
അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനം യാത്ര പുറപ്പെട്ടു
അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ യുഎസില്‍ നിന്നും നാടുകടത്തി തുടങ്ങി. 205 ഇന്ത്യാക്കാരുമായുള്ള സൈനിക വിമാനം ഇന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്ന് മണിക്ക് ടെക്‌സസിലെ സാന്‍ അന്റോണിയോ വിമാനത്താവളത്തില്‍നിന്നും യാത്ര തിരിച്ചു.
എന്നാല്‍ അടുത്ത 24 മണിക്കൂറിനുശേഷമേ വിമാനം ഇന്ത്യയില്‍ എത്തുകയുള്ളൂവെന്ന് യുഎസ് സൈനിക വൃത്തങ്ങള്‍ പറയുന്നു.
അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കന്‍ വിമാനം പറക്കുന്ന ഏറ്റവും വിദൂരമായ രാജ്യമാണ് ഇന്ത്യ. അനധികൃതമായി യുഎസില്‍ പാര്‍ക്കുന്ന ഇന്ത്യാക്കാരെ കണ്ടെത്തി അവരെ തിരിച്ചയക്കുന്ന നടപടികളില്‍ ഇന്ത്യ സഹകരിക്കുന്നില്ലെന്ന് നേരത്തെ അമേരിക്ക വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. ഇന്ത്യ വേണ്ടത് ചെയ്യുമെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇന്ത്യ കുടിയേറ്റക്കാരെ സ്വീകരിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നുമുള്ള കയറ്റുമതിക്കുമേല്‍ യുഎസ് തീരുവ ചുമത്തുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപ് പറഞ്ഞിട്ടുണ്ട്.
എല്‍ പാസോ, സാന്‍ ഡിയാഗോ, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ പെന്റഗണ്‍ പാര്‍പ്പിച്ചിരിക്കുന്ന 5000 ത്തോളം കുടിയേറ്റക്കാരെ വിവിധ രാജ്യങ്ങളിലേക്ക് അയച്ചു തുടങ്ങി. ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് എന്നീ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളും യാത്ര പുറപ്പെട്ടു.