
ഇന്ത്യ – പാകിസ്താൻ സംഘർഷത്തിൽ അഞ്ച് ജെറ്റ് വിമാനങ്ങൾ വെടിവച്ചിട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നടന്ന ഇന്ത്യ– പാകിസ്താൻ സംഘർഷത്തിൽ അഞ്ച് ജെറ്റ് വിമാനങ്ങൾ വെടിവച്ചിട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ വച്ചുനടന്ന റിപബ്ലിക്കൻ നിയമസഭാംഗങ്ങൾക്കൊപ്പമുള്ള വിരുന്നിലാണ് ട്രംപിൻ്റെ പരാമർശം. എന്നാൽ ഏത് രാജ്യത്തിൻ്റെ വിമാനമാണ് വെടിവെച്ചിട്ടതെന്ന് വ്യക്തമാക്കിയില്ല. താൻ വ്യാപാര കരാര്‍ ഉപയോഗിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം വീണ്ടും ഉന്നയിക്കുകയും ചെയ്തു.
“പതിവായി വിമാനങ്ങൾ വെടിവച്ചിട്ടിരുന്നു. അഞ്ച്, നാല്, അല്ലെങ്കിൽ അഞ്ച്, എനിക്ക് തോന്നുന്നത് അഞ്ച് വിമാനങ്ങളാണ് വെടിവച്ചിട്ടതെന്ന്,” ഇന്ത്യ-പാക് സംഘർഷങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ, ട്രംപ് പറഞ്ഞു. എന്നാൽ, ഇതിനെക്കുറിച്ച് ട്രംപ് കൂടുതൽ വിശദീകരണമോ തെളിവുകളോ നൽകിയില്ല.
പാകിസ്താന്റെ വിമാനങ്ങൾ വീഴ്ത്തിയതായി ഇന്ത്യ അവകാശപ്പെട്ടിരുന്നു, പക്ഷെ വിമാനങ്ങൾക്ക് നാശനഷ്ടമുണ്ടായിട്ടില്ലെന്ന് പാകിസ്താനും പ്രതികരിച്ചു. എന്നാൽ അവരുടെ വ്യോമതാവളങ്ങൾക്ക് നാശനഷ്ടമുണ്ടായതായി പാകിസ്താൻ സമ്മതിച്ചു.
പഹൽഗാം ഭീകരാക്രമണത്തിൽ 26 പേരാണ് ഇന്ത്യയിൽ കൊല്ലപ്പെട്ടത്. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്താനെ തിരിച്ചടിക്കുകയും ചെയ്തിരുന്നു.


