TMJ
searchnav-menu
post-thumbnail

TMJ Daily

തഹാവൂർ റാണയെ ഇന്ത്യയ്ക്ക് വിട്ടുനൽകാൻ യുഎസ് കോടതി ഉത്തരവ്

18 May 2023   |   2 min Read
TMJ News Desk

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ ഇന്ത്യയ്ക്ക് വിട്ടുനൽകാൻ യുഎസ് കോടതി ഉത്തരവ്. പാക് വംശജനും കനേഡിയൻ വ്യവസായിയുമായ തഹാവൂർ റാണയെ കൈമാറ്റ ഉടമ്പടി പ്രകാരം ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തത്. യുഎസ് സർക്കാർ മുഖേനയുള്ള ഇന്ത്യൻ അഭ്യർത്ഥന കോടതി അംഗീകരിക്കുകയായിരുന്നു. ഇന്ത്യയുടെ അഭ്യർത്ഥനയെ എതിർത്തും അനുകൂലിച്ചും സമർപ്പിച്ച എല്ലാ രേഖകളും കോടതി അവലോകനം ചെയ്തുവെന്ന് കാലിഫോർണിയ മജിസ്‌ട്രേറ്റ് ജഡ്ജി ജാക്വലിൻ ചുൽജിയാൻ ഉത്തരവിൽ പറഞ്ഞു. മുംബൈ ഭീകരാക്രമണക്കേസിൽ 2009 ഒക്ടോബറിലാണ് യുഎസിൽ റാണ അറസ്റ്റിലാവുന്നത്. തടവുശിക്ഷ വിധിക്കപ്പെട്ട് ജയിലിലായിരുന്ന റാണയെ കോവിഡ് ബാധിച്ചതിനെ തുടർന്ന് മോചിപ്പിക്കുകയായിരുന്നു. തുടർന്ന് 2020 ൽ ലൊസാഞ്ചലസിൽ വച്ച് വീണ്ടും അറസ്റ്റ് ചെയ്തു. കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്നാണിത്. യുഎസ് പൗരൻ ഡേവിഡ് ഹെഡ്‌ലിയുമായി ചേർന്ന് ലഷ്‌കറെ ത്വയിബ, ഹർക്കത്തുൽ മുജാഹിദീൻ എന്നീ ഭീകര സംഘടനകൾക്കു വേണ്ടി മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതിനാണ് ഇന്ത്യയിൽ റാണ അന്വേഷണം നേരിടുന്നത്. ഹെഡ്‌ലിയെ യുഎസ് കോടതി മാപ്പുസാക്ഷിയാക്കുകയും 35 വർഷം തടവിന് വിധിക്കുകയുമാണ് ചെയ്തത്.

മുംബൈ ഭീകരാക്രമണം

2008 നവംബർ 26 ന് നടന്ന, വിദേശികളടക്കം 166 പേർ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണം രാജ്യത്തെ മുഴുവനും നടുക്കിയതാണ്. 60 മണിക്കൂറോളം നീണ്ട ഭീകരാക്രമണത്തിൽ 300 ഓളം പേർക്ക് പരിക്കേറ്റു. ഇന്ത്യൻ ഭീകരവിരുദ്ധ സ്‌ക്വാഡ് തലവൻ ഹേമന്ത് കർക്കരെ, പൊലീസ് ഉദ്യോഗസ്ഥനായ വിജയ് സലാസ്‌കർ, അശോക് കാംതെ, മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ എന്നിവർ കൊല്ലപ്പെട്ടു. 

പത്തിടങ്ങളിലാണ് ഭീകരാക്രമണങ്ങൾ നടന്നത്. 2008 നവംബർ 26-ന് തുടങ്ങിയ ഈ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളം പിന്നിട്ട് 2008 നവംബർ 29-ന് ഇന്ത്യൻ ആർമി ആക്രമിക്കപ്പെട്ട സ്ഥലങ്ങൾ തിരിച്ചു പിടിക്കുന്നതു വരെ നീണ്ടുനിന്നു. ദക്ഷിണ മുംബൈയിലാണ്  ആക്രമണങ്ങളിൽ കൂടുതലും നടന്നത്. ഛത്രപതി ശിവജി റെർമിനസ് റെയിൽവേ സ്റ്റേഷൻ, നരിമാൻ പോയിന്റിലെ ഒബ്‌റോയി ട്രിഡന്റ്, ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ടാജ് മഹൽ പാലസ് ടവർ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകൾ, ലിയോപോൾഡ് കഫേ എന്ന മുംബൈയിലെ കൊളാബയിലെ ഒരു ടൂറിസ്റ്റ് റെസ്റ്റോറന്റ് എന്നീ സ്ഥലങ്ങളിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ജീവനോടെ പിടിയിലായ ഏക പ്രതിയായിരുന്നു അജ്മൽ കസബ്. പാകിസ്ഥാൻ പൗരനായ കസബിനെ 2010 മേയ് മൂന്നിനാണ് മുംബൈയിലെ ആർതർ റോഡ് ജയിലിലെ പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത്. രാജ്യത്തിനെതിരായുള്ള യുദ്ധം, ആയുധങ്ങൾ സൂക്ഷിക്കൽ, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. തുടർന്ന് മെയ് ആറിന് കസബിന് വധശിക്ഷ വിധിക്കുകയും 2011 ഫെബ്രുവരി 21 ന് മുംബൈ ഹൈക്കോടതി ഇത് ശരിവെക്കുകയും ചെയ്തു. തുടർന്ന് 2012 ൽ അജ്മൽ കസബിനെ പുനെയിലെ യെർവാദ ജയിലിൽ തൂക്കിലേറ്റി.

മുംബൈയിൽ നടന്ന മറ്റ് സ്‌ഫോടനങ്ങൾ

ദക്ഷിണ മുംബൈയിൽ നടന്ന ഭീകരാക്രമണമല്ലാതെ മറ്റു ചില സംഭവങ്ങളും മുംബൈയിൽ നടന്നിട്ടുണ്ട്. അതിലൊന്നാണ് 2002 ഡിസംബറിൽ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാൻസ്‌പോർട്ടിന്റെ ബസിൽ സീറ്റിനടിയിൽ വച്ച ബോംബ് പൊട്ടിത്തെറിച്ചുണ്ടായ അപകടം. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബാബറി മസ്ജിദ് പൊളിച്ചതിന്റെ പത്താം വാർഷികത്തിലാണ് ഈ സംഭവം നടന്നത്. വൈൽ പാർക്കിനടുത്ത് സൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് ഒരാൾ മരിക്കുകയും 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തത് 2003 ജനുവരിയിലാണ്. 2003 ൽ തന്നെയാണ് മുലുംട് സ്റ്റേഷനിൽ വച്ച്  ട്രെയിനിലെ ബോംബ് സ്‌ഫോടനം ഉണ്ടായത്. ഇതിൽ പത്തുപേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2003 ൽ തന്നെയാണ് നാല് പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ബസ് സ്‌ഫോടനം ഉണ്ടാവുന്നത്.


 

#Daily
Leave a comment