TMJ
searchnav-menu
post-thumbnail

TMJ Daily

ടൈറ്റന്‍ ദുരന്തം: മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി യുഎസ് കോസ്റ്റ് ഗാര്‍ഡ്

29 Jun 2023   |   3 min Read
TMJ News Desk

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ സഞ്ചാരികളുമായി പോയി അപകടത്തില്‍പ്പെട്ട ടൈറ്റന്‍ സമുദ്ര പേടകത്തിന്റെ അവശിഷ്ടങ്ങളില്‍ മനുഷ്യശരീരത്തിന്റെ ഭാഗങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട്. യുഎസ് കോസ്റ്റ് ഗാര്‍ഡാണ് ഇതു സംബന്ധിച്ച സ്ഥിരീകരണം നടത്തിയിരിക്കുന്നത്. പേടകത്തിന്റെ അവശിഷ്ടങ്ങള്‍ സംബന്ധിച്ച് വിശദ പരിശോധനയുണ്ടാകുമെന്നും അതിലൂടെ ദുരന്തത്തിന്റെ കാരണം വ്യക്തമാകുമെന്നുമാണ് പ്രതീക്ഷയെന്നും യുഎസ് കോസ്റ്റ് ഗാര്‍ഡ് വെളിപ്പെടുത്തി.

സമുദ്രോപരിതലത്തില്‍ നിന്നും 3,658 മീറ്റര്‍ ആഴത്തിലാണ് ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രഭാഗത്ത് നിന്നാണ് പേടകാവശിഷ്ടങ്ങള്‍ ലഭിച്ചത്. ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകാന്‍ ഇനിയും സമയമെടുക്കും. കാരണം കണ്ടെത്തുന്നതിലൂടെ ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ കഴിയുമെന്നും അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് ചീഫ് ക്യാപ്റ്റന്‍ ജാസണ്‍ ന്യൂബര്‍ പറഞ്ഞു. 

പേടകത്തില്‍ കണ്ടെത്തിയ മനുഷ്യാവശിഷ്ടങ്ങള്‍ യുഎസിലെത്തിക്കും. ആരോഗ്യപ്രവര്‍ത്തകര്‍ ഇത് പരിശോധിക്കും. ദുരന്തം സംബന്ധിച്ച അന്വേഷണം നടത്തുന്ന മറൈന്‍ ബോര്‍ഡും പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തിനു പിന്നാലെ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നടത്തിയ തിരച്ചിലിനിടെ കണ്ടെത്തിയ അവശിഷ്ടങ്ങളാണ് തീരത്ത് എത്തിച്ചത്. ടൈറ്റാനിക്കിന് സമീപം പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കാനഡയിലെ സെന്റ് ജോണ്‍സില്‍ എത്തിച്ചിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ലാന്‍ഡിംഗ് ഫ്രെയിമും പിന്‍കവറും കണ്ടെത്തി.

ടൈറ്റാനിക്കിന്റെ വഴിയെ ടൈറ്റനും

1912 ല്‍ 2200 യാത്രക്കാരുമായി അറ്റ്‌ലാന്റിക് സമുദ്രത്തില്‍ മഞ്ഞുമലയില്‍ ഇടിച്ച് തകര്‍ന്ന് മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ 1985 ലാണ് കണ്ടെത്തിയത്. നൂറ്റാണ്ടിലേറെയായി കടലിന്റെ അടിത്തട്ടില്‍ കിടക്കുന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ ടൈറ്റന്‍ എന്ന സമുദ്ര പേടകം ജൂണ്‍ 18 നാണ് അപകടത്തില്‍പ്പെട്ടത്. അന്തര്‍വാഹിനിയിലുണ്ടായ അഞ്ചുപേരും മരിച്ചതായാണ് ഓഷ്യന്‍ഗേറ്റിന്റെ സ്ഥിരീകരണം. ബ്രിട്ടീഷ് വ്യവസായി ഹമീഷ് ഹാര്‍ഡിങ്, പാകിസ്ഥാനില്‍ നിന്നുള്ള വ്യവസായി ഷഹ്‌സാദ് ദാവൂദ്, മകന്‍ സുലൈമാന്‍ ദാവൂദ്, ഓഷ്യന്‍ഗേറ്റ് കമ്പനി സിഇഒ സ്‌റ്റോക്‌റ്റോണ്‍ റഷ്, ഫ്രഞ്ച് പര്യവേഷകന്‍ പോള്‍ ഹെന്ററി നാര്‍ജിയോലെറ്റ് എന്നിവരാണ് അന്തര്‍വാഹിനിയില്‍ ഉണ്ടായിരുന്നത്. യുഎസ്, കാനഡ, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ് അധികൃതര്‍. ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് എന്ന മറൈന്‍ കമ്പനിയാണ് കടലിന്റെ അടിത്തട്ടില്‍ തകര്‍ന്നുകിടക്കുന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്ര ഒരുക്കിയത്. ലോകത്തില്‍ തന്നെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏക സമുദ്രപേടകമായിരുന്നു ടൈറ്റന്‍. 

