
കാലാവസ്ഥ പോരാട്ടം തിരഞ്ഞെടുപ്പിനേക്കാൾ വലുതെന്ന് യു എസ്
കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള അമേരിക്കയുടെ പോരാട്ടം തുടരുമെന്ന് യു എസ്. കോപ് 29 ഉച്ചകോടിയുടെ ആദ്യ ദിനത്തിൽ സംസാരിച്ച അമേരിക്കൻ നയതന്ത്രജ്ഞൻ ജോൺ പെഡസ്റ്റെയാണ് യു എസ് നിലപാട് വ്യക്തമാക്കിയത്.
ബൈഡൻ സർക്കാരിന്റെ ഭാഗമായ ജോൺ പെഡസ്റ്റെ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കാലാവസ്ഥ നിഷേധിയെന്ന് വിശേഷിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണത്തെ ട്രംപ് തകർക്കുമെന്നും പറഞ്ഞിരുന്നു. കാലാവസ്ഥ ചർച്ചകളിൽ ദീർഘകാലമായി നിലനിൽക്കുന്ന ചില അന്താരാഷ്ട്ര കരാറുകളിൽ രാജ്യത്തിന്റെ പ്രതിനിധികൾ ഒപ്പു വച്ചിട്ടുണ്ട്. വികസ്വര രാജ്യങ്ങളിലെ ഊർജ്ജ പദ്ധതികളിലോ വനപദ്ധതികളിലോ നിക്ഷേപം നടത്തി അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.
പാരിസ്ഥിതിക സംരക്ഷണത്തെ തടയുകയും പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറാനുമുള്ള നീക്കങ്ങളും ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് പോഡ്സ്റ്റെ പറയുന്നു. അന്തരീക്ഷ താപനില 1.5 സെൽഷ്യസായി നിലനിർത്തുകയാണ് 2015ലെ പാരീസ് ഉടമ്പടിയുടെ ലക്ഷ്യം. 100 ഓളം രാജ്യങ്ങളിൽ നിന്നുള്ള അംഗങ്ങളാവും വരും ദിനങ്ങളിലെ കോപ് 29 ഉച്ചകോടിയിൽ പങ്കെടുക്കുക.
കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതങ്ങൾ നേരിടാനും അതിനായി ദരിദ്രരാജ്യങ്ങൾക്ക് ആവശ്യമായ ധനസമാഹരണം നടത്തുന്നതിനുമുള്ള അവസരമായാണ് കോപ് 29 ഉച്ചകോടിയെ വികസ്വര രാജ്യങ്ങൾ കാണുന്നത്. എന്നാൽ ഈ പ്രതീക്ഷകളൊക്കെ ഇല്ലാതാക്കുന്നതായിരുന്നു തിരഞ്ഞെടുപ്പിലെ ട്രംപിന്റെ വിജയം.
പ്രസിഡന്റ് ബൈഡൻ നടപ്പിലാക്കിയ നയങ്ങളുടെ ഫലമായി സംസ്ഥാനങ്ങളുടെയും നഗരങ്ങളുടെയും പിന്തുണയോടെ കാർബൺ ബഹിർഗമനം തടയുന്നതിനുള്ള ശ്രമങ്ങൾ യുഎസ് പിന്തുടരുമെന്ന് വിശ്വസിക്കുന്നതായി പെഡസ്റ്റെ പറഞ്ഞു.


