TMJ
searchnav-menu
post-thumbnail

TMJ Daily

പാരീസ് കാലാവസ്ഥാ ഉച്ചകോടിയില്‍ നിന്നും യുഎസ് പിന്‍മാറി

21 Jan 2025   |   1 min Read
TMJ News Desk

പാരീസ് കാലാവസ്ഥ ഉച്ചകോടിയില്‍ നിന്നും പിന്‍മാറുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഇന്നലെ യുഎസ് പ്രസിഡന്റായി അധികാരമേറ്റ ട്രംപ് ലോകാരോഗ്യ സംഘടനയില്‍ നിന്നും യുഎസ് പിന്‍മാറുന്ന പ്രക്രിയക്ക് തുടക്കം കുറിക്കുന്ന ഫയലിലും ഒപ്പുവച്ചിരുന്നു.

ഇത് രണ്ടാം തവണയാണ് യുഎസ് പാരീസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറുന്നത്.

ക്ലീന്‍ എനര്‍ജിയെന്നത് ചെലവേറിയതും പാഴും ആണെന്ന ചിന്താഗതിക്കാരനാണ് ട്രംപ്. ഫോസില്‍ ഇന്ധനങ്ങള്‍ ഖനനം ചെയ്‌തെടുത്ത് ഉപയോഗിക്കാനുള്ള പരിശ്രമങ്ങള്‍ ഇരട്ടിയാക്കുമെന്ന് അധികാരമേറ്റെടുത്ത് നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ദേശീയ ഊര്‍ജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിയില്‍ മറ്റൊരു രാജ്യത്തിനും ഇല്ലാത്തത്ര വലിയ അളവില്‍ എണ്ണയും വാതകവും യുഎസിനുണ്ടെന്നും അത് ഉപയോഗിക്കാന്‍ പോകുകയാണെന്നും ട്രംപ് പറഞ്ഞു.

മനുഷ്യര്‍ കാരണം ആഗോള താപനം വര്‍ദ്ധിക്കുന്നത് തടയാന്‍ വേണ്ടി ലോകരാജ്യങ്ങള്‍ തമ്മില്‍ 2015ല്‍ നിലവില്‍ വന്ന ഉടമ്പടിയാണ് പാരീസ് കാലാവസ്ഥ ഉടമ്പടി. 2016 സെപ്തംബറിലാണ് യുഎസ് ഇതില്‍ ഔദ്യോഗികമായി അംഗമായത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറംതള്ളുന്ന രാജ്യങ്ങളില്‍ ഒന്ന് യുഎസ് ആണ്. ഒന്നാം ട്രംപ് ഭരണകൂടം 2020 നവംബറില്‍ ഈ ഉടമ്പടിയില്‍ നിന്നും പിന്മാറിയിരുന്നു. പിന്നീട് 2021ല്‍ അധികാരത്തിലെത്തിയ ജോ ബൈഡന്‍ ആദ്യ ദിനം തന്നെ അമേരിക്കയെ തിരികെ പാരീസ് ഉടമ്പടിയില്‍ എത്തിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പിട്ടിരുന്നു. ബൈഡന്‍ ഭരണകൂടത്തിന്റെ 80 ഓളം ഉത്തരവുകള്‍ ട്രംപ് ആദ്യദിനം തന്നെ റദ്ദാക്കി ഉത്തരവിറക്കി.








 

#Daily
Leave a comment