TMJ
searchnav-menu
post-thumbnail

Representational Image: PTI

TMJ Daily

യുനെസ്‌കോയിൽ അംഗത്വം പുതുക്കി അമേരിക്ക; 600 മില്യൺ ഡോളർ ധനസഹായം നല്കും

13 Jun 2023   |   2 min Read
TMJ News Desk

ക്യരാഷ്ട്രസഭയുടെ ഭാഗമായ യുനെസ്‌കോയിൽ അംഗത്വം പുതുക്കി അമേരിക്ക. 600 മില്യൺ ഡോളർ നല്കാനും അമേരിക്ക പദ്ധതിയിടുന്നതായി യുനെസ്‌കോ അറിയിച്ചു. പലസ്തീനെ സംഘടനയുടെ അംഗമായി ചേർത്തതിൽ പ്രതിഷേധിച്ചാണ് അമേരിക്ക യുനെസ്‌കോയിൽ നിന്ന് ഒരു ദശാബ്ദത്തോളം മാറിനിന്നത്.

യുനെസ്‌കോയുടെ നയരൂപീകരണത്തിൽ, പ്രത്യേകിച്ച് ലോകമെമ്പാടുമുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ടെക്‌നോളജി, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ചൈനയുടെ ഇടപെടലുകൾ ശക്തമാകുന്നതിനെ തുടർന്നാണ് മടങ്ങിവരാനുള്ള തീരുമാനമെന്ന് യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. അമേരിക്കയുടെ പ്രവേശനത്തിന് നിലവിലെ അംഗരാജ്യങ്ങളുടെ തീരുമാനം ബാധകമാണ്. ഇതിനായി പ്രത്യേക വോട്ടെടുപ്പ് നടത്തേണ്ടി വരുമെന്നും യുനെസ്‌കോ അധികൃതർ അറിയിച്ചു. എന്നാൽ അമേരിക്കയെ തിരികെ കൊണ്ടുവരുന്നതിൽ മറ്റു രാജ്യങ്ങൾ എതിർപ്പ് ഉന്നയിക്കില്ലെന്നു വേണം കരുതാൻ.

പലസ്തീന്റെ അംഗത്വം, വിട്ടു നിന്ന് അമേരിക്ക

2011 ൽ പലസ്തീനെ യുനെസ്‌കോയിൽ അംഗമായി പ്രഖ്യാപിച്ചതിനെ തുടർന്ന് അമേരിക്കയും ഇസ്രായേലും സംഘടനക്കുള്ള ധനസഹായം നിർത്തലാക്കിയിരുന്നു. തുടർന്ന് 2017ൽ ട്രംപ് ഭരണത്തിൻ കീഴിൽ ഇസ്രായേലിനെതിരെയുള്ള സംഘടനയുടെ നീക്കങ്ങൾ ആരോപിച്ച് വിട്ടുനിൽക്കുകയായിരുന്നു. പിന്നീട് അംഗത്വം പുതുക്കുന്നതിന് അമേരിക്കൻ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയിരുന്നെങ്കിലും തീരുമാനമുണ്ടായില്ല.

അമേരിക്ക തിരികെ അംഗമാകുന്നതോടെ യുനെസ്‌കോയുടെ പ്രവർത്തനങ്ങൾക്ക് വലിയ ഉത്തേജനമാണ് ലഭിക്കുക. പ്രത്യേകിച്ച് ലോകമെമ്പാടും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനും പെൺകുട്ടിളുടെ പഠനത്തിനുമായി നിരവധി പ്രവർത്തനങ്ങളാണ് സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്നത്. പലസ്തീനെ യുനെസ്‌കോ അംഗീകരിച്ചതാണ് യു എസിനെ വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചതെങ്കിലും ചൈനയുടെ വർധിച്ചുവരുന്ന പങ്കാളിത്തമാണ് അംഗത്വം പുതുക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.

