PHOTO: WIKI COMMONS
യുക്രൈന്‍ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കുന്നത് സ്ഥിരീകരിച്ച് അമേരിക്ക
റഷ്യന്‍ സൈന്യത്തിനെതിരെ യുക്രൈന്‍, യുഎസ് നിര്‍മ്മിത ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച വിവരങ്ങള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുക്രൈന്‍ ബോംബുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കന്‍ ദേശീയ സുരക്ഷ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബിയാണ് വിവരങ്ങള്‍ പങ്കു വച്ചത്.
യുക്രൈന്‍ ആയുധശേഖരം വര്‍ധിപ്പിക്കാന്‍ ക്ലസ്റ്റര്‍ ബോംബുകള്‍ വിതരണം ചെയ്യാന്‍ യുഎസ് തയ്യാറാണ്. നൂറിലധികം രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ആയുധമാണ് ക്ലസ്റ്റര്‍ ബോംബുകള്‍. ഒരു ബോംബില്‍ നിന്നും ഒന്നിലധികം ബോംബുകള്‍ വിന്യസിക്കുന്നതാണ് ക്ലസ്റ്റര്‍ ബോംബുകളെ അപകടകാരികളാക്കുന്നത്. സാധാരണക്കാരായ പൗരന്മാര്‍ക്ക് മാരകമായ അപകടങ്ങള്‍ സ്യഷ്ടിക്കുന്നത് മുന്‍നിര്‍ത്തിയാണ് പല രാജ്യങ്ങളും ക്ലസ്റ്റര്‍ ബോംബുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
റഷ്യന്‍ സൈനികരുടെ കേന്ദ്രങ്ങള്‍ നശിപ്പിക്കാന്‍ വേണ്ടി മാത്രമേ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കൂ എന്നാണ് യുക്രൈന്‍ അധികൃതരുടെ വാദം. റഷ്യക്കെതിരെയുള്ള വേനല്‍കാല പ്രത്യാക്രമണത്തില്‍ യുക്രൈന്‍ ആയുധശേഖരം പരിമിതമായിരുന്നു. ഈ കാര്യം മുന്‍നിര്‍ത്തി കൊണ്ട് യുക്രൈന്‍ അമേരിക്കയ്ക്ക് നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ക്ലസ്റ്റര്‍ ബോംബുകള്‍ അയക്കാന്‍ അമേരിക്ക തയ്യാറായത്. ഈ തീരുമാനത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കുറിച്ചത്, ''വളരെ ബുദ്ധിമുട്ടേറിയത്'' എന്നായിരുന്നു. കഴിഞ്ഞ വര്‍ഷം പൂര്‍ണ്ണതോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം സിവിലിയന്‍ പ്രദേശങ്ങളിലുള്‍പ്പെടെ റഷ്യ സമാന സ്വഭാവത്തിലുള്ള ക്ലസ്റ്റര്‍ ബോംബുകള്‍ യുക്രൈനില്‍ പ്രയോഗിച്ചിരുന്നു. അമേരിക്കയുടെ ഈ തീരുമാനത്തിനെതിരെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രതികരിച്ചത്, ഞങ്ങള്‍ക്കെതിരെ ഇത്തരം ആയുധപ്രയോഗം നടത്തിയാല്‍ തിരിച്ചും അതേ രീതിയില്‍ പ്രത്യാക്രമണം ഉണ്ടാകുമെന്നായിരുന്നു. അമേരിക്കയുടെ ഈ തീരുമാനം ലോകരാജ്യങ്ങളുടെ ഇടയിലുണ്ടാക്കുന്ന പ്രത്യാഘാതവും വളരെ വലുതാക്കാന്‍ സാധ്യതയുണ്ട്. എന്തു തന്നെയായാലും വിവാദ ആയുധപ്രയോഗം ഇരുരാജ്യങ്ങള്‍ക്കും സ്യഷ്ടിക്കാന്‍ പോകുന്ന നാശനഷ്ടങ്ങള്‍ കനത്തതായിരിക്കും.
