
റഷ്യക്ക് ഡ്രോണുകൾ നിർമ്മിക്കുന്ന ചൈനീസ് കമ്പനികൾക്ക് വിലക്കേർപ്പെടുത്തി യുഎസ്
യുക്രൈൻ യുദ്ധത്തിൽ റഷ്യ ഉപയോഗിച്ച ദീർഘദൂര ആക്രമണത്തിനുതകുന്ന ഡ്രോണുകൾ നിർമ്മിക്കാനും വികസിപ്പിക്കാനും റഷ്യയെ സഹായിച്ചതിന്, ചൈനീസ് കമ്പനികൾക്കുനേരെ ഉപരോധം ഏർപ്പെടുത്തി യുഎസ്. ലോംഗ് റേഞ്ച് ഡ്രോണുകളുടെ നിർമ്മാണത്തിൽ പങ്കാളികളായതിന് രണ്ട് ചൈനീസ് കമ്പനികൾ ഉൾപ്പടെ മൂന്ന് സ്ഥാപനങ്ങൾക്കും ഒരു വ്യക്തിക്കുമെതിരെയാണ് യുഎസ് നടപടി. റഷ്യയുടെ ഗാർപിയ സീരീസിലുള്ള ഡ്രോണുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് സിയാമെൻ ലിംബാച്ച് എയർക്രാഫ്റ്റ് എഞ്ചിൻ, റെഡ്ലെപസ് വെക്ടർ ഇൻഡസ്ട്രി ഷെൻഷെൻ എന്നീ ചൈനീസ് കമ്പനികൾക്കും, റഷ്യൻ സ്ഥാപനമായ ടിഎസ്‌കെ വെക്ടറിനും, വെക്ടർ ജനറൽ ഡയറക്ടറായ ആർതേം മിഖൈലോവിച്ച് യാംഷിക്കോവിനുമാണ് യുഎസ് ഉപരോധം ഏർപ്പെടുത്തിയത്.
യുക്രൈനിനെതിരായ റഷ്യയുടെ യുദ്ധം നിലനിർത്തുവാനായി റഷ്യയുടെ സൈനിക-വ്യാവസായിക നടപടികൾക്ക് ചൈന പിന്തുണ നൽകുന്നുവെന്ന് യുഎസ് മുമ്പ് ആരോപിച്ചിരുന്നു.
റഷ്യൻ ഗാർപിയ സീരീസ് ലോംഗ് റേഞ്ച് ആക്രമണ ഡ്രോണുകൾ വികസിപ്പിക്കുന്നതിലും, അവ ചൈനയിൽ ഉൽപ്പാദിപ്പിക്കുന്നതിലും, നേരിട്ട് റഷ്യയിലേക്ക് അയയ്ക്കുന്നതിലും ഈ സ്ഥാപനങ്ങൾ ഏർപ്പെട്ടിട്ടുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
റഷ്യൻ പ്രതിരോധ സ്ഥാപനങ്ങളുമായി സഹകരിച്ച് ചൈനയിൽ രൂപകല്പന ചെയ്ത് നിർമ്മിച്ച റഷ്യയുടെ ഗാർപിയ സീരീസ് ലോംഗ് റേഞ്ച് ആക്രമണ ഡ്രോൺ, യുക്രൈൻ യുദ്ധത്തിൽ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുകയും വൻതോതിലുള്ള നാശനഷ്ടങ്ങൾക്ക് കാരണമായതായും സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു.
എന്നാൽ അമേരിക്കയുടെ ആരോപണങ്ങൾ തെറ്റാണെന്ന് വാഷിംഗ്ടണിലെ ചൈനീസ് എംബസി അറിയിച്ചു. റഷ്യയുമായുള്ള ചൈനയുടെ വ്യാപാരം ലോക വ്യാപാര സംഘടനയുടെ നിയമങ്ങളും, വിപണി തത്വങ്ങളും അനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് എംബസി അവകാശപ്പെട്ടു.
റഷ്യയെ ചൈനയും, ഉത്തര കൊറിയയും സഹായിക്കുന്നുവെന്ന് വ്യാഴാഴ്ച നടന്ന യൂണിയൻ കൗൺസിലിൽ വൊളൊഡിമിർ സെലെൻസ്കി ആരോപിച്ചിരുന്നു. തുടർന്നാണ് ഉപരോധ നടപടിയുമായി യുഎസ് മുന്നോട്ട് വന്നത്.