
വീചാറ്റ് സ്ഥാപകരായ ടെന്‍സെന്റ് ചൈനീസ് സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്ന് യുഎസ്
മെസേജിങ് ആപ്പായ വീചാറ്റിന്റെ ഉടമകളായ സോഷ്യല്‍ മീഡിയ കമ്പനി ടെന്‍സെന്റും ബാറ്ററി നിര്‍മ്മാതാക്കളായ സിഎടിഎല്ലും ചൈനീസ് സൈന്യവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവയാണെന്ന് യുഎസ്. ഇരുകമ്പനികളേ അടക്കം അനവധി കമ്പനികളെ യുഎസ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തി.
ഈ കമ്പനികളുമായി ബിസിനസ് ചെയ്യുന്നതിലെ അപകടസാധ്യതകളെക്കുറിച്ച് അമേരിക്കന്‍ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ പട്ടിക മുന്നറിയിപ്പ് നല്‍കുന്നു.
ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് മൂലം ഈ കമ്പനികള്‍ക്കുമേല്‍ ഉടനടി ഉപരോധം ഉണ്ടാകുന്നില്ലെങ്കിലും ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസ് ട്രഷറി വകുപ്പിനുമേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും.
ചൈനീസ് സൈന്യവുമായുള്ള ബന്ധം ടെന്‍സെന്റും സിഎടിഎല്ലും നിഷേധിച്ചു. ചൈനീസ് കമ്പനികള്‍ അകാരണമായി അടിച്ചമര്‍ത്തുന്നതാണ് തീരുമാനമെന്ന് ബീജിങ് പറഞ്ഞു.
യുഎസ് പ്രതിരോധ വകുപ്പാണ് ചൈനീസ് സൈനിക കമ്പനികളുടെ പട്ടിക തയ്യാറാക്കുന്നത്. എല്ലാ വര്‍ഷവും പട്ടിക പുതുക്കും. ആകെ 134 കമ്പനികള്‍ ഇപ്പോള്‍ ഈ പട്ടികയില്‍ ഉണ്ട്.
ചൈനീസ് സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ഗവേഷണ പദ്ധതികള്‍ എന്നിവയില്‍ നിന്നുമുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് സൈനിക ശക്തി വര്‍ദ്ധിപ്പിക്കാനുള്ള ബീജിങ്ങിന്റെ ശ്രമങ്ങളെ തടയാനുള്ള വാഷിങ്ടണിന്റെ ശ്രമഫലമായിട്ടാണ് ഈ പട്ടിക തയ്യാറാക്കുന്നത്.
തങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് തെറ്റായിട്ടാണെന്ന് ടെന്‍സെന്റ് പ്രസ്താവിച്ചു. തങ്ങള്‍ സൈനിക കമ്പനി അല്ലെങ്കില്‍ വിതരണക്കാര്‍ അല്ലെന്ന് കമ്പനിയുടെ വക്താവ് പറഞ്ഞു.
സിഎടിഎല്ലും ആരോപണം നിഷേധിച്ചു. യുഎസിലെ പ്രമുഖ കാര്‍ നിര്‍മ്മാണ കമ്പനിയായ ഫോര്‍ഡ് മിഷിഗണില്‍ രണ്ട് ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ച് ഒരു ബാറ്ററി പ്ലാന്റ് സ്ഥാപിക്കാന്‍ ഒരുങ്ങുമ്പോഴാണ് സിഎടിഎല്ലിനെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. സിഎടിഎല്ലില്‍ നിന്നും സാങ്കേതിക വിദ്യയുടെ ലൈസന്‍സ് വാങ്ങാന്‍ പദ്ധതിയിടുന്നുവെന്ന് ഫോര്‍ഡ് പ്രഖ്യാപിച്ചിരുന്നു.