
41 രാജ്യക്കാര്‍ക്ക് യുഎസില്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തുന്നു
പാകിസ്താനും അഫ്ഗാനിസ്താനും അടക്കം 41 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് യുഎസ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നു. സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി മൂന്ന് വിഭാഗങ്ങളിലായി തിരിച്ചാണ് വിലക്ക് വരുന്നത്.
ആദ്യ ഗ്രൂപ്പില്‍ അഫ്ഗാനിസ്താന്‍, ഇറാന്‍, സിറിയ, ക്യൂബ, വടക്കന്‍ കൊറിയ അടക്കം 10 രാജ്യങ്ങളുണ്ട്. ഈ രാജ്യത്തെ പൗരന്‍മാര്‍ക്ക് വിസ ലഭിക്കുകയില്ല.
രണ്ടാമത്തെ ഗ്രൂപ്പില്‍ എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാന്‍മാര്‍, ദക്ഷിണ സുഡാന്‍ എന്നീ അഞ്ച് രാജ്യങ്ങള്‍ക്ക് ഭാഗികമായ വിലക്കാണ് ഏര്‍പ്പെടുത്തുന്നത്. ഈ രാജ്യങ്ങള്‍ക്ക് നല്‍കിയിരുന്ന ടൂറിസം, വിദ്യാര്‍ത്ഥി, കുടിയേറ്റ വിസകളെ ബാധിക്കും.
മൂന്നാമത്തെ ഗ്രൂപ്പില്‍ ബെലാറസ്, പാകിസ്താന്‍, തുര്‍ക്ക്‌മെനിസ്താന്‍ അടക്കം 26 രാജ്യങ്ങളാണുള്ളത്. ഈ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ 60 ദിവസത്തിനുള്ളില്‍ സുരക്ഷാപ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വിസ അനുവദിക്കുന്നതില്‍ ഭാഗികമായ വിലക്കേര്‍പ്പെടുത്തും.
ഭരണകൂടം അന്തിമാനുമതി നല്‍കിയിട്ടില്ലാത്തതിനാല്‍ ഈ ഗ്രൂപ്പുകളിലെ രാജ്യങ്ങള്‍ക്ക് മാറ്റം വന്നേക്കാം.
ഒന്നാം ട്രംപ് ഭരണകൂടം ഏഴ് മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. യുഎസില്‍ അഡ്മിഷന് ശ്രമിക്കുന്ന വിദേശികളുടെ വിസ കര്‍ശന സുരക്ഷ പരിശോധനകള്‍ക്കുശേഷം നല്‍കിയാല്‍ മതിയെന്ന് ഈ വര്‍ഷം ജനുവരി 20ന് ട്രംപ് ഉത്തരവിട്ടിരുന്നു.