TMJ
searchnav-menu
post-thumbnail

TMJ Daily

ഫെന്റാനൈല്‍ കള്ളക്കടത്തിന് പിന്നില്‍ ഇന്ത്യയുമെന്ന് യുഎസ്

27 Mar 2025   |   1 min Read
TMJ News Desk

യക്കുമരുന്ന് നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കളും ഉപകരണങ്ങളും നിയമവിരുദ്ധമായ ഫെന്റാനൈലിന്റെ പ്രാഥമിക സ്രോതസ്സും അടക്കം അനധികൃതമായി അമേരിക്കയിലേക്ക് കടത്തുന്ന രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ടെന്ന് യുഎസ്. ഫെന്റാനൈല്‍ കടത്തുന്നതിന് പിന്നില്‍ ചൈനയാണെന്ന് ഏറെ നാളായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിക്കുന്നുണ്ടായിരുന്നു.

നാഷണല്‍ ഇന്റലിജന്‍സിന്റെ ഡയറക്ടറായ തുള്‍സി ഗബ്ബാര്‍ഡിന്റെ ഓഫീസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട 2025ലെ വാര്‍ഷിക ഭീഷണി അവലോകന റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ പേര് പറഞ്ഞിരിക്കുന്നത്. യുഎസിന്റെ ആരോഗ്യ, സുരക്ഷ, പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍, വ്യവസായങ്ങള്‍, സമ്പത്ത്, സര്‍ക്കാര്‍ എന്നിവയെ ലക്ഷ്യമിടുന്ന വിവിധ വിദേശ ഘടകങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണിത്. യുഎസ് താല്‍പര്യങ്ങള്‍ക്കെതിരെയുള്ള ആഗോള ഭീഷണികളുടെ വിശകലനം ഈ റിപ്പോര്‍ട്ടില്‍ അടങ്ങിയിരിക്കുന്നു.

യുഎസില്‍ ഫെന്റാനൈല്‍ പ്രതിസന്ധിക്ക് കാരണമാകുന്ന വസ്തുക്കള്‍ വിതരണം ചെയ്യുന്നതില്‍ വിവിധ രാജ്യങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന പങ്ക് ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ക്ക് മയക്കുമരുന്ന് ഉല്‍പാദിപ്പിക്കാനുള്ള രാസവസ്തുക്കളും ഉപകരണങ്ങളും ലഭിക്കുന്നത് ഇന്ത്യയും ചൈനയും പോലെയുള്ള രാജ്യങ്ങളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. യുഎസിലേക്കുള്ള നിയമവിരുദ്ധമായ ഫെന്റാനൈല്‍ രാസവസ്തുക്കള്‍ പ്രാഥമിക സ്രോതസ്സ് ചൈനയാണ്. ഇന്ത്യ രണ്ടാമത് വരുന്നുവെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു.

ഫെന്റാനൈല്‍ കടത്തിനെതിരെ ട്രംപ് ഭരണകൂടം നടപടികള്‍ സ്വീകരിക്കുന്നതിന് ഇടയിലാണ് റിപ്പോര്‍ട്ട് വന്നത്.

നിയമവിരുദ്ധമായി ഫെന്റാനൈല്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നതിനുള്ള രാസവസ്തുക്കള്‍ നിയമവിരുദ്ധമായി യുഎസിലേക്ക് ഇറക്കുമതി ചെയ്തതിന് ഇന്ത്യയിലെ രാസവസ്തു നിര്‍മ്മാണ കമ്പനിക്കും അതിലെ മൂന്ന് ജീവനക്കാര്‍ക്കും എതിരെ കേസെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദ് കേന്ദ്രമായുള്ള ഒരു കമ്പനിയുടെ രണ്ട് ജീവനക്കാര്‍ ന്യൂയോര്‍ക്കില്‍ അറസ്റ്റിലായിരുന്നു.





#Daily
Leave a comment