TMJ
searchnav-menu
post-thumbnail

TMJ Daily

യുഎസ് ഇന്ത്യയ്ക്കുമേല്‍ 26% തീരുവ ചുമത്തി

03 Apr 2025   |   1 min Read
TMJ News Desk

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഗോള വ്യാപാര നയത്തിന്റെ ഭാഗമായുള്ള തീരുവയില്‍ നിന്നും ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയെ അസ്ഥാനത്താക്കി ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിയുടെമേല്‍ 26 ശതമാനം തീരുവ ചുമത്തി. ഇതില്‍ 10 ശതമാനം അടിസ്ഥാന തീരുവ ഏപ്രില്‍ 5 മുതല്‍ ഈടാക്കി തുടങ്ങും. ബാക്കിയുള്ള 16 ശതമാനം ഏപ്രില്‍ 9 മുതലും നിലവില്‍ വരും.

ഇന്ത്യ യുഎസിനുമേല്‍ 52 ശതമാനം തീരുവ ചുമത്തുന്നുവെന്ന് പകരത്തിനുപകരമുള്ള ചുങ്കം ചുമത്തിക്കൊണ്ട് ട്രംപ് പറഞ്ഞു. യുഎസ് വര്‍ഷങ്ങളും ദശാബ്ദങ്ങളുമായി ഒന്നും ചുമത്തിയിരുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൈനയുടെ മേല്‍ 34 ശതമാനവും വിയറ്റ്‌നാമിനുമേല്‍ 46 ശതമാനവും തീരുവ ചുമത്തിയിട്ടുണ്ട്. ഇന്ത്യയുടെ മേല്‍ താരതമ്യേന കുറഞ്ഞ തീരുവയാണ് ചുമത്തിയതെന്ന് ഇക്വിറ്റി വിപണിയിലുള്ളവര്‍ പറയുന്നു.

ഇത് കാരണം അനവധി പ്രധാനപ്പെട്ട മേഖലകളിലെ മത്സരങ്ങളില്‍ സ്വാഭാവികമായ നേട്ടം ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് ഗവേഷണ സ്ഥാപനമായ ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പറഞ്ഞു. ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങളെ തീരുവയില്‍ നിന്നും ഒഴിവാക്കിയത് ഫാര്‍മ വ്യവസായത്തിന് നേട്ടമായി. ഇന്ത്യയുടെ മരുന്ന് കയറ്റുമതിയില്‍ മൂന്നിലൊന്നും യുഎസിലേക്കാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 9 ബില്ല്യണ്‍ ഡോളറിന്റെ കയറ്റുമതി നടന്നിരുന്നു. ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന മരുന്നുകളുടെ വില കുറവുള്ള ഇനങ്ങള്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്.

ഓഹരി വിപണിയില്‍ മറ്റ് മേഖലകളിലെ ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ മരുന്ന് കമ്പനികളുടെ ഓഹരികള്‍ക്ക് 5 ശതമാനം വിലവര്‍ദ്ധിച്ചു.

ഇന്ത്യയുടെ ഓഹരി വിപണി 0.3 ശതമാനം ഇടിവോടെയാണ് വ്യാപാരം ആരംഭിച്ചത്. മറ്റ് ഏഷ്യന്‍ വിപണികള്‍ 1.5 ശതമാനം മുതല്‍ 3 ശതമാനം വരെ ഇടിഞ്ഞു. രൂപയുടെ വിനിമയ മൂല്യവും 0.3 ശതമാനം ഇടിഞ്ഞു 85.75 രൂപയായെങ്കിലും പിന്നീട് 85.65 ആയി മെച്ചപ്പെട്ടു.

ഇന്ത്യ യുഎസിനുമേല്‍ തീരുവേതര തടസ്സങ്ങളും സൃഷ്ടിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. യുഎസിനുമേലുള്ള തീരുവ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്ന് ട്രംപിന് തീരുമാനിക്കുന്നത് വരെ പകരമുള്ള തീരുവ നിലനില്‍ക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയും യുഎസും തമ്മില്‍ വ്യാപാര കരാര്‍ ചര്‍ച്ച നടന്നുവരികയാണ്.





#Daily
Leave a comment