TMJ
searchnav-menu
post-thumbnail

TMJ Daily

കാറുകളിലെ ചൈനീസ് സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറും നിരോധിക്കാനൊരുങ്ങി യുഎസ്

23 Sep 2024   |   1 min Read
TMJ News Desk

സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കാറുകളിലെ ചൈനീസ് സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറും നിരോധിക്കാനൊരുങ്ങി യുഎസ് സർക്കാർ. ഇന്റർനെറ്റിനോടും, ഗതിനിയന്ത്രണ സംവിധാനങ്ങളോടും ബന്ധിപ്പിക്കാൻ കഴിയുന്ന ഉപകരണങ്ങളെയാണ് നിരോധനത്തിലൂടെ നിരത്തുകളിൽ നിന്നൊഴിവാക്കാൻ ലക്ഷ്യം വയ്ക്കുന്നത്. അമേരിക്കൻ പൗരരുടെ വിവരങ്ങൾ ചൈനയിലെത്തിക്കുന്നു എന്നതാണ് നിരോധിക്കുന്നതിനായി  യുഎസ് സർക്കാർ ഉന്നയിക്കുന്ന ആരോപണം.

ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കും, അവയുടെ വിൽപ്പനകൾക്കും യുഎസ് നിരോധനം ഏർപ്പെടുത്തും. ആശയവിനിമയത്തിന് വണ്ടികളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്കും, സ്വയം ഓടിക്കാൻ വണ്ടികളെ സഹായിക്കുന്ന സാങ്കേതികവിദ്യകൾക്കും, അതിനായി ഉപയോഗപ്പെടുത്തുന്ന സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ എന്നിവയ്ക്കടക്കം നിരോധനമേർപ്പെടുത്താനാണ് യുഎസ് സർക്കാർ പദ്ധതിയിടുന്നത്. യുഎസ് സർക്കാർ പുതിയ നടപടികളിലൂടെ ചൈനീസ് ഉപകരണങ്ങൾക്കും ഉൽപ്പന്നങ്ങൾക്കുമെതിരെ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുകയാണ്. കഴിഞ്ഞയാഴ്ചയാണ് ചൈനീസ് ഇറക്കുമതികൾക്കുള്ള തീരുവ യുഎസ് കുത്തനെ ഉയർത്തിയത്. ഇവയിൽ ഇലക്ട്രിക്ക് വാഹനങ്ങൾക്കും, അവയുടെ ബാറ്ററികൾക്കും മറ്റു മുഖ്യ ഉൽപ്പന്നങ്ങൾക്കും നൂറു ശതമാനത്തോളമാണ് ഇറക്കുമതിത്തീരുവ ഉയർത്തിയത്.

ചൈനീസ് ഉൽപ്പന്നങ്ങൾ, പ്രത്യേകിച്ച് സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ എന്നിവ മുന്നോട്ട് വെക്കുന്ന അപകടങ്ങൾ വളരെ കൂടുതലാണെന്ന് അമേരിക്കയുടെ വാണിജ്യ സെക്രട്ടറി ജിന റൈമണ്ടോ മെയ് മാസത്തിൽ ആരോപിച്ചിരുന്നു. നിരത്തിലോടുന്ന കാറുകളുടെ സോഫ്റ്റ്‌വെയർ പൊടുന്നനെ ഒരു നിമിഷം നിന്നുപോയാൽ ഉണ്ടായേക്കാവുന്ന മഹാദുരന്തത്തെക്കുറിച്ച് ആലോചിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂവെന്ന് അവർ പറഞ്ഞു. ഫെബ്രുവരിയിലാണ് യുഎസ്  പ്രസിഡന്റ് ജോ ബൈഡൻ ചൈനീസ് വാഹന ഇറക്കുമതികളിലുള്ള സുരക്ഷാ അപായങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനായി ഉത്തരവിറക്കിയത്. അവയുടെ നിരോധനം പരിഗണിക്കേണ്ടതുണ്ടോ എന്ന് കൂടി അന്വേഷിക്കണമെന്ന് ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു.

ചൈനയുടെ നയങ്ങൾ മൂലം യുഎസ് മാർക്കറ്റുകളിൽ ചൈനീസ് വാഹനങ്ങൾ നിറയുമെന്നും, അത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവുമെന്നും ബൈഡൻ മുൻപ് പറഞ്ഞിരുന്നു. തന്റെ ഭരണകാലത്ത് അത് സംഭവിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സോഫ്റ്റ്‌വെയറുകൾക്കുള്ള പൂർണ്ണ നിരോധനം 2027ഓടു കൂടെ നടപ്പിലാക്കാനാണ് യുഎസ് സർക്കാർ പദ്ധതിയിടുന്നത്.  ജനുവരി 2029ഓടു കൂടിയോ അല്ലെങ്കിൽ 2030ഓടു കൂടിയോ ആയിരിക്കും ഹാർഡ് വെയറുകൾക്കുള്ള നിരോധനം നടപ്പിൽ വരുത്തുക. ബ്ലൂടൂത്ത്, വയർലെസ് കൂടാതെ സാറ്റ്ലൈറ്റുകൾ എന്നിവയിലേക്ക് ബന്ധപ്പെടാൻ കഴിവുള്ള കാറുകളിലെ എല്ലാ സാങ്കേതികവിദ്യകളെയും യുഎസ് സർക്കാർ മുന്നോട്ടുവെയ്ക്കുന്ന പദ്ധതിയിലൂടെ നിരോധിക്കും.


#Daily
Leave a comment