ജോ ബൈഡൻ | PHOTO: PTI
രാസായുധ ശേഖരം പൂര്‍ണമായും നശിപ്പിച്ചതായി അമേരിക്ക
അവസാനത്തെ രാസായുധ ശേഖരവും നശിപ്പിച്ചതായി അമേരിക്ക. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒന്നാംലോക മഹായുദ്ധം മുതല്‍ ഉപയോഗിച്ചിരുന്ന രാസായുധങ്ങളാണ് യുഎസ് നശിപ്പിച്ചത്. 30,000 ടണ്‍ ആയുധങ്ങളാണ് നശിപ്പിച്ചിരിക്കുന്നത്. കിഴക്കന്‍ കെന്റക്കിയിലെ വിശാലമായ സൈനിക സ്ഥാപനത്തില്‍ ഉണ്ടായിരുന്ന രാസായുധ ശേഖരങ്ങളാണ് ഇല്ലാതാക്കിയത്.
മൂന്നു പതിറ്റാണ്ടിന്റെ ശ്രമഫലം
ശീതയുദ്ധത്തിനു ശേഷമാണ് ആയുധങ്ങള്‍ നശിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് യുഎസ് കടന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ആയിരക്കണക്കിന് യുഎസ് പൗരന്മാര്‍ രാസായുധങ്ങള്‍ നശിപ്പിക്കുന്ന ശ്രമകരമായ ദൗത്യത്തിലായിരുന്നു. സെപ്തംബര്‍ 30 നകം രാസായുധങ്ങള്‍ നശിപ്പിക്കുകയായിരുന്നു യുഎസിന്റെ ലക്ഷ്യം. 193 രാജ്യങ്ങള്‍ ഒപ്പുവച്ച രാസായുധ കണ്‍വെന്‍ഷനിലാണ് ലോകത്ത് നിന്നും ഇത്തരം ആയുധങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനുള്ള തീരുമാനമെടുത്തത്. 1997 ലാണ് കണ്‍വെന്‍ഷന്‍ നടന്നത്. കരാറില്‍ ഒപ്പുവച്ച രാജ്യങ്ങള്‍ അവരുടെ കൈവശം ഉണ്ടായിരുന്ന 72,000 ടണ്‍ രാസശേഖരങ്ങള്‍ കണ്‍വെന്‍ഷനുശേഷം നശിപ്പിച്ചു.
'30 വര്‍ഷത്തിലേറെയായി ഞങ്ങളുടെ രാസായുധ ശേഖരം ഇല്ലാതാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു. ഇന്ന് ആ ദൗത്യം പൂര്‍ത്തിയാക്കപ്പെട്ടു. അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഇതോടെ രാസായുധങ്ങളുടെ ഭീകരതയില്‍ നിന്ന് മുക്തമായ ലോകത്തിലേക്ക് ഒരുപടികൂടി ഞങ്ങള്‍ അടുത്തു' പ്രസിഡന്റ് ജോ ബൈഡനെ ഉദ്ധരിച്ച് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ലോകം രാസായുധ മുക്തമാകണം
ഒന്നാം ലോകമഹായുദ്ധത്തിലാണ് രാസായുധങ്ങള്‍ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയത്. യുദ്ധത്തില്‍ രാസായുധം ഉപയോഗിച്ച് 1,00,000 പേരെ കൊന്നൊടുക്കിയതായി കണക്കാക്കപ്പെടുന്നു. യുദ്ധത്തില്‍ രാസവസ്തുക്കളുടെ അനിയന്ത്രിതമായ ഉപയോഗം കൂട്ടമരണത്തിനു പുറമെ അംഗവൈകല്യങ്ങളും ഉണ്ടാക്കി. ജനീവ കണ്‍വെന്‍ഷന്‍ രാസായുധ ഉപയോഗം നിരോധിച്ചിട്ടും, രാജ്യങ്ങള്‍ ആയുധങ്ങള്‍ സംഭരിക്കുന്നത് തുടരുകയായിരുന്നു.
1970 മുതലുള്ള കണക്കുകള്‍ പ്രകാരം 1980 ലെ ഇറാന്‍ യുദ്ധത്തില്‍ ഇറാഖ് നടത്തിയ അണുവായുധ ആക്രമണമായിരുന്നു ഏറ്റവും ശക്തം. കെന്റക്കിയില്‍ നശിപ്പിക്കപ്പെട്ട രാസായുധ ശേഖരങ്ങള്‍ GB നെര്‍വ് ഏജന്റുള്ള 51,000 M55 റോക്കറ്റുകളില്‍ അവസാനത്തേതായിരുന്നു. സരിന്‍ എന്നറിയപ്പെടുന്ന മാരകമായ വിഷവസ്തു 1940 മുതല്‍ അമേരിക്കയുടെ ശേഖരങ്ങളുടെ കൂട്ടത്തില്‍പ്പെട്ടിരുന്നു. 500 ടണ്‍ മാരകശേഷിയുള്ള രാസവസ്തുക്കളും ഉണ്ടായിരുന്നു.
ലോകമെമ്പാടുമുള്ള രാസായുധ ശേഖരങ്ങള്‍ നശിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ഇക്കാര്യത്തില്‍ തുടര്‍ച്ചയായ ജാഗ്രത ആവശ്യമാണെന്നും ബൈഡന്‍ പറഞ്ഞു. കരാറില്‍ ഒപ്പുവയ്ക്കാത്ത ഈജിപ്ത്, ഇസ്രായേല്‍, ഉത്തര കൊറിയ, ദക്ഷിണ സുഡാന്‍ തുടങ്ങിയ രാജ്യങ്ങള്‍ രാസായുധ നിരോധന കരാറില്‍ ഒപ്പുവയ്ക്കണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു.