TMJ
searchnav-menu
post-thumbnail

TMJ Daily

യുഎസ് യുക്രെയ്‌ന് ഇന്റലിജന്‍സ് വിവരങ്ങള്‍ നല്‍കുന്നത് മരവിപ്പിച്ചു

06 Mar 2025   |   1 min Read
TMJ News Desk

യുക്രെയ്‌നുമായുള്ള ബന്ധം മെച്ചപ്പെടാനുള്ള സാധ്യതകളെ കൂടുതല്‍ അനിശ്ചിതത്വത്തിലാക്കി യുഎസ്. യുക്രെയ്‌നുമായി ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് യുഎസ് മരവിപ്പിച്ചു.

തങ്ങള്‍ ഒരു പടി പിന്നിലേക്ക് വച്ചുവെന്ന് ഇതേക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്‌സ് പറഞ്ഞു. ട്രംപ് ഭരണകൂടം യുക്രെയ്‌നുമായുള്ള ബന്ധത്തിന്റെ എല്ലാ ഘടകങ്ങളും മരവിപ്പിക്കുകയും അവലോകനം നടത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസിന്റെ സഹായമില്ലാതെ മുന്നോട്ടു പോകാന്‍ ഫ്രാന്‍സ് തയ്യാറെടുക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ പറഞ്ഞു. യൂറോപ്യന്‍ സൈനിക മേധാവികളുടെ യോഗം അടുത്ത ആഴ്ച്ചയില്‍ പാരീസില്‍ നടത്തുമെന്നും മാക്രോണ്‍ പ്രഖ്യാപിച്ചു.

യുഎസ് നമുക്കൊപ്പം നില്‍ക്കുമെന്ന് വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിലും നമ്മള്‍ അതല്ലാത്ത സാഹചര്യത്തിനുവേണ്ടി തയ്യാറായിരിക്കണമെന്ന് മാക്രോണ്‍ പറഞ്ഞു. യൂറോപ്പ് പുതുയുഗത്തില്‍ ആണെന്നും പ്രതിരോധ ചെലവ് വര്‍ദ്ധിപ്പിക്കണമെന്നും മാക്രോണ്‍ പറഞ്ഞു. യുക്രെയ്‌നും മറ്റ് രാജ്യങ്ങള്‍ക്കും ഒപ്പം ചേര്‍ന്ന് ഫ്രാന്‍സ് ദീര്‍ഘകാലം നിലനില്‍ക്കുന്ന സമാധാന പദ്ധതി തയ്യാറാക്കിയെന്നും മാക്രോണ്‍ പറഞ്ഞു.

2022ല്‍ റഷ്യ യുക്രെയ്ന്‍ ആക്രമണം തുടങ്ങിയ സമയം മുതല്‍ യുഎസ് ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച്ച വാഷിങ്ടണില്‍ വച്ച് യുഎസ് പ്രസിഡന്റ് ട്രംപും യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും തമ്മില്‍ വാഗ്വാദം ഉണ്ടായശേഷം യുഎസ് യുക്രെയ്‌നുള്ള സൈനിക സഹായം നിര്‍ത്തലാക്കിയിരുന്നു.

ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവയ്ക്കുന്നത് ഭാഗികമായാണോ അതോ പൂര്‍ണമായാണോ തടഞ്ഞതെന്ന് വ്യക്തമല്ല. എത്ര കാലത്തേക്കാണ് മരവിപ്പിച്ചതെന്നും വ്യക്തമല്ല.






 

#Daily
Leave a comment