
യുഎസ്-ജപ്പാന്‍ ചര്‍ച്ച: 1 ട്രില്ല്യണ്‍ ഡോളറിന്റെ ട്രഷറി നിക്ഷേപവും വിഷയമാകും
യുഎസുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ ജപ്പാന്‍ യുഎസ് ട്രഷറിയില്‍ നിക്ഷേപിച്ചിരിക്കുന്ന ഒരു ട്രില്ല്യണ്‍ ഡോളര്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ജപ്പാന്റെ ധനകാര്യമന്ത്രി കാറ്റ്‌സുനോബു കാട്ടോ പറഞ്ഞു. രണ്ടാം വട്ട ഉഭയകക്ഷി ചര്‍ച്ചകളില്‍ ജപ്പാന്റെ റിയോസെ അകസാവയും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബസന്തും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെയാണ് ധനകാര്യമന്ത്രിയുടെ പ്രസ്താവന വന്നത്.
യുഎസ് ട്രഷറി നിക്ഷേപങ്ങളില്‍ ഏറ്റവും കൂടുതല്‍ പണം നിക്ഷേപിച്ചിട്ടുള്ളത് ജപ്പാനാണ്. ആവശ്യം വരുമ്പോള്‍ ലിക്വിഡിറ്റി ഉറപ്പാക്കണമെന്നതാണ് ഈ നിക്ഷേപത്തിന്റെ പ്രാഥമിക ലക്ഷ്യമെന്ന് കാട്ടോ പറഞ്ഞു.
ചര്‍ച്ചാ മേശയില്‍ എല്ലാ കാര്‍ഡുകളും വയ്‌ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരം കാര്‍ഡുകളില്‍ ഈ നിക്ഷേപവും ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാപാര ചര്‍ച്ചകളില്‍ മുന്‍തൂക്കം ലഭിക്കുന്നതിനായി ട്രഷറി നിക്ഷേപത്തെ ഉപയോഗിക്കില്ലെന്ന് കഴിഞ്ഞ മാസം കാട്ടോ പറഞ്ഞതിന് നേര്‍ വിപരീതമാണ് പുതിയ നിലപാട്. കഴിഞ്ഞയാഴ്ച്ചയില്‍ വാഷിങ്ടണില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയുടെ ഭാഗമായി ബസന്തിനെ കാട്ടോ സന്ദര്‍ശിച്ചപ്പോള്‍ ഈ വിഷയം ചര്‍ച്ചയായോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.
ഏപ്രിലില്‍ നിക്ഷേപകര്‍ ട്രഷറി നിക്ഷേപങ്ങള്‍ വിറ്റൊഴിഞ്ഞിരുന്നു. ഇത് ജപ്പാനുമായുള്ള ചര്‍ച്ചകളില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജപ്പാനുമേല്‍ ട്രംപ് 24 ശതമാനം തീരുവയാണ് ചുമത്തിയത്.


