
യെമനില്‍ വീണ്ടും യുഎസ് ആക്രമണം; 53 പേര്‍ കൊല്ലപ്പെട്ടു
യെമനില്‍ ഹൂതികള്‍ക്കെതിരായ യുഎസ് ആക്രമണം തുടരുന്നു. അഞ്ച് കുട്ടികളും രണ്ട് സ്ത്രീകളും അടക്കം 53 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഹൂതികള്‍ അറിയിച്ചു. 98 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ അല്‍ ജൗഫ്, ഹുദായ്ദാ മേഖലകളില്‍ ആക്രമണം ഉണ്ടായതായി ഹൂതികള്‍ സ്ഥിരീകരിച്ചു. ആക്രമണം തുടരുന്നതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡും പറഞ്ഞു.
ചെങ്കടലില്‍ യുഎസ് കപ്പലുകള്‍ക്കുനേരേ ഹൂതികളുടെ നടത്തുന്ന ആക്രമണം അവസാനിപ്പിക്കുന്നതിനാണ് അവര്‍ക്കെതിരെ നിര്‍ണായകവും ശക്തവുമായ വ്യോമാക്രമണ പരമ്പര യുഎസ് നടത്തുന്നത്.
ചില പ്രധാനപ്പെട്ട ഹൂതി നേതാക്കള്‍ കൊല്ലപ്പെട്ടുവെന്ന് യുഎസ് അവകാശപ്പെടുന്നുണ്ടെങ്കിലും റബല്‍ ഗ്രൂപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒന്നിലധികം ഹൂതി നേതാക്കളെ ലക്ഷ്യമിട്ടുവെന്നും അവരെ വധിച്ചുവെന്നും യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കേല്‍ വാള്‍ട്‌സ് പറഞ്ഞു.
യെമനില്‍ യുഎസ് ആക്രമണം തുടരുന്നിടത്തോളം കാലം ചെങ്കടലില്‍ യുഎസ് കപ്പലുകള്‍ക്കുനേര ആക്രമണം തുടരുമെന്ന് ഹൂതി നേതാവ് അബ്ദുള്‍ മാലിക് അല്‍-ഹൂതി പറഞ്ഞു. കൂടാതെ, ഇസ്രായേല്‍ ഗാസയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കുകയും വേണമെന്നും ഹൂതികള്‍ ആവശ്യപ്പെടുന്നുണ്ട്. ഇസ്രായേല്‍, യുഎസ്, യുകെ കപ്പലുകളെ മാത്രമാണ് തങ്ങള്‍ ആക്രമിക്കുന്നതെന്നും ഹൂതികള്‍ പറയുന്നു.
ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതികളുടെ അധീനതയിലാണ് വടക്ക് പടിഞ്ഞാറന്‍ യെമനും സനയും. എന്നാല്‍ ഈ സര്‍ക്കാരിനെ അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചിട്ടില്ല. ഇറാനും യുഎസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


