
യുഎസും യുക്രെയ്‌നും ധാതു കരാറില്‍ ഒപ്പുവച്ചു
ധാതു വിഭവ ശേഖരം ഭാവിയില്‍ വില്‍ക്കുമ്പോഴുള്ള ലാഭം പങ്കുവയ്ക്കുന്നതിനുള്ള കരാറില്‍ യുക്രെയ്ന്‍ യുഎസുമായി ഒപ്പുവച്ചു. മാസങ്ങള്‍ നീണ്ട സംഘര്‍ഷഭരിതമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാറിലെത്തിയത്.
റഷ്യ യുദ്ധത്തില്‍ തകര്‍ത്ത യുക്രെയ്‌നിന്റെ സാമ്പത്തിക തിരിച്ചുവരവിനായി ഒരു പുനര്‍നിര്‍മ്മാണ ഫണ്ട് സ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും തമ്മില്‍ തീരുമാനിച്ചു. യുക്രെയ്‌നില്‍ ദീര്‍ഘകാല സമാധാനവും സമ്പല്‍സമൃദ്ധിയും നിലനിര്‍ത്താന്‍ ഇരുരാഷ്ട്രങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് ട്രഷററി സെക്രട്ടറി സ്‌കോട്ട് ബസന്ത് പറഞ്ഞു. യുഎസ് സൈനിക സഹായം ലഭിക്കുന്നതിന് യുക്രെയ്‌ന് ഈ കരാര്‍ നിര്‍ണ്ണായകമായിരുന്നു.
ഗ്രാഫൈറ്റ്, ടൈറ്റാനിയം, ലിഥിയം പോലുള്ള പ്രധാനപ്പെട്ട ധാതുക്കളുടെ വന്‍തോതിലെ ശേഖരം യുക്രെയ്‌നിന്റെ കൈയില്‍ ഉണ്ട്. പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം, സൈനിക ആവശ്യങ്ങള്‍, വ്യവസായ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയിലെ ഉപയോഗങ്ങള്‍ക്ക് ആവശ്യമുള്ളവയാണ് ഇവ.
നിലവില്‍ ലോകത്തിലെ അപൂര്‍വ ലോഹങ്ങളുടെ ശേഖരത്തിന്റെ 90 ശതമാനവും ഉള്ള ചൈനയുമായി യുഎസ് വ്യാപാര യുദ്ധത്തില്‍ ഏര്‍പ്പെടുന്ന സാഹചര്യത്തിലാണ് യുക്രെയ്‌നുമായുള്ള കരാര്‍ നിലവില്‍ വരുന്നത്. യുക്രെയ്‌നിന്റെ വളര്‍ച്ചാ ആസ്തികളെ തുറക്കാന്‍ ഈ കരാര്‍ സഹായിക്കുമെന്ന് യുഎസ് ട്രഷററി സെക്രട്ടറി പറഞ്ഞു.


