
ഗൂഗിളിനോട് ക്രോമിനെ വിൽക്കണമെന്ന് യുഎസ് റെഗുലേറ്റർമാർ
ഗൂഗിളിന്റെ കുത്തകാവകാശത്തെ നിയന്ത്രിക്കാൻ മാനദണ്ഡങ്ങളുമായി യുഎസ് റെഗുലേറ്റർമാർ. ഗൂഗിൾ സെർച്ച് എൻജിൻ മാത്രം ഉപയോഗിക്കാൻ പറ്റുന്നതിലൂടെ ആൻഡ്രോയിഡിലും ഗൂഗിൾ ക്രോം ബ്രൗസറിലും നിയമവിരുദ്ധമായ കുത്തകാവകാശമാണ് ഗൂഗിൾ തുടരുന്നതെന്നാണ് റെഗുലേറ്റർമാരുടെ അവകാശവാദം.
കുത്തകാവകാശാത്തെ നിയന്ത്രിക്കാനും, ഇത്രയും നാൾ ഇത് തുടർന്നു വന്നതിനുള്ള ശിക്ഷയായും പല മാനദണ്ഡങ്ങളും മുന്നോട്ട് വെച്ചിരിക്കുകയാണ് യുഎസിലെ ഡിപാർട്ട്മെൻറ് ഓഫ് ജസ്റ്റിസ്. ഗൂഗിളിനെ പിരിക്കാനായി 23 പേജുകളുള്ള ഡോക്യുമെന്റാണ് ബുധനാഴ്ച ഫയൽ ചെയ്തത്. ഇതിൽ ക്രോമിനെ വിൽക്കാനും, ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമിൽ ഗൂഗിൾ സെർച്ച് എൻജിന് സഹായകമായിട്ടുള്ള അൽഗോരിതങ്ങളിൽ മാറ്റം വരുത്താനുമുള്ള നടപടികളാണ് നിർദ്ദേശിച്ചിരിക്കുന്നത്.
ഗൂഗിളിന്റെ സ്മാർട്ട്ഫോൺ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയിഡിനെയും വിൽക്കണമെന്ന് തുടക്കത്തിൽ ചിലർ ആവശ്യപ്പെട്ടെങ്കിലും പിന്നീട് റെഗുലേറ്റർമാർ അതിൽ നിന്നും പിന്മാറാൻ കൂട്ടായ തീരുമാനമെടുത്തു. എങ്കിലും സമാനമായ നടപടികൾ ഗൂഗിളിന്റെ ഭാഗത്ത് നിന്ന് ആൻഡ്രോയ്ഡിന്റെ കാര്യത്തിൽ തുടർന്നാൽ അതും വില്പനയ്ക്ക് വെക്കേണ്ട നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ഫെഡറൽ ജഡ്ജ് വിധിക്കണമെന്ന് റെഗുലേറ്റർമാർ ആവശ്യപ്പെട്ടു. സെർച്ച് എൻജിനിലൂടെ കുത്തകവത്കരണമാണ് ഗൂഗിൾ നടത്തുന്നതെന്ന് ഓഗസ്റ്റിൽ യുഎസിലെ ഡിസ്ട്രിക്ട് ജഡ്ജ് അമിത് മെഹ്ത വിധിച്ചിരുന്നു.
ജോ ബൈഡൻ സർക്കാർ ഗൂഗിളിനെതിരെ കർക്കശമായ നടപടികളെടുക്കുമ്പോൾ, ജനുവരിയിൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റാൽ നടപടികളിൽ അയവു വരുമെന്ന് വിലയിരുത്തപ്പെടുന്നു. വാഷിങ്ടൺ ഡിസി കോടതി 2025 ഏപ്രിലിലാണ് കേസിൽ വാദം കേൾക്കൽ ആരംഭിക്കുന്നത്. മെഹ്ത ആവശ്യപ്പെട്ട പ്രകാരമാണ് കേസ് നടപടികൾ പുരോഗമിക്കുന്നതെങ്കിൽ ഗൂഗിളിന്റെ 16 കൊല്ലം പഴക്കമുള്ള ഗൂഗിൾ ക്രോം ബ്രൌസർ വിൽക്കുവാൻ ഗൂഗിൾ നിർബന്ധിതരാവും. എങ്കിലും വിധിക്കെതിരെ അപ്പീലിന് പോകുവാൻ ഗൂഗിളിന് അവസരമുണ്ടായിരിക്കും.