പദ്ധതി പ്രകാരം, ഹോളോകോസ്റ്റ് വിദ്യാഭ്യാസം, യുക്രൈനിലെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കൽ, മാധ്യമപ്രവർത്തകരുടെ സുരക്ഷ, ആഫ്രിക്കയിലെ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം എന്നിവയ്ക്കായി നീക്കിവെച്ചിരിക്കുന്ന 2023ലെ കുടിശികയും കൂടാതെ, 10 മില്യൺ ഡോളറും ഈ വർഷം ബോണസായി യു എസ് സർക്കാർ നല്കും. യുനെസ്‌കോയിലെ കുടിശിക നല്കുന്നതിനായി ബൈഡൻ ഭരണകൂടം 150 മില്യൺ ഡോളർ ആവശ്യപ്പെട്ടിട്ടുണ്ട്. യുനെസ്‌കോയുടെ 534 മില്യൺ ഡോളർ വാർഷിക പ്രവർത്തന ബജറ്റിന്റെ 22% വരുമാനം അമേരിക്കയുടെ ഭാഗത്തുനിന്നാണ് ലഭിക്കുക.

യുഎസിന്റെ തിരിച്ചുവരവ് കൂടുതൽ അവസരങ്ങൾ നല്കുമെന്ന് യുനെസ്‌കോയിലെ ഒരു നയതന്ത്രജ്ഞൻ അഭിപ്രായപ്പെട്ടു. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിയന്ത്രിക്കുന്നതിനും അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനും കരീബിയൻ ദ്വീപുകളിലെ അടിമത്തത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിനുമുള്ള സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അമേരിക്കയുടെ സഹായം ആവശ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേലിനും സംഘടനയിൽ ചേരാമെന്നും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇസ്രായേൽ സർക്കാർ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
 
യുഎസിനൊപ്പം പ്രതിഷേധിച്ച് ഇസ്രായേൽ

ഐക്യരാഷ്ട്രസഭ ഇസ്രായേൽ വിരുദ്ധ പക്ഷപാതപരമായ നടപടികളാണ് സ്വീകരിക്കുന്നതെന്ന് ഇസ്രായേൽ ദീർഘകാലമായി ആരോപിക്കുകയാണ്. 2012-ൽ, ഇസ്രായേൽ എതിർപ്പിനെത്തുടർന്ന്, യു.എൻ ജനറൽ അസംബ്ലി പലസ്തീനെ ഒരു അംഗമല്ലാത്ത നിരീക്ഷക രാഷ്ട്രമായി അംഗീകരിച്ചു. 1967ലെ മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചെടുത്ത പ്രദേശങ്ങളായ വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം, ഗാസ മുനമ്പ് എന്നിവയുൾപ്പെട്ട ഒരു സ്വതന്ത്ര രാജ്യത്തിനായി പലസ്തീനികൾ അവകാശപ്പെടുന്നുണ്ട്. യു.എന്നിൽ സ്വതന്ത്ര രാഷ്ട്രമെന്ന അംഗീകാരം നേടാനുള്ള പലസ്തീനികളുടെ ശ്രമങ്ങൾ തടയണമെന്നും ഇസ്രായേലിന്റെ ഭാഗമായി ഈ പ്രദേശങ്ങൾ അംഗീകരിക്കപ്പെടണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്.

ഇതിനു മുമ്പ്, 1984 ൽ യുനെസ്‌കോയിൽ നിന്ന് റീഗൻ ഭരണത്തിൻ കീഴിലുള്ള അമേരിക്കൻ സർക്കാർ പിന്മാറിയിരുന്നു. സംഘടനയുടെ തെറ്റായ പ്രവർത്തനങ്ങളും അഴിമതിയും ആരോപിച്ചായിരുന്നു അന്നത്തെ പിന്മാറ്റം. സോവിയറ്റ് താൽപ്പര്യങ്ങൾ മുൻനിർത്തി സംഘടന തീരുമാനങ്ങൾ കൈക്കൊള്ളുന്നു എന്ന ആരോപണവും അമേരിക്ക ഉന്നിയിച്ചിരുന്നു. പിന്നീട് 2003 ൽ വീണ്ടും ചേർന്നു.


#Daily
Leave a comment