TMJ
searchnav-menu
post-thumbnail

TMJ Daily

ട്രഷറി രേഖകള്‍ മസ്‌ക് കൈക്കലാക്കുന്നതിനെ യുഎസ് കോടതി തടഞ്ഞു

09 Feb 2025   |   1 min Read
TMJ News Desk

യുഎസ് ട്രഷറി വകുപ്പിന്റെ രേഖകളില്‍ നിന്നും ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ വ്യക്തിഗത സാമ്പത്തിക വിവരങ്ങള്‍ ഇലോണ്‍  മസ്‌കിന്റെ സര്‍ക്കാര്‍ കാര്യക്ഷമത വകുപ്പ് (ഡോജ്) എടുക്കുന്നതിനെ ഫെഡറല്‍ കോടതി തടഞ്ഞു.

യുഎസ് ജില്ലാ ജഡ്ജിയായ പോള്‍ എ എംഗല്‍മേയര്‍ ആണ് മസ്‌കും സംഘവും ട്രഷറി വകുപ്പിന്റെ രേഖകള്‍ കൈക്കലാക്കുന്നതിനെ തടഞ്ഞത്. ഇതുവരെ ആരുടെയെങ്കിലും രേഖകള്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കില്‍ അത് നശിപ്പിക്കാനും മസ്‌കിനോട് ജഡ്ജി ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ ചെലവുകള്‍ കുറയ്ക്കുന്നതിനായി ട്രംപ് ഭരണകൂടം ആരംഭിച്ച ഡോജിനെതിരെ 19 സംസ്ഥാനങ്ങളിലെ അറ്റോര്‍ണി ജനറലുകള്‍ ട്രംപ് ഭരണകൂടത്തിനെതിരെ സ്വീകരിച്ച നിയമനടപടികളാണ് മസ്‌ക് രേഖകള്‍ സ്വന്തമാക്കുന്നതിനെ തടഞ്ഞത്.

പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരനായ മസ്‌കും ഔദ്യോഗിക സര്‍ക്കാര്‍ വകുപ്പ് അല്ലാത്ത ഡോജും ഫെഡറല്‍ നിയമം ലംഘിച്ചതായി സംസ്ഥാനങ്ങള്‍ വാദിക്കുന്നു.

ഈ വിധിയെ 'തീര്‍ച്ചയായും വട്ട്' എന്ന് മസ്‌ക് എക്‌സില്‍ പോസ്റ്റ് ചെയ്തു.

എങ്ങനെ പണം ചെലവഴിച്ചുവെന്ന് പരിശോധിക്കാതെ തട്ടിപ്പും നികുതിദായകരുടെ പണം പാഴാക്കുന്നതും എങ്ങനെ തടയുമെന്നും മസ്‌ക് എഴുതി.

ഡെമോക്രാറ്റുകള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലാണ് ട്രംപിനും ട്രഷറി വകുപ്പിനും ട്രഷറി സെക്രട്ടറി സ്‌കോട്ട് ബസന്തിനും എതിരെ നിയമനടപടി സ്വീകരിച്ചത്.


#Daily
Leave a comment