
റഷ്യയ്‌ക്കെതിരായ സൈബര്‍ ആക്രമണം യുഎസ് നിര്‍ത്തിവച്ചു
റഷ്യയ്‌ക്കെതിരായ എല്ലാ സൈബര്‍ ആക്രമണങ്ങളും, പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് ഉത്തരവിട്ടു. റഷ്യയ്‌ക്കെതിരായ യുഎസ് ഓപ്പറേഷനുകളുടെ പുനപരിശോധനയുടെ ഭാഗമായിട്ടാണ് ഈ ഉത്തരവ്. എത്ര നാളത്തേക്കാണ് നിര്‍ത്തിവച്ചതെന്ന് വ്യക്തമല്ല.
ഈ വിഷയത്തില്‍ പെന്റഗണ്‍ പ്രതികരിച്ചില്ല. സുരക്ഷാ ആശങ്കകള്‍ കാരണം തങ്ങള്‍ സൈബര്‍ ഇന്റലിജന്‍സ്, പദ്ധതികള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് അഭിപ്രായം പറയുകയില്ലെന്ന് മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്കായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മര്‍ദ്ദം ചെലുത്തുമ്പോഴാണ് റഷ്യയ്‌ക്കെതിരായ സൈബര്‍ ആക്രമണം നിര്‍ത്തിയെന്ന റിപ്പോര്‍ട്ട് വരുന്നത്. കൂടാതെ, ട്രംപ് യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയെ അപമാനിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നില്‍ റഷ്യയാണെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. റഷ്യയുമായുള്ള ബന്ധം പുനരാരംഭിക്കുന്നതിനെ കുറിച്ച് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്‌സ് സംസാരിച്ചുവെങ്കിലും സൈബര്‍ നയത്തിലെ മാറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ തള്ളി. അത് തങ്ങളുടെ ചര്‍ച്ചയുടെ ഭാഗമായിരുന്നില്ലെന്ന് വാള്‍ട്‌സ് പറഞ്ഞു. ഈ യുദ്ധം അവസാനിപ്പിക്കുന്നതിന് എല്ലാ മാര്‍ഗങ്ങളും തേടുമെന്നും അദ്ദേഹം പറഞ്ഞു.