
ഇന്ത്യയ്‌ക്കെതിരായ യുഎസ് തീരുവ ഏപ്രില്‍ 2ന് നിലവില്‍ വരും
ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ കൂടുതല്‍ തീരുവ ചുമത്തുന്നതായി യുഎസ് പ്രസിഡന്റ് ട്രംപ് വിമര്‍ശിച്ചു. അത് വളരെ അന്യായമാണെന്ന് പറഞ്ഞ ട്രംപ് അടുത്ത മാസം മുതല്‍ ഈ രാജ്യങ്ങള്‍ക്കെതിരെ പകരത്തിനുപകരമുള്ള തീരുവ നിലവില്‍ വരുമെന്നും പ്രഖ്യാപിച്ചു. ഇന്ത്യ 100 ശതമാനത്തില്‍ അധികം തീരുവകള്‍ വാഹനങ്ങളുടെ മേല്‍ ചുമത്തുന്നുവെന്നും ട്രംപ് പറഞ്ഞു.
യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്.
ദശാബ്ദങ്ങളായി മറ്റ് രാജ്യങ്ങള്‍ തീരുവകളെ യുഎസിനെതിരെ ഉപയോഗിക്കുന്നുവെന്നും ആ രാജ്യങ്ങള്‍ക്കെതിരെ തീരുവയെ ഉപയോഗിക്കാനുള്ള യുഎസിന്റെ അവസരം ആരംഭിക്കുകയാണെന്നും ട്രംപ് പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍, ചൈന, ബ്രസീല്‍, ഇന്ത്യ, മെക്‌സികോ, കാനഡ എന്നീ രാജ്യങ്ങളെ യുഎസ് പ്രസിഡന്റ് പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചു. യുഎസ് ചുമത്തുന്നതിനേക്കാള്‍ ഉയര്‍ന്ന തീരുവകള്‍ ഈ രാജ്യങ്ങള്‍ തിരികെ ചുമത്തുന്നുണ്ടെന്നും ഇത് വളരെ അന്യായമാണെന്നും ട്രംപ് പറഞ്ഞു.
ഏപ്രില്‍ 2 മുതല്‍ പകരത്തിനുപകരമുള്ള തീരുവ നിലവില്‍ വരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
തീരുവകള്‍ യുഎസ് സമ്പദ് വ്യവസ്ഥയില്‍ ചെറിയ അസ്വസ്ഥതകള്‍ സൃഷ്ടിക്കുമെന്നും ട്രംപ് പറഞ്ഞു. താരിഫുകള്‍ അമേരിക്കന്‍ ജോലികളെ സംരക്ഷിക്കുന്നതിന് മാത്രമല്ല അവ തങ്ങളുടെ രാജ്യത്തിന്റെ ആത്മാവിനെ സംരക്ഷിക്കാനുള്ളത് ആണെന്നും ട്രംപ് പറഞ്ഞു.