ഇസ്രയേല്‍ അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിക്കുന്നില്ലെന്ന് യുഎസ്; ആയുധ കൈമാറ്റത്തെ ന്യായീകരിക്കാനെന്ന് വിമര്‍ശനം
ഗാസയില്‍ ഇസ്രയേല്‍ സൈന്യം അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിച്ചിട്ടില്ലെന്ന ഇസ്രയേല്‍ വാദത്തെ അംഗീകരിച്ച് യുഎസ്. സഖ്യകക്ഷികള്‍ക്ക് ആയുധങ്ങള്‍ കൈമാറുന്ന പ്രക്രിയയുടെ ഭാഗമായി യുഎസ് നടത്തിയ പ്രസ്താവനയെ മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും വിമര്‍ശിച്ചു. ബൈഡന്‍ ഭരണകൂടത്തിന്റെ ഈ പ്രസ്താവന അസംബന്ധമാണെന്ന് അറബ് വേള്‍ഡ് നൗ ഡെമോക്രസി ഡയറക്ടര്‍ സാറാ ലിയ വിറ്റ്‌സണ്‍ പറഞ്ഞു. യുഎസ് നിലപാട് ആയുധ കൈമാറ്റത്തെ ന്യായീകരിക്കാനാണെന്നും ആരോപണം ഉയര്‍ന്നു.
മനുഷ്യാവകാശ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളിലേക്ക് ആയുധ കൈമാറ്റം നടത്തുന്നതിനെ യു എസ് നിയമങ്ങള്‍ നിരോധിക്കുന്നുണ്ട്. എന്നാല്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം വസ്തുതകളെ വളച്ചൊടിക്കുകയും ഇസ്രയേലി ലംഘനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഇസ്രയേലിലേക്കുള്ള ആയുധ കൈമാറ്റത്തില്‍ യുഎസ് നിയമങ്ങള്‍ നടപ്പിലാക്കാന്‍ ബൈഡന്‍ ഭരണകൂടത്തിന് കടുത്ത സമ്മര്‍ദ്ദം ഉണ്ട്. അടുത്തിടെ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ ഭൂരിഭാഗം അമേരിക്കക്കാരും ഗാസയിലെ ഇസ്രയേല്‍ നടപടികളെ അംഗീകരിക്കുന്നില്ലെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
ഇസ്രയേല്‍ നല്‍കുന്ന ഉറപ്പിനെ വിശ്വസിക്കുന്നുവെന്ന് ബൈഡന്‍
വിദേശ രാജ്യങ്ങളിലേക്ക് ആയുധങ്ങള്‍ കൈമാറുന്നത് നിയന്ത്രിക്കുന്ന നിരവധി നിയമങ്ങള്‍ യുഎസില്‍ നിലവിലുണ്ട്. കഴിഞ്ഞമാസം ബൈഡന്‍ ഭരണകൂടം NSM-20 എന്ന് വിളിക്കപ്പെടുന്ന മെമ്മോറാണ്ടം പുറപ്പെടുവിച്ചു. ഇതുപ്രകാരം അമേരിക്കന്‍ ആയുധങ്ങള്‍ സ്വീകരിക്കുന്നവരില്‍ നിന്നും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കായി ആയുധങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് രേഖാമൂലം ഉറപ്പുവാങ്ങുന്നു. ആയുധകൈമാറ്റത്തിന്റെ ഈ നിയമപ്രകാരം ഇസ്രയേലില്‍ നിന്നും ഉറപ്പ് ലഭിച്ചതായും അത് വിശ്വസനീയമാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. യുദ്ധത്തിന്റെ കാര്യത്തിലോ മാനുഷിക സഹായം നല്‍കുന്ന കാര്യത്തിലോ ഇസ്രയേല്‍ അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിച്ചതായി കണ്ടെത്തിയില്ലെന്നും സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.
ഇസ്രയേല്‍ ആക്രമണത്തില്‍ 32,000 ത്തിലധികം പലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത്. ജനസംഖ്യയുടെ 80 ശതമാനത്തിലധികം ആളുകള്‍ കുടിയിറക്കപ്പെട്ടു. ഭൂപ്രദേശത്തിന്റെ വലിയ ഭാഗങ്ങള്‍ നശിച്ചു. ആശുപത്രികളിലും ഇസ്രയേല്‍ ഉപരോധം തുടരുകയാണ്. ഗാസയില്‍ കടുത്ത പട്ടിണിയാണെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ബൈഡന്‍ ഭരണകൂടത്തിന്റെ നിലപാട് ആയുധ കൈമാറ്റത്തെ ന്യായീകരിക്കാനാണെന്നാണ് നിലവിലെ വിമര്‍ശനം.