
യുഎസ്- ചൈന വ്യാപാര യുദ്ധ വിരാമം; ഓഹരി വിപണികളില്‍ കുതിപ്പ്
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് താല്‍ക്കാലിക വിരാമം കുറിച്ചതിനെ തുടര്‍ന്ന് ആഗോള ഓഹരി വിപണികളില്‍ മുന്നേറ്റം. ഇരുരാജ്യങ്ങളും 90 ദിവസത്തേക്ക് തീരുവ കുറയ്ക്കാന്‍ ജനീവ ചര്‍ച്ചകളില്‍ തീരുമാനിച്ചിരുന്നു.
യുഎസിലെ എസ് ആന്‍ഡ് പി 5,500 മാര്‍ച്ച് 3ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലും ടെക് ഓഹരികള്‍ക്ക് മുന്‍തൂക്കമുള്ള നാസ്ദാക്ക് ഫെബ്രുവരി 28ന് ശേഷമുള്ള ഉയര്‍ന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു.
ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയിരുന്ന 145 ശതമാനം ഇറക്കുമതി തീരുവ 30 ശതമാനവും അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ചൈന ഏര്‍പ്പെടുത്തിയ ഇറക്കുമതി തീരുവ 125 ശതമാനത്തില്‍നിന്നും 10 ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചിരുന്നു. തീരുമാനം മെയ് 14 മുതല്‍ നിലവില്‍ വരും.
ഡോളറിന്റെ മൂല്യം ഉയര്‍ന്നപ്പോള്‍ സ്വര്‍ണ്ണത്തിന്റെ വിലയിടിഞ്ഞു. ട്രംപ് ലോകരാജ്യങ്ങള്‍ക്ക് നേരെ പ്രഖ്യാപിച്ച് നടപ്പിലാക്കിയിരുന്ന തീരുവ യുദ്ധങ്ങള്‍ മൂലം സ്വര്‍ണ്ണത്തിന്റെ വില കുതിച്ചു കയറിയിരുന്നു.
എസ് ആന്‍ഡ് പി 3.3 ശതമാനമാണ് ഉയര്‍ന്നത്. ഹോങ്കോങിലെ ഹാങ് സെങ് സൂചിക 3 ശതമാനം ഉയര്‍ന്നപ്പോള്‍ യൂറോപ്പിലെ സ്റ്റോക്‌സ് 600 സൂചിക ഒരു ശതമാനത്തില്‍ അധികം ഉയര്‍ന്നു. ആഗോള സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ച് എണ്ണ വിലകളും 2 ശതമാനം നേട്ടം കൈവരിച്ചു.
ആഗോള വ്യാപാരത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള കമ്പനികളുടെ ഓഹരികളാണ് ഉയര്‍ന്നത്. ഷിപ്പിങ് കമ്പനികളുടെ ഓഹരി വില 10 ശതമാനത്തില്‍ അധികം കുതിച്ചു.


