TMJ
searchnav-menu
post-thumbnail

TMJ Daily

അമേരിക്കൻ പ്രതിരോധ സെക്രട്ടറി ഫോക്സ് ന്യൂസ് അവതാരകൻ

13 Nov 2024   |   2 min Read
TMJ News Desk

ഫോക്സ് ന്യൂസ് അവതാരകൻ പീറ്റ് ഹെഗ്സെത്തിനെ തന്റെ പ്രതിരോധ സെക്രട്ടറിയായി നാമനിർദ്ദേശം ചെയ്ത് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പെന്റഗണിനെയും, പൊതുവിൽ പ്രതിരോധ ലോകത്തെയും ഞെട്ടിച്ചു.

ഫോക്സ് ന്യൂസ് ചാനലിന്റെ "ഫോക്സ് & ഫ്രണ്ട്സ് വീക്കെൻഡ്" എന്ന പരിപാടിയുടെ സഹ അവതാരകനായി യാഥാസ്ഥിതിക വൃത്തങ്ങളിൽ അറിയപ്പെടുന്ന ഒരു ആർമി നാഷണൽ ഗാർഡ് ക്യാപ്റ്റനായ  ഹെഗ്സെത്തിനെ ട്രംപ് തിരഞ്ഞെടുത്തതിനാൽ വാഷിംഗ്ടണിലെ പലരിലും ഈ വാർത്ത അമ്പരപ്പും ആശങ്കയും നേരിട്ടു.

ചില റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾ പ്രഖ്യാപനത്തോട് നിശബ്ദമായി പ്രതികരിച്ചപ്പോൾ, മറ്റുള്ളവർ അദ്ദേഹത്തിന്റെ പോരാട്ട അനുഭവത്തെ ഒരു ആസ്തി എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹം "വളരെയധികം കഴിവുള്ളവനാണ്" എന്ന് പറയുകയും ചെയ്തു.

ഹെഗ്സെത്തിന്റെ തിരഞ്ഞെടുപ്പ് സൈന്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു. സൈന്യത്തിൽ ജൻഡർ തുല്യത പോലുള്ള സമീപനങ്ങളെ ട്രംപിനെപ്പോലെ താൻ ശക്തമായി എതിർക്കുന്നുവെന്ന് അദ്ദേഹം തന്റെ ഷോയിലും അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധത്തിൽ സ്ത്രീകളുടെ പങ്കിനെ അദ്ദേഹം ചോദ്യം ചെയ്യുകയും യുദ്ധക്കുറ്റങ്ങളിൽ കുറ്റാരോപിതരായായവർക്ക് മാപ്പ് നൽകണമെന്ന് വാദിക്കുകയും ചെയ്തു.

ജൂണിൽ ലാസ് വെഗാസിൽ നടന്ന ഒരു റാലിയിൽ, താൻ വിജയിച്ചാൽ 'വോക്ക്' കാര്യങ്ങൾ 24 മണിക്കൂറിനുള്ളിൽ ഇല്ലാതാക്കുമെന്ന് പ്രതിജ്ഞ ചെയ്ത ട്രംപ് ഹെഗ്സെത്തിന്റെ പുസ്തകം വാങ്ങാൻ തന്റെ അനുയായികളെ പ്രോത്സാഹിപ്പിച്ചു.

ട്രംപിന്റെ 'അമേരിക്ക ആദ്യം' നയങ്ങളെ അകമഴിഞ്ഞ് പിന്തുണക്കുന്ന കടുത്ത യാഥാസ്ഥിതികനായ 44 കാരനായ ഹെഗ്സെത്ത് സൈന്യത്തെ കൂടുതൽ മാരകമായികാണാമെന്ന് വാദിക്കുന്ന വ്യക്തിയാണ്.  
"ദി ഷോൺ റയാൻ ഷോ" പോഡ്കാസ്റ്റിലെ ഒരു അഭിമുഖത്തിൽ, സ്ത്രീകളെ യുദ്ധത്തിൽ സേവിക്കാൻ അനുവദിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞു.

"പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് സേവനമനുഷ്ഠിക്കുന്നതിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുന്നു," ഹെഗ്സെത്ത് പറഞ്ഞു. സൈന്യത്തിലെ വൈവിധ്യം ഒരു ശക്തിയാണെന്ന് അദ്ദേഹം പറഞ്ഞപ്പോൾ, ന്യൂനപക്ഷത്തിനും വെളുത്ത പുരുഷന്മാർക്കും "സമാനമായി പ്രകടനം നടത്താൻ" കഴിയുന്നതിനാലാണ് ഇത് സംഭവിച്ചതെന്നും എന്നാൽ സ്ത്രീകളുടെ കാര്യത്തിൽ ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഹെഗ്സെത്തിനെ "കർക്കശക്കാരനും, ബുദ്ധിമാനും, അമേരിക്ക ആദ്യം എന്നതിൽ വിശ്വസിക്കുന്നവനും" എന്ന് ട്രംപ്  പ്രശംസിച്ചപ്പോൾ, മറ്റുള്ളവർ ഈ ടിവി വ്യക്തിത്വത്തിന്റെ പരിചയക്കുറവ് ചൂണ്ടിക്കാണിച്ചു.  ഹെഗ്സെത്തെ പേരിനു മാത്രമുള്ള പ്രതിരോധ സെക്രട്ടറി ആയിരിക്കുമെന്നും ഫലത്തിൽ ട്രംപ് വൈറ്റ് ഹൗസ് നേരിട്ടായിരിക്കും കാര്യങ്ങൾ നടത്തുകയെന്നും അഭിപ്രായപ്പെടുന്നു.

ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയുടെ ചെയർമാനായ അലബാമയിലെ റിപ്പബ്ലിക്കൻ പ്രതിനിധി
മൈക്ക് റോജേഴ്സും മറ്റു പലരും പ്രതിരോധ സെക്രട്ടറി പദവിയിൽ വരാൻ സാധ്യതയുള്ള പേരുകളായിരുന്നു.  വിരമിച്ച ലെഫ്റ്റനന്റ് ജനറൽ കീത്ത് കെല്ലോഗ്; സെനറ്റർ ജോണി ഏണസ്റ്റ്, ട്രംപിന്റെ ആദ്യ ടേമിൽ വെറ്ററൻസ് അഫയേഴ്സ് മേധാവിയായിരുന്ന മുൻ പെന്റഗൺ ഉദ്യോഗസ്ഥനായ റോബർട്ട് വിൽക്കി എന്നിവരും സജീവ പരിഗണനയിൽ ഉണ്ടായിരുന്നു.

"വിജയകരമായ ഒരു ജോലി ചെയ്യാൻ വേണ്ടത്ര ഗൗരവമുള്ള നയരൂപീകരണക്കാരനോ നയം നടപ്പാക്കുന്നയാളോ അല്ല എന്നത് ആശങ്കയ്ക്ക് കാരണമാണ്," ഡെമോക്രാറ്റിക്‌ പാർട്ടി പ്രതിനിധി ആദം സ്മിത്ത് പറഞ്ഞു.

മുതിർന്ന ദേശീയ സുരക്ഷാ പരിചയത്തിന്റെ അഭാവം നിയമനത്തിന് സെനറ്റിന്റെ സ്ഥിരീകരണം ലഭിക്കാൻ കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിലെ മുതിർന്ന ഉപദേഷ്ടാവ് മാർക്ക് കാൻസിയൻ പറഞ്ഞു. "പ്രതിരോധ സെക്രട്ടറിമാരുമായി പോരാടി മടുത്തു ട്രംപ് അദ്ദേഹത്തോട് വിശ്വസ്തനായ ഒരാളെ തിരഞ്ഞെടുത്തതായും ഞാൻ കരുതുന്നു," കാൻസിയൻ പറഞ്ഞു.



#Daily
Leave a comment