യുക്രൈന്‍ തുറമുഖങ്ങളില്‍ ആക്രമണം ശക്തമാക്കി റഷ്യ
യുക്രൈന്‍ തുറമുഖങ്ങള്‍ക്കു നേരെ റഷ്യ ആക്രമണം ശക്തമാക്കിയിരുന്നു. കരിങ്കടല്‍ ധാന്യകയറ്റുമതി ഉടമ്പടിയില്‍ നിന്നു റഷ്യ പിന്മാറിയതിനു പിന്നാലെയാണ് ആക്രമണം. ഒഡേസയിലെ ഇന്ധന സംഭരണ കേന്ദ്രത്തിനു നേരെയും ആക്രമണം ഉണ്ടായി. മൈക്കോളൈവിലെ തുറമുഖം അഗ്നിക്കിരയായി. വടക്കു കിഴക്കന്‍ മേഖലയില്‍ സൈന്യം രണ്ടു കിലോമീറ്റര്‍ മുന്നേറിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍, റഷ്യയുടെ ആറ് മിസൈലുകളും 31 ഡ്രോണുകളും വെടിവച്ചു വീഴ്ത്തിയതായി യുക്രൈന്‍ വ്യോമസേനയും അവകാശപ്പെട്ടിരുന്നു.
രാജ്യത്തിന്റെ തെക്കന്‍ തുറമുഖമായ ഒഡേസ, മൈക്കോളൈവ്, ഡൊനെറ്റ്‌സ്‌ക്, കെര്‍സണ്‍, സപ്പോരിജിയ, ഡിനിപ്രോപെട്രോവ്‌സ്‌ക് പ്രദേശങ്ങള്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണ ഭീഷണിയിലാണെന്ന് യുക്രൈന്‍ വ്യോമസേന അറിയിച്ചിരുന്നു. റഷ്യ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഏതു നിമിഷവും ആക്രമണം നടത്തിയേക്കാമെന്ന ആശങ്കയിലാണ് യുക്രൈന്‍. അതേസമയം, കരാറില്‍ നിന്നുള്ള റഷ്യയുടെ പിന്മാറ്റം കനത്ത പ്രഹരമാകുമെന്നും ആഗോള ഭക്ഷ്യ പ്രതിസന്ധിക്ക് ആക്കം കൂട്ടുമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കിയിരുന്നു.
അനിശ്ചിതത്തിലുള്ള നാറ്റോ അംഗത്വം
യുക്രൈന് അംഗത്വം നല്‍കുന്നതില്‍ തീരുമാനമാകാതെ നാറ്റോ വാര്‍ഷിക യോഗം നടന്നിരുന്നു. അംഗത്വം നേടുന്നതിനുള്ള വ്യവസ്ഥകള്‍ യുക്രൈന്‍ പാലിക്കുമ്പോള്‍ മാത്രമെ നാറ്റോയിലേക്ക് ക്ഷണിക്കുകയുള്ളൂവെന്ന് സൈനിക സഖ്യം അറിയിച്ചിരുന്നു. യുക്രൈന്റെ ഭാവി നാറ്റോ സഖ്യത്തിലാണെന്ന് പ്രഖ്യാപിക്കുമ്പോഴും, അംഗത്വം എപ്പോള്‍ നല്‍കുമെന്ന് നാറ്റോ നേതാക്കള്‍ വ്യക്തമാക്കിയിട്ടില്ല. നാറ്റോയില്‍ യുക്രൈന്‍ എത്തുന്നത് റഷ്യന്‍ ആക്രമണത്തെ ചെറുക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണെന്ന് ചൂണ്ടികാട്ടി കിഴക്കന്‍ യൂറോപ്പിലെ നാറ്റോ അംഗങ്ങള്‍ യുക്രൈന് പിന്തുണ അറിയിച്ചിരുന്നു. എന്നാല്‍ അമേരിക്ക, ജര്‍മനി പോലുള്ള രാജ്യങ്ങള്‍, ഈ തീരുമാനം റഷ്യയുമായുള്ള നാറ്റോയുടെ നേരിട്ടുള്ള പോരാട്ടത്തിന് കാരണമായേക്കുമെന്ന ആശങ്കയാണ് മുന്നോട്ട് വച്ചിരുന്നത്.
എത്രയും വേഗം യുക്രൈനെ സഖ്യത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളുണ്ടാകുമെന്ന് നാറ്റോ അറിയിച്ചിരുന്നു. എന്നാല്‍, അതിന് സമയപരിധി നിശ്ചയിക്കാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലിത്വാനിയന്‍ തലസ്ഥാനമായ വില്‍നിയസില്‍ നടന്ന സഖ്യരാജ്യങ്ങളുടെ ഉച്ചകോടിയിലാണ് നാറ്റോ നിലപാട് അറിയിച്ചത്.