Representational Image: Pexels
ചൈന സൂപ്പര്‍ സോണിക് ചാര ഡ്രോണ്‍ യൂണിറ്റ് തയ്യാറാക്കുന്നതായി യുഎസ് റിപ്പോര്‍ട്ട്
സൂപ്പര്‍ സോണിക് ചാര ഡ്രോണ്‍ വിക്ഷേപിക്കാന്‍ ചൈന പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ശബ്ദത്തിന്റെ മൂന്നിരട്ടി വേഗതയില്‍ സഞ്ചരിക്കുന്ന ഹൈ ആള്‍ട്ടിറ്റിയൂഡ് ചാര ബലൂണ്‍ ഉടന്‍ വിന്യസിക്കാനാണ് നീക്കമെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് സൈന്യത്തില്‍ നിന്നും ചോര്‍ന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നാഷണല്‍ ജിയോ സ്‌പേഷ്യല്‍- ഇന്റലിജന്‍സ് ഏജന്‍സിയുടെ രഹസ്യ രേഖയെ ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ യുഎസ് പ്രതിരോധ വകുപ്പോ ചൈനീസ് സര്‍ക്കാരോ തയ്യാറായിട്ടില്ല. ഡിസ്‌കോര്‍ഡ് മെസേജിംഗ് ആപ്പില്‍ പോസ്റ്റ് ചെയ്ത ക്ലാസിഫൈഡ് ഫയലുകളുടെ ഒരു കൂട്ടം ചിത്രങ്ങളില്‍ നിന്നാണ് പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭിച്ചതെന്നും വാഷിംടണ്‍ പോസ്റ്റ് പറയുന്നു.
സംഭവത്തെ തുടര്‍ന്ന് മുന്‍ യുഎസ് എയര്‍ നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥനായ ജാക്ക് ഡഗ്ലസ്‌ടെഷേറയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ദേശീയ പ്രതിരോധ വിവരങ്ങള്‍ അനധികൃതമായി കൈവശംവച്ച് കൈമാറ്റം ചെയ്തു, രഹസ്യ വിവരങ്ങളും പ്രതിരോധ സാമഗ്രികളും അനധികൃതമായി നീക്കം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാള്‍ നിലവില്‍ ബോസ്റ്റണില്‍ തടവിലാക്കപ്പെട്ടിരിക്കുകയാണ്. രഹസ്യരേഖകള്‍ ചോര്‍ന്നത് അമേരിക്കയുടെ പ്രതിച്ഛായയ്ക്ക് സാരമായ കോട്ടം വരുത്തിയിട്ടുണ്ട്.
എന്താണ് സൂപ്പര്‍ സോണിക് ചാര ഡ്രോണ്‍
കിഴക്കന്‍ ചൈനയിലെ ഷാങ്ങ്ഹായില്‍ നിന്ന് ഏകദേശം 350 മൈല്‍ (560 കി.മീ) മാറി ഒരു എയര്‍ ബേസില്‍ രണ്ട് റോക്കറ്റുകള്‍ ഘടിപ്പിച്ചിരുന്ന ചാര ഡ്രോണുകളുടെ ചിത്രങ്ങളാണ് ചോര്‍ന്ന രേഖയിലുള്ളത്. ഓഗസ്റ്റ് ഒമ്പത് മുതലുള്ള ഉപഗ്രഹ ചിത്രങ്ങള്‍ രേഖയില്‍ അടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) യുടെ നേതൃത്വത്തില്‍ ഈസ്‌റ്റേണ്‍ തിയേറ്റര്‍ കമാന്‍ഡിനു കീഴില്‍ ആദ്യത്തെ ആളില്ലാ ചാര വിമാനയൂണിറ്റ് സ്ഥാപിച്ചതായും അമേരിക്ക വ്യക്തമാക്കുന്നു.
ചൈനയ്‌ക്കെതിരായ ആരോപണങ്ങള്‍
ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളില്‍ ചൈന ചാരവൃത്തി നടത്തുന്നതായി നിരവധി ആരോപണങ്ങളും റിപ്പോര്‍ട്ടുകളും ഉണ്ടായിട്ടുണ്ട്. സൈബര്‍ ആക്രമണങ്ങള്‍, തന്ത്രപ്രധാനമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് സര്‍ക്കാര്‍, കോര്‍പ്പറേറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് നുഴഞ്ഞുകയറുക തുടങ്ങിയവയാണ് ആരോപണങ്ങള്‍. ചൈനയുടെ ടിക് ടോക് ആപ്പ് പല രാജ്യങ്ങളിലും ആശങ്കയ്ക്കു കാരണമായിരുന്നു. 2020 ല്‍ ഇന്ത്യ ഈ വീഡിയോ നിര്‍മാണ ആപ്പ് പൂര്‍ണമായും നിരോധിച്ചു. യുഎസ്, കാനഡ, യൂറോപ്യന്‍ യൂണിയനുകളും സുരക്ഷാ കാരണത്താല്‍ ടിക് ടോക് ആപ്പ് തടഞ്ഞിരുന്നു. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ചൈനീസ് ടെലികോം ഭീമനായ ഹുവായ്‌യും അമേരിക്ക ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ നിരോധിച്ചിരുന്നു.
തായ്‌വാന് ഭീഷണി
ചൈനയും തായ്‌വാനും തമ്മില്‍ സൈനിക സംഘര്‍ഷം രൂക്ഷമായിരിക്കുന്ന സമയത്താണ് രേഖ ചോര്‍ന്നിരിക്കുന്നത്. ദ്വീപ് രാഷ്ട്രത്തിലെ സ്വാതന്ത്ര്യ ആഹ്വാനത്തിന്റെ പേരില്‍ ചൈന തായ്‌വാനു ഭീഷണിയാണ്. ജനാധിപത്യരാഷ്ട്രമായ തായ്‌വാന്‍ തങ്ങളുടെ പ്രവിശ്യയാണെന്ന അവകാശവാദമാണ് ചൈന ഉയര്‍ത്തുന്നത്. എന്നാല്‍ ബീജിംഗിന്റെ പരമാധികാര അവകാശവാദങ്ങള്‍ തായ്‌വാന്‍ സര്‍ക്കാര്‍ തള്ളിയിരുന്നു.
അതേസമയം, ചൈനയുടെ രഹസ്യ വിമാനത്തിന് തായ്‌വാന്‍ അല്ലെങ്കില്‍ ദക്ഷിണ കൊറിയന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ച് ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തില്‍ 10,000 അടി ഉയരത്തില്‍ പറക്കാന്‍ കഴിയുമെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.