TMJ
searchnav-menu
post-thumbnail

TMJ Daily

അമേരിക്കന്‍ ഡ്രോണിനെ റഷ്യന്‍ യുദ്ധവിമാനം ഇടിച്ചുവീഴ്‌ത്തി

15 Mar 2023   |   1 min Read
TMJ News Desk

മേരിക്കന്‍ നിരീക്ഷണ ഡ്രോണിനെ റഷ്യന്‍ യുദ്ധ വിമാനം ചൊവ്വാഴ്‌ച്ച ഇടിച്ചു വീഴ്‌ത്തി. കരിങ്കടലിന്‌ മുകളില്‍ നിരീക്ഷണത്തിന്‌ ഏര്‍പ്പെട്ടിരുന്ന അമേരിക്കയുടെ MQ-9 റീപ്പര്‍ ഡ്രോണില്‍ റഷ്യയുടെ S-27 യുദ്ധവിമാനം കൂട്ട ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഡ്രോണ്‍ തകര്‍ന്നു. റഷ്യയുടെ നടപടിയെ അമേരിക്ക അപലപിച്ചു. തികഞ്ഞ അശ്രദ്ധയും അണ്‍പ്രൊഫഷണലുമായ നടപടിയാണ്‌ റഷ്യയുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന്‌ അമേരിക്കന്‍ ദേശീയ സുരക്ഷ വക്താവ്‌ ജോണ്‍ കിര്‍ബി മാധ്യമങ്ങളോട്‌ പറഞ്ഞു.

കരിങ്കടലിന്‌ മുകളില്‍ അമേരിക്ക നടത്തുന്ന നിരീക്ഷണങ്ങൾക്കുമേൽ റഷ്യന്‍ വ്യോമസേനയുടെ ഇടപെടലുകള്‍ ഉണ്ടാകാറുണ്ട്‌. എന്നാല്‍ ഇത്തവണ റഷ്യന്‍ വ്യോമസേന തികഞ്ഞ അശ്രദ്ധയോടെ പെരുമാറിയെന്നാണ്‌ അമേരിക്കയുടെ ആരോപണം. "MQ-9 വിമാനം പതിവുപോലെ സാധാരണഗതിയിലുള്ള നിരീക്ഷണം അന്താരാഷ്ട്ര വ്യോമ മേഖലയില്‍ നടത്തുകയായിരുന്നു. റഷ്യന്‍ യുദ്ധവിമാനം അതിനെ തടഞ്ഞ്‌ ഇടിക്കുകയുമായിരുന്നു. തികച്ചും അപകടകരമായ നടപടി" അമേരിക്കന്‍ എയര്‍ഫോഴ്‌സിന്റെ യൂറോപ്പിലെയും ആഫ്രിക്കയിലെയും കമാണ്ടറായ ജനറല്‍ ജയിംസ്‌ ഹെക്കര്‍ പറഞ്ഞു.

റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന്‌ അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം അങ്ങേയറ്റം മോശമായിരിക്കുന്ന സമയത്താണ്‌ അമേരിക്കന്‍ സൈനിക നിരീക്ഷണ ഡ്രോണിനെ റഷ്യന്‍ യുദ്ധ വിമാനം നശിപ്പിക്കുന്നത്‌. സംഭവത്തെ പറ്റി റഷ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുക്രൈന്‌ ആവശ്യമായ തന്ത്രപരമായ സൈനികവിവരങ്ങളും സഹായങ്ങളും നല്‍കുന്നതിന്റെ ഭാഗമായാണ്‌ കരിങ്കടല്‍ മേഖലയില്‍ അമേരിക്കയുടെയും, നാറ്റോ സൈനിക സഖ്യത്തിന്റെയും ഡ്രോണുകള്‍ വ്യാപകമായ നിരീക്ഷണ പറക്കലുകള്‍ നടത്തുന്നതെന്ന്‌ റഷ്യ ആരോപിക്കുന്നു.


#Daily
Leave a comment