
യുഎസ് തിരഞ്ഞെടുപ്പ്: ട്രംപിന് വേണ്ടി റഷ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നുവെന്ന് യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് റഷ്യ AI സാങ്കേതികവിദ്യ ഉപയോഗിച്ച് കൂടുതൽ ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നുവെന്ന് യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥൻ. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപിന് സഹായകമാകുന്ന രീതിയിലുള്ള കോണ്ടന്റുകളാണ് കൂടുതലായും റഷ്യ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നവംബർ അഞ്ചിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ റഷ്യയും മറ്റ് രാജ്യങ്ങളും AI ഉപയോഗിക്കുന്നതായി ആരോപിക്കപ്പെടുന്നതിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ (ODNI) ഓഫീസിലെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഉദ്യോഗസ്ഥൻ, ഇക്കാര്യം വെളിപ്പെടുത്തിയത്. ഡെമോക്രാറ്റ്സിന്റെ സ്ഥാനാർഥിയെ ഇകഴ്ത്തിക്കാട്ടുന്ന കോണ്ടന്റുകൾ സൃഷ്ടിച്ച് റഷ്യ, സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
എഐ (AI)യുടെ മറ്റൊരു വിഭാഗമായ ജനറേറ്റീവ് AI എന്ന സാങ്കേതികവിദ്യ, അതിനെ പരിശീലിപ്പിച്ചെടുത്ത വിവരങ്ങൾ ഉപയോഗിച്ച് എങ്ങനെ പ്രവർത്തിക്കണമെന്ന് പഠിക്കുന്നു. അത് വെച്ച്കൊണ്ട് മനുഷ്യർ നിർമ്മിക്കുന്ന രീതിയിലുള്ള പുതിയ എഴുത്തുകൾ, ചിത്രങ്ങൾ, കൂടാതെ വീഡിയോകൾ എന്നിവ സൃഷ്ടിക്കുന്നു. യുഎസിലെ തിരഞ്ഞെടുപ്പ് എങ്ങനെയാണ് നടക്കുന്നതിനെക്കുറിച്ച് റഷ്യക്ക് വ്യക്തമായ ധാരണയുണ്ടെന്നും, അതിനനുസരിച്ച് ആളുകളെ സ്വാധീനിക്കാൻ സാധിക്കുന്ന ഉള്ളടക്കങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്നും ODNI ഉദ്യോഗസ്ഥൻ പറഞ്ഞു. മറ്റു രാജ്യങ്ങളും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും, റഷ്യയാണ് ഏറ്റവും കൂടുതലായി ഇതിലേർപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഎസിലും മറ്റു രാജ്യങ്ങളിലും ക്രെംലിന് അനുകൂലമായ AI നിർമ്മിത സന്ദേശങ്ങൾ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഇതിനെ തകർക്കാൻ സാധിച്ചെന്ന് ജൂലൈ ഒമ്പതിനു യുഎസ് ജസ്റ്റിസ് വകുപ്പ് അറിയിച്ചിരുന്നു. AI ഉപയോഗിച്ച് നിർമ്മിച്ച കോണ്ടന്റുകൾ എങ്ങനെയാണ് റഷ്യ പ്രചരിപ്പിക്കുന്നത് എന്ന ചോദ്യത്തിന് ഈ സംഭവം ഉദാഹരണമായി ODNI ഉദ്യോഗസ്ഥൻ അറിയിച്ചു. ഇത് കൂടാതെ കമല ഹാരിസ് തന്നെ കാറിടിച്ച് നിർത്താതെ പോയെന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു സ്ത്രീയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരം നേടിയിരുന്നു. അത് AI നിർമ്മിതമായിരുന്നില്ലെങ്കിലും, അതിന് പുറകിൽ റഷ്യൻ സ്വാധീനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിലാണ് കള്ളങ്ങൾ റഷ്യ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ചൈനയും ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിലും അത് ചൈനയെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാട് മാറ്റുവാൻ വേണ്ടിയുള്ളതാണെന്നും, യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ അവരതിനെ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.