
യുക്രൈനിനുള്ള അവസാനത്തെ ആയുധ പാക്കേജ് പ്രഖ്യാപിക്കാൻ യുഎസ് ഒരുങ്ങുന്നു
വരുന്ന ദിവസങ്ങളിൽ ജോ ബൈഡൻ ഭരണകൂടം യുക്രൈനിനായുള്ള അവസാനത്തെ ആയുധ പാക്കേജ് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകൾ. യുക്രൈൻ സെക്യൂരിറ്റി അസ്സിസ്റ്റൻസ് ഇനീഷ്യേറ്റീവ് പാക്കേജിന്റെ ഭാഗമായിട്ടുള്ളതാണ് പാക്കേജ്. യുക്രൈനിന് ആയുധം വാങ്ങാനുള്ള പാക്കേജിൽ ബാക്കിയുള്ള തുക വിനിയോഗിച്ചാണ് പുതിയ പാക്കേജ് പ്രഖ്യാപിക്കുക എന്ന് റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. വ്യോമപ്രതിരോധത്തിനായുള്ള ഇന്റർസെപ്റ്ററുകളും ആർട്ടില്ലെറി സാമഗ്രികളുമാണ് പാക്കേജിൽ ഉൾപ്പെടുന്ന ആയുധങ്ങൾ. 1.2 ബില്യൺ യുഎസ് ഡോളറിന്റെ പാക്കേജ് ആവും പ്രഖ്യാപിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രതിരോധ മേഖലയിലെ നിർമാതാക്കളിൽ നിന്നും മാത്രമല്ലാതെ പാർട്ണർ സ്ഥാപനങ്ങളിൽ നിന്നും അസ്സിസ്റ്റൻസ് ഇനിഷ്യേറ്റീവിൽ ആയുധങ്ങൾ വാങ്ങുന്നുണ്ട്. നേരിട്ട് അമേരിക്കയിലെ സ്റ്റോക്കുകളിൽ നിന്നുമാവില്ല ഇവ ശേഖരിക്കുന്നത്. ഇതിനാൽ തന്നെ യുദ്ധക്കളത്തിൽ ഇവയെത്തുവാൻ മാസങ്ങളോ വർഷങ്ങളോ ആയേക്കാം. അതിനുള്ളിൽ റഷ്യയും യുക്രൈനും നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ സമാധാന ചർച്ചകളിൽ ഏർപ്പെട്ട് യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് എത്തിച്ചേരാൻ സാധ്യതയുണ്ട്. പ്രസിഡന്റിന്റെ ഓഫീസ് ഏറ്റെടുത്ത് 24 മണിക്കൂറിനുള്ളിൽ റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.
2022 ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധത്തിന് ശേഷം 175 ബില്യൺ ഡോളർ ആണ് സഹായമായി യുക്രൈനിന് അമേരിക്ക നൽകിയത്. ഇതിൽ 61.4 ബില്യൺ യുഎസ് ഡോളർ സുരക്ഷാ സഹായമായി മാത്രം നൽകിയതാണ്. സുരക്ഷാ സഹായമായി നൽകിയ തുകയിലെ പകുതിയോളം തുകയും യുക്രൈൻ സെക്യൂരിറ്റി അസ്സിസ്റ്റൻസ് ഇനീഷ്യേറ്റീവ് പാക്കേജിലൂടെയാണ് സമാഹരിച്ചത്.