
അമേരിക്ക, ജപ്പാൻ വാണിജ്യ കരാർ
അമേരിക്കയും, ജപ്പാനും തമ്മിൽ വ്യാപാര കരാറിൽ ഒപ്പ് വച്ചു. ഏഷ്യയിലെ അമേരിക്കയുടെ സുപ്രധാന സഖ്യകക്ഷിയായ ജപ്പാനിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഉയർന്ന താരിഫുകൾ ഏർപ്പെടുത്തുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭീഷണി ഇതോടെ ഒഴിവായി. നിലവിലുള്ള താരിഫുകൾ 25%ത്തിൽ നിന്ന് 15% ആയി കുറയ്ക്കുന്നതിനുള്ള കരാറിൽ അമേരിക്കയും, ജപ്പാനും ഒപ്പുവച്ചു. അതോടൊപ്പം ജപ്പാൻ, അമേരിക്കയിൽ 550 ബില്യൺ ഡോളറിൻ്റെ നിക്ഷേപവും, മറ്റുള്ള വായ്പകളും നൽകുന്ന പാക്കേജും ഉൾപ്പെടുന്നു.
ആഗസ്റ്റ് ഒന്ന് മുതൽ നടപ്പിലാവുന്ന പുതിയ നികുതി കരാർ ജപ്പാനെ സംബന്ധിച്ചിത്തോടത്തോളം നിർണ്ണായകമായ ഓട്ടോമൊബൈൽ മേഖലയ്ക്ക് ആശ്വാസം നൽകും. ജപ്പാനിൽ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതിയുടെ നാലിലൊന്നിലധികം ഓട്ടോമൊബൈലുകളാണ്.
"ജപ്പാനുമായിട്ടുള്ള ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര കരാറിൽ ഞാൻ ഒപ്പുവച്ചു," ട്രംപ് തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പറഞ്ഞു. "ഇത് അമേരിക്കൻ ഐക്യനാടുകൾക്ക് വളരെ ആവേശകരമായ സമയമാണ്, പ്രത്യേകിച്ച് ജപ്പാനുമായി ഞങ്ങൾക്ക് എപ്പോഴും മികച്ച ബന്ധം തുടരുമെന്ന വസ്തുതയ്ക്ക്," അദ്ദേഹം കൂട്ടിച്ചേർത്തു.
ഞായറാഴ്ച നടന്ന കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ഉടൻ രാജിവയ്ക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ, "അമേരിക്കയുമായി വ്യാപാര മിച്ചമുള്ള രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ കണക്ക്" എന്നാണ് കരാറിനെ പ്രശംസിച്ചത്.
ജാപ്പനീസ് സ്ഥാപനങ്ങൾക്ക് "ഫാർമസ്യൂട്ടിക്കൽസ്, സെമികണ്ടക്ടറുകൾ പോലുള്ള പ്രധാന മേഖലകളിൽ സ്ഥിരതയുള്ള വിതരണ ശൃംഖലകൾ നിർമ്മിക്കാൻ ഉതകുന്ന വിധത്തിൽ, ജാപ്പനീസ് സർക്കാർ അനുബന്ധ സ്ഥാപനങ്ങളിൽ നിന്നുള്ള 550 ബില്യൺ ഡോളർ വരെയുള്ള വായ്പകളും, ഉറപ്പുകളും നിക്ഷേപ പാക്കേജിൽ ഉൾപ്പെടുന്നു”, ഇഷിബ പറഞ്ഞു.
അരി അടക്കം അമേരിക്കയിൽ നിന്നുമുള്ള കാർഷികോൽപ്പന്നങ്ങളുടെ ജപ്പാനിലേക്കുള്ള ഇറക്കുമതി വർദ്ധിക്കുമെന്ന് ട്രംപ് ഭരണകൂട ഉദ്യോഗസ്ഥൻ പറഞ്ഞു. നിലവിലുള്ള ചട്ടക്കൂടിനുള്ളിൽ അമേരിക്കയിൽ നിന്നുള്ള അരി ഇറക്കുമതിയുടെ വിഹിതം വർദ്ധിച്ചേക്കാം, പക്ഷേ കരാർ "ജാപ്പനീസ് കൃഷിയെ ബലികഴിക്കില്ല" ഇഷിബ കൂട്ടിച്ചേർത്തു.
കരാർ പ്രഖ്യാപനം ജാപ്പനീസ് ഓഹരികളിൽ ഉയർച്ചക്ക് കാരണമായി. ബെഞ്ച്മാർക്ക് നിക്കി സൂചിക 2.6% ഉയർന്ന് ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. വാഹന നിർമ്മാതാക്കളുടെ ഓഹരികൾ കുതിച്ചുയർന്നു, ടൊയോട്ട, ഹോണ്ട, നിസ്സാൻ എന്നിവ 8%ത്തിലധികം ഉയർന്നു.
ജപ്പാൻ കരാർ, ദക്ഷിണ കൊറിയയ്ക്ക് സമാനമായ ഒരു കരാറിൽ ഏർപ്പെടുമെന്ന ശുഭാപ്തിവിശ്വാസം ഉണർത്തിയതിനാൽ, ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളുടെ ഓഹരികളിലും ആവേശം പ്രകടമായി.
എന്നാൽ, അമേരിക്കൻ വാഹന നിർമ്മാതാക്കൾ കരാറിൽ അതൃപ്തി പ്രകടിപ്പിച്ചു. ജപ്പാനിൽ നിന്നുള്ള വാഹന ഇറക്കുമതിയുടെ തീരുവ 15% ആയി കുറക്കുകയും, കാനഡയിലും, മെക്സിക്കോയിലും നിന്നുള്ള ഇറക്കുമതിക്ക് 25% തീരുവ നിലനിർത്തുകയും ചെയ്യുന്ന ഒരു വ്യാപാര വ്യവസ്ഥയെക്കുറിച്ച് അവർ ആശങ്കകൾ ഉന്നയിച്ചു.


