
ഇന്ത്യന്‍ വിസ ഏജന്റുമാര്‍ക്ക് യുഎസ് നിയന്ത്രണം
അനധികൃത കുടിയേറ്റത്തിന് ബോധപൂര്‍വ്വം സൗകര്യമൊരുക്കി നല്‍കുന്നുവെന്ന് ആരോപണമുള്ള ഇന്ത്യക്കാരായ ഏജന്റുമാര്‍ക്ക് യുഎസ് വിസ നിയന്ത്രണം ഏര്‍പ്പെടുത്തി. ട്രാവല്‍ ഏജന്‍സികളുടെ ഉടമകള്‍, എക്‌സിക്യൂട്ടീവുകള്‍, മുതിര്‍ന്ന ജീവനക്കാര്‍ എന്നിവര്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമാകുമെന്ന് യുഎസ് സ്റ്റേറ്റ് വകുപ്പ് അറിയിച്ചു.
അനധികൃത കുടിയേറ്റം, മനുഷ്യക്കടത്ത് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഏജന്റുമാരെ ഇന്ത്യയിലെ കോണ്‍സുലാര്‍ അഫയേഴ്‌സ് ആന്‍ഡ് ഡിപ്ലോമാറ്റിക് സെക്യൂരിറ്റി സര്‍വീസ് മിഷന്‍ കണ്ടെത്തിയിട്ടുണ്ടെന്നും സ്റ്റേറ്റ് വകുപ്പ് പറഞ്ഞു.
വിദേശികളെ കടത്തുന്ന ശൃംഖലകളുടെ ബന്ധം വിച്ഛേദിക്കുന്നതിനായി ഇത്തരം ഏജന്‍സികളുമായി ബന്ധമുള്ളവര്‍ക്കുമേല്‍ വിസ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് യുഎസ് നീക്കം.
നടപടിയ്ക്ക് വിധേയമാകുന്ന വ്യക്തികളുടെയോ ഏജന്‍സികളുടെയോ പേരുകള്‍ യുഎസ് പുറത്തുവിട്ടിട്ടില്ല.


