഞു.
അതേസമയം, നിലവില്‍ കൂടുതല്‍ ചര്‍ച്ചകള്‍ എന്നായിരിക്കുമെന്നതില്‍ തീരുമാനം ആയിട്ടില്ല. അതേസമയം, സാമ്പത്തിക, വ്യാപാര ചര്‍ച്ചകള്‍ തുടരുന്നതിനായി ഒരു സംവിധാനം സ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചുവെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
ഈ സംവിധാനത്തില്‍ യുഎസിനെ സ്‌കോട്ട് ബസന്തും ചൈനയെ ഹി ലൈഫെങും പ്രതിനിധീകരിക്കും. കൂടുതല്‍ ചര്‍ച്ചകള്‍ യുഎസിലോ ചൈനയിലോ അല്ലെങ്കില്‍ മൂന്നാമതൊരു രാജ്യത്തിലോ വച്ച് നടക്കും.


