നിക്കി ഹേലി | PHOTO: TWITTER
യു എസ് സൂപ്പര്‍ ട്യൂസ്‌ഡേ; വെര്‍മോണ്ടില്‍ നിക്കി ഹേലിക്ക് വിജയം, മുന്‍തൂക്കം ട്രംപിന്
മുന്‍ യു എന്‍ അംബാസിഡര്‍ നിക്കി ഹേലിക്ക് സൂപ്പര്‍ ട്യൂസ്‌ഡേയില്‍ അപ്രതീക്ഷിത വിജയം. നോമിനേഷന്‍ മത്സരത്തില്‍ ട്രംപിന്റെ പ്രധാന എതിരാളിയാണ് ഹേലി. സൂപ്പര്‍ ട്യൂസ്‌ഡേയില്‍ 15 സംസ്ഥാനങ്ങളിലേക്ക് നടന്ന പ്രൈമറി തെരഞ്ഞെടുപ്പില്‍ മറ്റ് 11 സംസ്ഥാനങ്ങളിലും ട്രംപിന് വിജയമുണ്ടായെങ്കിലും ട്രംപിനെതിരെ വെര്‍മോണ്ടില്‍ ഹേലി വിജയിക്കുകയായിരുന്നു. എന്നാല്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള സൂപ്പര്‍ ട്യൂസ്‌ഡെ പ്രൈമറി തെരഞ്ഞെടുപ്പില്‍ നിക്കി ഹേലിയെ പിന്നിലാക്കി ട്രംപ് മുന്നേറുന്നതായാണ് റിപ്പോര്‍ട്ട്.
അലബാമ, കൊളറാഡോ, അര്‍ക്കന്‍സസ്, മെയ്ന്‍, നോര്‍ത്ത് കരോലിന, ഒക്‌ലഹോമ, ടെന്നസി, ടെക്‌സസ്, വെര്‍ജീനിയ, മസാച്ചുസെറ്റ്‌സ്, മിനസോട്ട എന്നിവിടങ്ങളിലായിരുന്നു ട്രംപിന് വിജയം. നിക്കി ഹേലി ട്രംപിന് വെല്ലുവിളിയാകുമെന്ന സൂചനകള്‍ ഉണ്ടായെങ്കിലും സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള പോരാട്ടത്തിന്റെ തുടക്കം മുതല്‍ ട്രംപ് മുന്നേറുകയായിരുന്നു. നോമിനേഷന്‍ വിജയിക്കാന്‍ 1215 ഡെലിഗേറ്റുകളുടെ പിന്തുണയാണ് വേണ്ടത്.
തെരഞ്ഞെടുപ്പില്‍ ട്രംപും ബൈഡനും
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപും ബൈഡനും ഏറ്റുമുട്ടുമെന്നാണ് നിലവിലെ വിലയിരുത്തല്‍. ഡെമോക്രാറ്റിക് നോമിനേഷനുള്ള സൂപ്പര്‍ ട്യൂസ്‌ഡേ പ്രൈമറിയില്‍ 13 സ്റ്റേറ്റുകളിലാണ് ജോ ബൈഡന്‍ വിജയിച്ചത്. ട്രംപിന്റെ പ്രധാന എതിരാളിയായ നിക്കി ഹേലിക്ക് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തിരിച്ചടിയായിരുന്നു. നേരത്തെ നടന്ന പ്രൈമറിയില്‍ വാഷിങ്ടണ്‍ ഡിസിയില്‍ മാത്രം നിക്കി വിജയിച്ചപ്പോള്‍ മത്സരത്തില്‍ നിന്നും പിന്മാറാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. വെര്‍മോണ്ട് നിക്കി ഹേലിയെ പിന്തുണച്ചെങ്കിലും സൂപ്പര്‍ ട്യൂസ്‌ഡേ ട്രംപിന് അനുകൂലമായി തുടരുകയാണ്.
ട്രംപിനെതിരെ രൂക്ഷവിമര്‍ശനം
ഡോണാള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനമായിരുന്നു നിക്കി ഹേലി ഉയര്‍ത്തിയത്. അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനം വഹിക്കാന്‍ ട്രംപ് യോഗ്യനല്ലെന്നായിരുന്നു ഹേലിയുടെ വിമര്‍ശനം. ട്രംപ് വീണ്ടും പ്രസിഡന്റായാല്‍ രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുമെന്നായിരുന്നു ബൈഡന്റെ പ്രതികരണം.