സമുദ്ര പേടകത്തിന് സമുദ്രോപരിതലത്തില്‍ ഉണ്ടായിരുന്ന കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടത് യാത്ര തുടങ്ങി ഒരു മണിക്കൂര്‍ 45 മിനിറ്റിനകമായിരുന്നു. പേടകത്തില്‍ ഉള്ളവരുടെ ആരോഗ്യസ്ഥിതി കൃത്യമായി വിലയിരുത്തി മുന്നറിയിപ്പ് നല്‍കാനും, അടിയന്തര ഘട്ടത്തില്‍ സുരക്ഷിതമായി സമുദ്രോപരിതലത്തിലേക്ക് തിരിച്ചെത്താനും കഴിയുന്ന സംവിധാനങ്ങള്‍ പേടകത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ കപ്പലുമായി ബന്ധം വിച്ഛേദിക്കപ്പെട്ടശേഷം ടൈറ്റനില്‍ നിന്ന് ഒരു സൂചനയും ലഭിച്ചില്ല. അന്തര്‍വാഹിനിയിലുള്ളവരെ സുരക്ഷിതമായി കണ്ടെത്താനും രക്ഷിക്കാനും ഉള്ള സാധ്യതകള്‍ വളരെ കുറവാണെന്ന മുന്നറിയിപ്പ് വിദഗ്ധര്‍ നല്കിയിരുന്നു.

അപകടത്തില്‍പ്പെട്ട അന്തര്‍വാഹിനിക്ക് നേരത്തെയും സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചിരുന്നതായും പറയപ്പെടുന്നു. 2018 ല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ടൈറ്റാനിക് പര്യവേഷണ കമ്പനിയായ ഓഷ്യന്‍ഗേറ്റിന് യുഎസ് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് വിവരം. 2021 ല്‍ ആയിരുന്നു ഓഷ്യന്‍ ഗേറ്റ് എക്‌സ്‌പെഡിഷന്‍സ്, ഈ അന്തര്‍വാഹിനി ഉപയോഗിച്ചുള്ള ആദ്യ സമുദ്രാന്തര്‍ ദൗത്യം നടത്തിയത്. അതുപക്ഷേ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ തേടിയുള്ള യാത്ര ആയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ഓഷ്യന്‍ഗേറ്റ് പറയുന്നതനുസരിച്ച് ടൈറ്റന് ഏകദേശം 10,432 കിലോഗ്രാം ഭാരമുണ്ട്. 6.7 മീറ്ററാണ് നീളം. കാര്‍ബണ്‍, ഫൈബര്‍, ടൈറ്റാനിയം എന്നിവ ഉപയോഗിച്ചാണ് ടൈറ്റന്‍ എന്ന അന്തര്‍വാഹിനി നിര്‍മ്മിച്ചിരിക്കുന്നത്. പേടകത്തിന്റെ ഇരുഭാഗത്തുമായി ടൈറ്റാനിയം കവചങ്ങളും എയറോസ്‌പേയ്‌സും ഉണ്ട്. സമുദ്രാന്തര്‍ഭാഗത്ത് 13,123 അടി താഴ്ചയില്‍ ടൈറ്റന് സഞ്ചരിക്കാന്‍ കഴിയുമായിരുന്നു. അതായത് ഏകദേശം 4,000 മീറ്റര്‍ ആഴത്തില്‍ എന്നാണ് കമ്പനിയുടെ അവകാശവാദം.

അവസാന നിമിഷം വരെയും പ്രതീക്ഷ കൈവിടാതെ

അന്തര്‍വാഹിനിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കവെ, കടലിനടിയില്‍ നിന്നും വലിയ ശബ്ദങ്ങള്‍ കേട്ടത് പ്രതീക്ഷ നല്കിയിരുന്നു. ഓരോ 30 മിനിറ്റിലും ശബ്ദം കേള്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും  പേടകത്തെ കണ്ടെത്താനായില്ല. തിരച്ചിലില്‍ പങ്കാളിയായ കനേഡിയന്‍ പി-3 എയര്‍ക്രാഫ്റ്റിനാണ് കടലിനടിയില്‍ നിന്നും മുഴക്കം കേള്‍ക്കാനായത്. സമുദ്രത്തില്‍ നിന്നുവരുന്ന ശബ്ദം യാത്രാ സംഘത്തില്‍ നിന്നുള്ളതാണെന്നും തീര്‍ച്ചയായും അവര്‍ ഓക്സിജനും, ഊര്‍ജവും ഒരേസമയം ശേഖരിച്ചുവയ്ക്കുകയാണെന്നും പ്രമുഖ പര്യവേഷകനായ ക്രിസ് ബ്രൗണ്ട് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ശബ്ദം കേട്ട് ഏറെസമയം കഴിഞ്ഞിട്ടും ശുഭകരമായതൊന്നും കണ്ടെത്താനാവാത്തത് തിരിച്ചടിയാകുമോ എന്ന് ഭയം യുഎസ് കോസ്റ്റ് ഗാര്‍ഡും പ്രകടിപ്പിക്കുകയുണ്ടായി. തിരച്ചിലിനായി കടലിന്റെ എത്ര ആഴത്തിലും എത്താന്‍ കഴിവുള്ള ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധ സംഘവും പേടകത്തിനായുള്ള തിരച്ചിലിന്റെ ഭാഗമായുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ യാത്രികരെ രക്ഷിക്കാനായില്ല.

അടിത്തട്ടിലെ കൂടിയ മര്‍ദവും തണുപ്പും രക്ഷാപ്രവര്‍ത്തനത്തിനും വിലങ്ങുതടിയായിരുന്നു. കടലിന്റെ അടിത്തട്ടില്‍ ടൈറ്റന്‍ കുടുങ്ങിപ്പോയെങ്കില്‍ അതു പൊക്കിയെടുത്ത് ഉപരിതലത്തിലെത്തിക്കുക അസാധ്യമെന്നാണ് വിദഗ്ധര്‍ വിലയിരുത്തിയിരുന്നത്. കനേഡിയന്‍ നാവികസേനയും ഡീപ് എനര്‍ജി എന്ന മറ്റൊരു കപ്പലും അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് വിമാനങ്ങളും നിരീക്ഷണ പറക്കല്‍ നടത്തിയിരുന്നു


Leave a comment