TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE: FLICKR

TMJ Daily

സിറിയയിലെ രണ്ട് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി അമേരിക്ക

27 Oct 2023   |   1 min Read
TMJ News Desk

സിറിയയില്‍ ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സായുധസംഘങ്ങളുടെ രണ്ട് കേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ താവളങ്ങളിലാണ് ആക്രമണം. പശ്ചിമേഷ്യയില്‍ യുഎസ് സൈന്യത്തിനുനേരെ ഡ്രോണ്‍-റോക്കറ്റ് ആക്രമണങ്ങള്‍ ഉണ്ടായി. അതിനു തിരിച്ചടിയാണ് വ്യോമാക്രമണം എന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു. 

സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്ക

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉള്ളതല്ല സിറിയയില്‍ നടത്തിയ ആക്രമണം എന്ന് അമേരിക്ക പറഞ്ഞെങ്കിലും യുദ്ധം പശ്ചിമേഷ്യയിലേക്ക് വ്യാപിക്കുമോ എന്ന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ ഭാഗത്തുനിന്നും ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടായത്. പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവു പ്രകാരമാണ് ആക്രമണം എന്നാണ് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞത്. അമേരിക്ക സംഘര്‍ഷം ആഗ്രഹിക്കുന്നില്ല എന്നാല്‍ സേനയ്ക്കു നേരെയുള്ള ആക്രമണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല, സേനയെ സംരക്ഷിക്കാന്‍ കൂടുതല്‍ നടപടിയെടുക്കാന്‍ മടിക്കില്ലെ എന്നും പ്രസ്താവനയില്‍ ലോയിഡ് ഓസ്റ്റിന്‍ പറഞ്ഞു.

ഒക്ടോബര്‍ 17 മുതല്‍ ഇറാഖിലെയും സിറിയയിലെയും യുഎസ് താവളങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇറാഖിലെ അല്‍-അസാദ് എയര്‍ബേസും സിറിയയിലെ അല്‍-താന്‍ഫ് ഗാരിസണും ലക്ഷ്യമിട്ട് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണങ്ങള്‍ ഉണ്ടായി. സംഭവത്തില്‍ 21 യുഎസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.



#Daily
Leave a comment