
യുക്രെയ്നിനുള്ള യുദ്ധ സഹായങ്ങള്‍ യുഎസ് മരവിപ്പിച്ചു
കഴിഞ്ഞയാഴ്ച്ച യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായുള്ള വാഗ്വാദത്തിനുശേഷം യുക്രെയ്നിനുള്ള സൈനിക സഹായം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മരവിപ്പിച്ചു. ഇതോടെ ഒരിക്കല്‍ സഖ്യത്തിലായിരുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ വിള്ളല്‍ വീണ്ടും വര്‍ദ്ധിച്ചു.
ജനുവരിയില്‍ ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനമേറ്റശേഷം യുക്രെയ്ന്‍, റഷ്യ നയം കീഴ്‌മേല്‍ മറിച്ചിരുന്നു. റഷ്യയുമായുള്ള യുദ്ധത്തില്‍ യുഎസ് നല്‍കുന്ന സഹായത്തോട് സെലന്‍സ്‌കിക്ക് കൃതജ്ഞതക്കുറവുണ്ടെന്ന് ട്രംപ് വിമര്‍ശിച്ചിരുന്നു.
എത്ര തുകയുടെ സഹായമാണ് മരവിപ്പിച്ചതെന്നോ എത്ര കാലത്തേക്കാണ് മരവിപ്പിച്ചതെന്നോ വ്യക്തമല്ല. യുക്രെയ്‌നും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
മൂന്ന് വര്‍ഷം മുമ്പ് റഷ്യ യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതിനുശേഷം യുഎസ് കോണ്‍ഗ്രസ് 175 ബില്ല്യണ്‍ ഡോളറിന്റെ സഹായം ആകെ അനുവദിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അനുവാദം നല്‍കിയ 3.85 ബില്ല്യണ്‍ ഡോളറിന്റെ ധനസഹായം ട്രംപ് ഭരണകൂടത്തിന് നല്‍കാന്‍ സാധിക്കും. എന്നാല്‍, യുഎസും യുക്രെയ്‌നും തമ്മിലുള്ള തര്‍ക്കം മുറുകുന്നതിനാല്‍ ഇത് ഉപയോഗിച്ചിരിക്കാനുള്ള സാധ്യത കുറവാണ്.
പുതിയ സഹായങ്ങള്‍ അനുവദിക്കില്ലെന്നായിരുന്നു ട്രംപിന്റെ നേരത്തെയുള്ള നിലപാട്. എന്നാല്‍, യുക്രെയ്‌നിന് നല്‍കാന്‍ ബൈഡന്‍ ഭരണകൂടം അനുവാദം നല്‍കിയ വെടിക്കോപ്പുകളും മിസൈലുകളും മറ്റ് യുദ്ധോപകരണങ്ങളും നല്‍കേണ്ടതില്ലെന്ന നിലപാടിലേക്ക് ട്രംപ് എത്തിയെന്നാണ് സൂചന.