.jpg)
ഗൂഗിളിന്റെ ആധിപത്യത്തെ നിയന്ത്രിക്കാൻ യുഎസ്
ഗൂഗിൾ സെർച്ച് എഞ്ചിന്റെ ആധിപത്യത്തെ നിയന്ത്രിക്കാനായി പരിഹാരനടപടികളുമായി യുഎസ് ഡിപ്പാർട്ട്മെൻറ് ഓഫ് ജസ്റ്റിസ്. ഗൂഗിൾ നടത്തുന്ന വിവരശേഖരണങ്ങൾ അവസാനിപ്പിക്കുക അല്ലെങ്കിൽ ശേഖരിച്ച വിവരങ്ങൾ പങ്കുവയ്ക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് നിയന്ത്രണങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത്തരം നടപടികൾ ഗൂഗിളിന്റെ ലാഭത്തേയും എ ഐയുടെ വളർച്ചയേയും സാരമായി ബാധിക്കുമെന്ന് അനലിസ്റ്റുകൾ അഭിപ്രായപ്പെടുന്നു.
ഗൂഗിളിന്റെ മറ്റു ഉല്പന്നങ്ങളായ ഗൂഗിൾ ക്രോമിന്റെയും ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെയും ചില ഭാഗങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടുമെന്ന് ഡിപ്പാർട്ട്മെൻറ് ഓഫ് ജസ്റ്റിസ് അറിയിച്ചു. ഡിപ്പാർട്ട്മെൻറ് പരിഗണിക്കുന്ന പല നിയന്ത്രണങ്ങൾ ചിലത് മാത്രമാണിത്. ആന്റിട്രസ്റ്റ് നടപടികൾ മൂലം ആൽഫബെറ്റിന്റെ ഓഹരികൾ ബുധനാഴ്ച 1.5 ശതമാനം കുറഞ്ഞിരുന്നു.
ഗൂഗിളിന്റെ എതിരാളികൾക്ക് ഇത്തരം നടപടികളിലൂടെ മുന്നേറാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് മൂലം ഗൂഗിളിന് ലഭിക്കുന്ന ലാഭത്തിലും ഇടിവുണ്ടാവുമെന്നും അനലിസ്റ്റുകൾ കണക്കുകൂട്ടുന്നു. റിവേഴ്സ് എഞ്ചിനീയറിംഗിലൂടെ ഗൂഗിളിന്റെ വിജയഫോർമുല ഡിപ്പാർട്ട്മെൻറ് ഓഫ് ജസ്റ്റിസ് കണ്ടെത്തിയെന്നും, അതുവച്ചുകൊണ്ട് ഗൂഗിളിനെ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഡി എ ഡേവിഡ്സണിലെ സീനിയർ സോഫ്റ്റ്‌വെയർ എഞ്ചിനീയറും മാനേജിങ് ഡയറക്ടറുമായ ഗിൽ ലൂറിയ പറഞ്ഞു. ശേഖരിക്കുന്ന വിവരങ്ങൾ പങ്കുവെക്കാനാവും ഗൂഗിൾ തയ്യാറാവുകയെന്നും, ഇത് മൂലം ഗൂഗിളിന്റെ എതിരാളികൾക്കും വലിയ വളർച്ച സാധ്യമാവുമെന്നും ലൂറിയ പറഞ്ഞു.
എഐയുമായി ബന്ധപ്പെട്ടിട്ടുള്ള പരിഹാരനിർദ്ദേശങ്ങൾ ഗൂഗിളിന്റെ എഐ ബിസിനസിനെയും ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. നിലവിൽ ഓപ്പൺ എഐയുടെ ചാറ്റ്ജിപിടിയും പെർപ്ലക്സിറ്റി എന്ന സെർച്ച് എഞ്ചിനും ശക്തമായ മത്സരമാണ് ഗൂഗിളുമായി കാഴ്ചവക്കുന്നത്.
2025ഓടു കൂടി ഗൂഗിളിന്റെ യുഎസിലെ പരസ്യ വിപണിയുടെ ഓഹരി 50 ശതമാനത്തിൽ താഴെ കുറയുമെന്ന് ഗവേഷണ സ്ഥാപനമായ ഇമാർക്കറ്റർ പറഞ്ഞു. ഡക്ക്ഡക്ക്ഗോ, മൈക്രോസോഫ്റ്റ് ബിങ് കൂടാതെ മെറ്റ പ്ലാറ്റ്ഫോർമ്സിനും ഗൂഗിളിനെതിരെയുള്ള നടപടികൾ സഹായകമാവും.
ഇത്തരത്തിലുള്ള നടപടികളൊന്നും വിലപ്പോവില്ലെന്ന് ചേംബർ ഓഫ് പ്രോഗ്രസിന്റെ സ്ഥാപകനും സിഇഓയുമായി ആദം കോവാചെവിച്ച് അഭിപ്രായപ്പെട്ടു. വാർത്താ തലക്കെട്ടുകൾ സൃഷ്ടിക്കുമെങ്കിലും ഭാവിയിലെ അപ്പീലുകളിൽ നടപടികളെല്ലാം പിൻവലിക്കുന്ന സ്ഥിതിയാണുണ്ടാവുകയെന്നും കോവാചെവിച്ച് പറഞ്ഞു.