
യെമനിലെ ഹൂതികള്‍ക്കുനേരെ യുഎസ് ആക്രമണം: 31 പേര്‍ കൊല്ലപ്പെട്ടു
ചെങ്കടലില്‍ അമേരിക്കന്‍ കപ്പലുകള്‍ക്കുനേരെ ഹൂതികള്‍ നടത്തുന്ന ആക്രമണത്തിന് തിരിച്ചടിയായി യുഎസ് യെമനില്‍ ഹൂതികള്‍ക്കെതിരെ നടത്തിയ സൈനിക നടപടിയില്‍ 31 പേര്‍ കൊല്ലപ്പെട്ടു. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി ചുമതലയേറ്റശേഷം മദ്ധ്യേഷ്യയില്‍ നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയാണിത്.
ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ രാഷ്ട്രീയ വിഭാഗം ആക്രമണത്തെ യുദ്ധക്കുറ്റം എന്ന് വിശേഷിപ്പിച്ചു. ഇറാന്‍ ഹൂതികള്‍ക്ക് നല്‍കുന്ന പിന്തുണ ഉടനടി പിന്‍വലിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇറാന്‍ യുഎസിനെ ഭീഷണിപ്പെടുത്തിയാല്‍ മറുപടി പറയിക്കുമെന്നും ട്രംപ് പറഞ്ഞു. ആക്രമണം ആഴ്ചകളോളം തുടരുമെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങളുടെ സമയം കഴിഞ്ഞുവെന്നും ഇന്ന് മുതല്‍ നിങ്ങള്‍ ആക്രമണം നിര്‍ത്തണമെന്നും ഹൂതികളോട് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.
യുഎസ് ആക്രമണത്തില്‍ 101 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്ന് ഹൂതികളുടെ ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു. അടിക്ക് തിരിച്ചടി നല്‍കാന്‍ പൂര്‍ണമായും തയ്യാറാണെന്നും ഹൂതികള്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഹൂതികളുടെ സ്വാധീന മേഖലയിലെ ഒരു കെട്ടിടത്തില്‍ ആക്രമണമുണ്ടായതായി സനയിലെ നിവാസികള്‍ പറയുന്നു. യെമനിലെ തെക്ക് പടിഞ്ഞാറന്‍ നഗരമായ ടെയ്‌സിലെ ഹൂതി സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടന്നു. ദഹ്യാന്‍ നഗരത്തിലെ വൈദ്യുതനിലയത്തിനു നേരെ നടത്തിയ ആക്രമണത്തില്‍ നഗരത്തിലെ വൈദ്യുതി നിലച്ചു. ഹൂതികളുടെ നേതാവായ അബ്ദുള്‍ മാലിക് അല്‍ ഹൂതി സന്ദര്‍ശകരെ സ്വീകരിക്കുന്നത് ദഹ്യാനില്‍ വച്ചാണ്.
2023നുശേഷം ഹൂതികള്‍ യുഎസിന്റെ യുദ്ധകപ്പലുകള്‍ക്കുനേരെ 174 തവണയും വാണിജ്യ കപ്പലുകള്‍ക്കുനേരെ 145 തവണയും ആക്രമണം നടത്തിയെന്ന് പെന്റഗണ്‍ വക്താവ് പറഞ്ഞു. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി പാലസ്തീനുകാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ആക്രമണം നടത്തുന്നത് ഹൂതികള്‍ പറയുന്നു.


