രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതികരണവുമായി യുഎസ്; ആവിഷ്‌കാര സ്വാതന്ത്ര്യം പ്രധാനം
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അയോഗ്യത വിഷയങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് യുഎസ്. ഇന്ത്യയിലെ കോടതി നടപടികള്‍ സൂക്ഷ്മമായി നോക്കുന്നുണ്ടെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞു.
'നിയമവാഴ്ചയോടും ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തോടുമുള്ള ബഹുമാനം ഏതൊരു ജനാധിപത്യ രാജ്യത്തിന്റെയും ആണിക്കല്ലാണ്. ഇന്ത്യന്‍ കോടതികളില്‍ നടന്നുകൊണ്ടിരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ കേസുകള്‍ അമേരിക്ക നിരീക്ഷിക്കുകയാണ്. വിഷയത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഉള്‍പ്പെടെ ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയെ കുറിച്ച് ഇന്ത്യന്‍ സര്‍ക്കാരുമായി സംസാരിച്ചിട്ടുണ്ട്' ചോദ്യത്തിനു മറുപടിയായി വേദാന്ത് പട്ടേല്‍ വ്യക്തമാക്കി.
ഉഭയകക്ഷി ബന്ധമുള്ള ഏതു രാജ്യത്തെയും പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളുമായി യുഎസ് ബന്ധപ്പെടുന്നത് സ്വാഭാവികമാണെന്നും വേദാന്ത് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.