
യുഎസ് സുരക്ഷാ ഉപദേഷ്ടാവ് പുറത്ത്; മാര്‍ക്കോ റൂബിയോ താല്‍ക്കാലിക ഉപദേഷ്ടാവ്
യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് സ്ഥാനത്തുനിന്നും മൈക്ക് വാള്‍ട്‌സിനെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്താക്കി. അദ്ദേഹത്തെ യുഎന്‍ അംബാസിഡറായി നാമനിര്‍ദ്ദേശം ചെയ്യും.
ഹൂതികള്‍ക്കെതിരായ സൈനിക നീക്കങ്ങള്‍ സംബന്ധിച്ച മെസേജിങ് ആപ്പിലെ ചാറ്റുകള്‍ രണ്ട് തവണ ചോര്‍ന്നതാണ് വാള്‍ട്‌സിന്റെ സ്ഥാനം തെറിക്കാന്‍ കാരണം.
നിലവിലേ സ്റ്റേറ്റ് സെക്രട്ടറിയായ മാര്‍ക്കോ റൂബിയോയെ താല്‍ക്കാലികമായി സുരക്ഷാ ഉപദേഷ്ടാവ് ആക്കും. സ്റ്റേറ്റ് സെക്രട്ടറിയായി അദ്ദേഹം തുടരുകയും ചെയ്യും.
വാള്‍ട്‌സ് സൈനിക രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിഗ്നല്‍ ചാറ്റ് ഗ്രൂപ്പിലേക്ക് അബദ്ധത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനെ അംഗമാക്കുകയും ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത യെമനിലെ ഹൂതികള്‍ക്കെതിരായ ആക്രമണ പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ ഈ മാധ്യമപ്രവര്‍ത്തകന്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. പിന്നീട് വാള്‍ട്‌സ് ഭാര്യയും ബന്ധുക്കളും അംഗമായ ഗ്രൂപ്പിലും ഹൂതികള്‍ക്കെതിരായ ആക്രമണ വിവരങ്ങള്‍ പങ്കുവച്ചിരുന്നു.
അറ്റ്‌ലാന്റിക് വാരികയുടെ പത്രാധിപരായ ജെഫ്രി ഗോള്‍ഡ്‌ബെര്‍ഗിനെയാണ് വാള്‍ട്‌സ് അബദ്ധത്തില്‍ ഗ്രൂപ്പ് അംഗമാക്കിയത്.
ട്രംപിന്റെ രണ്ടാം ഭരണകാലയളവില്‍ രാജി വയ്ക്കുന്ന ആദ്യത്തെ ഉന്നതനാണ് വാള്‍ട്‌സ്. വാള്‍ട്‌സിന്റെ പുതിയ നിയമനത്തെ സെനറ്റ് അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.