TMJ
searchnav-menu
post-thumbnail

TMJ Daily

ആന്‍ഡമാനിലെ സെന്റിനല്‍ ദ്വീപില്‍ പ്രവേശിച്ച യുഎസുകാരന്‍ അറസ്റ്റില്‍

03 Apr 2025   |   2 min Read
TMJ News Desk

ന്‍ഡമാന്‍ നിക്കോബാറില്‍ പ്രവേശന വിലക്കുള്ള ദ്വീപുകളില്‍ ഒന്നായ നോര്‍ത്ത് സെന്റിനെന്റല്‍ ദ്വീപില്‍ അനുവാദമില്ലാതെ പ്രവേശിച്ച ഒരു യുഎസ് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. 24 വയസ്സുകാരനായ മിഖൈലോ വിക്ടോറോവിച്ച് പോളിയാക്കോവിനെയാണ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തത്.

പെര്‍മിറ്റില്ലാതെ നോര്‍ത്ത് സെന്റിനെന്റല്‍ ദ്വീപില്‍ പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഈ ദ്വീപില്‍ വസിക്കുന്ന സെന്റിനെലീസ് വിഭാഗക്കാര്‍ പുറത്തുനിന്നുള്ള ആളുകളുമായുള്ള സമ്പര്‍ക്കത്തെ എതിര്‍ക്കുന്നവരാണ്. 2011ലെ സെന്‍സസ് അനുസരിച്ച് 40 ഓളം സെന്റിനെലീസുകളാണുള്ളത്.

മാര്‍ച്ച് 26നാണ് പോളിയാക്കോവ് പോര്‍ട്ട് ബ്ലയറില്‍ എത്തിയത്. ശനിയാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെ ഇയാള്‍ കുര്‍മാദെര ബീച്ചില്‍ നിന്നും നോര്‍ത്ത് സെന്റിനല്‍ ദ്വീപിലേക്ക് യാത്ര തിരിച്ചു. ഒരു തേങ്ങയും കൊക്കക്കോളയും സെന്റിനലുകാര്‍ക്ക് നല്‍കാന്‍ ഇയാള്‍ കൈവശം വച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

രാവിലെ 10 മണിയോടെ ദ്വീപിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് എത്തിയ പോളിയാക്കോവ് ഒരു മണിക്കൂറോളം കടലില്‍ തന്നെ കഴിഞ്ഞു. പരിസരം വീക്ഷിക്കുകയും വിസിലടിക്കുകയും ചെയ്തു. എന്നാല്‍, ദ്വീപുവാസികളെ ആരെയും കണ്ടില്ലെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് തീരത്തിറങ്ങിയ ഇയാള്‍ അഞ്ച് മിനിറ്റോളം അവിടെ ചെലവഴിക്കുകയും തേങ്ങയും കൊക്കക്കോളയും തീരത്ത് വയ്ക്കുകയും ചെയ്തു. ബോട്ടിലേക്ക് മടങ്ങുംമുമ്പ് വീഡിയോ എടുക്കുകയും ചെയ്തു. ഈ വീഡിയോ പൊലീസ് പരിശോധിച്ചു.

ഉച്ചയ്ക്ക് 1 മണിയോടെ കുര്‍മാദെര ബീച്ചിലേക്ക് മടക്കയാത്ര ആരംഭിച്ച് വൈകുന്നേരം 7 മണിയോടെ ബീച്ചിലെത്തുകയും ചെയ്തു. ഇത് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടു.

അതേസമയം കുര്‍മാദെരയില്‍ ഇയാളുടെ അസ്സാന്നിദ്ധ്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പട്ടിരുന്നു. ശനിയാഴ്ച്ച കുര്‍മാദെര ബീച്ചില്‍ വായുനിറയ്ക്കാവുന്നതും ചെറിയൊരു എഞ്ചിന്‍ ഘടിപ്പിച്ചതുമായ ഒരു സീറ്റുള്ള ബോട്ടില്‍ ആണ് ഇയാളെ അവസാനമായി കണ്ടതെന്നും പൊലീസ് കണ്ടെത്തി.

ഇയാളെക്കുറിച്ചും സംരക്ഷിത ട്രൈബല്‍ മേഖലയില്‍ പ്രവേശിച്ചതിന്റെ ലക്ഷ്യവും പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് ഡിജിപി എച്ച് എസ് ധാലിവാല്‍ പറഞ്ഞു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ എവിടെയെല്ലാം സന്ദര്‍ശിച്ചുവെന്നുള്ള വിവരം കണ്ടെത്താനും ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പോര്‍ട്ട് ബ്ലയറില്‍ പോളിയാക്കോവ് തങ്ങിയിരുന്ന ഹോട്ടലിലെ ജീവനക്കാരേയും പൊലീസ് ചോദ്യം ചെയ്തു.

1946ലെ ഫോറിനേഴ്‌സ് ആക്ടും 2012ലെ ആന്‍ഡമാന്‍ നിക്കോബാറിലെ തദ്ദേശീയ ട്രൈബുകളെ സംരക്ഷിക്കുന്നതിനുള്ള ഭേദഗതിയും പ്രകാരം ഇയാള്‍ക്കെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തു. അറസ്റ്റ് വിവരം യുഎസിനെ അറിയിക്കുകയും ചെയ്തു.

പോളിയക്കോവ് ഇതിന് മുമ്പ് രണ്ട് തവണ ആന്‍ഡമാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടത്തിയ ആദ്യ സന്ദര്‍ശത്തിലും ഇയാള്‍ വായുനിറയ്ക്കാവുന്ന കയാക്കില്‍ നോര്‍ത്ത് സെന്റിനെലിലേക്ക് പോകാന്‍ ശ്രമിച്ചിരുന്നു. അന്ന് ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞിരുന്നു. ഈ വര്‍ഷം ജനുവരിയിലും ആന്‍ഡമാനിലെത്തിയ ഇയാള്‍ തന്റെ ബോട്ടിനുവേണ്ടി മോട്ടോര്‍ വാങ്ങാന്‍ ശ്രമം നടത്തിയിരുന്നു.

രണ്ടാമത്തെ സന്ദര്‍ശനത്തില്‍ ഇയാള്‍ ബരാതങ് ദ്വീപുകള്‍ സന്ദര്‍ശിക്കുകയും നിയമം ലംഘിച്ച് ജാര്‍വ ആദിവാസികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. 2018ല്‍ നോര്‍ത്ത് സെന്റിനല്‍ ദ്വീപിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച അമേരിക്കന്‍ മിഷണറിയായ ജോണ്‍ അലന്‍ ചൗവിനെ ആദിവാസികള്‍ അമ്പെയ്ത് കൊന്നിരുന്നു.


#Daily
Leave a comment