
യുഎസ് തീരുവ: ഓഹരി വിപണികള്‍ ഇടിഞ്ഞു
ചൈന, കാനഡ, മെക്‌സികോ എന്നീ രാജ്യങ്ങളില്‍ നിന്നും യുഎസിലേക്കെത്തുന്ന ചരക്കുകള്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച തീരുവകള്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് ലോകമെമ്പാടും ഓഹരി വിപണികള്‍ തളര്‍ന്നു.
കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള ഇറക്കുമതിയുടെ മേല്‍ 25 ശതമാനം വീതവും ചൈനയില്‍ നിന്നുള്ളതിന് 20 ശതമാനവും തീരുവ ഏര്‍പ്പെടുത്തിയിരുന്നു.
കാനഡയും ചൈനയും യുഎസ് ചരക്കുകളുടെ മേല്‍ ഇറക്കുമതി തീരുവ പ്രഖ്യാപിച്ചപ്പോള്‍, മെക്‌സിക്കോ വ്യാപാര യുദ്ധത്തിലേക്ക് നയിക്കുമെന്ന പേടി മൂലം അടിയന്തര പദ്ധതികള്‍ ഉണ്ടെന്ന് പ്രഖ്യാപിച്ചു.
യുഎസിലെ മൂന്ന് പ്രധാന ഓഹരി വിവണികളിലെ സൂചികകള്‍ താഴ്ന്നു. ഈ തീരുവകള്‍ യുഎസില്‍ വീട്ടുചെലവ് വര്‍ദ്ധിപ്പിക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു. കൂടാതെ, അതിന്റെ അനന്തരഫലങ്ങള്‍ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ മേലും ഉണ്ടാകും.
യുഎസില്‍ ഡൗ ജോണ്‍സ് 1.5 ശതമാനം കുറവിലും എസ് ആന്‍ഡ് പി 1.8 ശതമാനം കുറവിലും ക്ലോസ് ചെയ്തപ്പോള്‍ ഏഷ്യയില്‍ നിക്കി 1.2 ശതമാനവും ചൈനയുടെ ഹാന്‍ങ്‌സെങ് സൂചിക 0.3 ശതമാനവും ഇടിഞ്ഞു.