
PHOTO: FLICKR
ഗാസയ്ക്ക് 100 മില്യണ്‍ ഡോളര്‍ സഹായവുമായി യുഎസ്
ഗാസയ്ക്കും വെസ്റ്റ് ബാങ്കിനുമായി നൂറു മില്യണ്‍ ഡോളര്‍ സഹായം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ജനങ്ങള്‍ക്ക് ഭക്ഷണവും, വെള്ളവും, പാര്‍പ്പിടവും ആവശ്യമാണ്. ഗാസയിലെ സാധാരണക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ മാനുഷിക സഹായം എത്തിക്കാന്‍ ഇസ്രയേല്‍ കാബിനറ്റിനോട് അഭ്യര്‍ത്ഥിക്കുന്നതായും ബൈഡന്‍ പറഞ്ഞു.
ഈ പണം ഒരു ദശലക്ഷത്തിലധികം വരുന്ന കുടിയൊഴിപ്പിക്കപ്പെട്ടവരും സംഘര്‍ഷ ബാധിതരുമായ പലസ്തീനികള്‍ക്ക് സഹായകമാകും. യുഎസിന്റെ സഹായം ദുരിതബാധിതരിലേക്ക് തന്നെ എത്തുമെന്ന് ഉറപ്പാക്കുമെന്നും ബൈഡന്‍ പറഞ്ഞു. ഹമാസിന്റെയോ മറ്റ് തീവ്രവാദ ഗ്രൂപ്പുകളുടെയോ കൈവശം ഈ പണം എത്തില്ലെന്ന് ഉറപ്പാക്കുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
യുഎസിലെ സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണം പോലെയാണ് ഇസ്രയേലില്‍ ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന ആക്രമണം. എന്നാല്‍ ഇസ്രയേലിനെ പോലൊരു ചെറിയ രാജ്യത്ത് ഇത് പതിനഞ്ചോളം സെപ്തംബര്‍ 11 കള്‍ക്ക് തുല്യമാണ്. ഇസ്രയേല്‍ രോഷം അതിരുകടക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും യുദ്ധനിയമങ്ങള്‍ പാലിക്കണമെന്നും ബൈഡന്‍ ആവശ്യപ്പെട്ടു.
ഗാസയിലേക്ക് സഹായങ്ങള്‍ എത്തിക്കാന്‍ ഈജിപ്തിലെ റാഫ അതിര്‍ത്തി തുറക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഈജിപ്ത്-ഗാസ അതിര്‍ത്തി തുറക്കാനും ആദ്യഘട്ടത്തില്‍ 20 ട്രക്കുകളില്‍ സഹായമെത്തിക്കാനും ഈജിപ്തുമായി ധാരണയായി. ഈജിപ്ത് പ്രസിഡന്റ് അബ്‌ദേല്‍ ഫതാഹ് അല്‍ സിസിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇസ്രയേലിലെ സന്ദര്‍ശനത്തിനുശേഷമാണ് ബൈഡന്‍ ഈജിപ്തിലെത്തിയത്.
യുഎസില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധം
ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസില്‍ പലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധം. തലസ്ഥാന നഗരമായ വാഷിംഗ്ടണ്‍ ഡിസിയിലാണ് പ്രതിഷേധം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 300 ഓളം പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള പ്ലക്കാര്‍ഡുകളുമായാണ് ജൂത സംഘടനകളിലെ അംഗങ്ങളായ പ്രതിഷേധക്കാര്‍ എത്തിയത്.
ദുരന്തമുനമ്പില്‍ ഗാസ
ഇസ്രയേലിന്റെ വ്യോമാക്രമണവും ഉപരോധവും കടുത്തതോടെ ഗാസയിലെ സ്ഥിതി അതീവ രൂക്ഷമായി തുടരുകയാണ്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ആയിരത്തിലേറെപ്പേരാണ് കുടുങ്ങി കിടക്കുന്നത്. ഗാസയിലെ ആശുപത്രികള്‍ ഇന്ധനമില്ലാതെ പ്രതിസന്ധിയിലേക്കാണെന്ന് യുഎന്‍ അറിയിച്ചു.
യുദ്ധം തുടങ്ങി പത്തുദിവസം പിന്നിട്ടിട്ടും വെടിനിര്‍ത്തലിനു തയ്യാറാകാന്‍ ഇസ്രയേലും ഹമാസും വിസമ്മതിക്കുകയാണ്. ഗാസയില്‍ നിന്നും ഇതുവരെ പലായനം ചെയ്തത് പത്തുലക്ഷം പേരാണ്. ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ 2,808 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് വ്യക്തമാക്കി. മരിച്ചവരില്‍ നാലിലൊന്നും കുട്ടികളാണ്. 10,000 ത്തിലധികം പേര്‍ക്ക് പരുക്കേറ്റു.
ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം മേഖലയിലേക്കുള്ള വൈദ്യുതി-ജലം-ഭക്ഷണം-ഇന്ധനം എന്നിവയുടെ വിതരണത്തെ തടസ്സപ്പെടുത്തിയിരുന്നു. ഉപരോധം നീണ്ടതോടെ ശുദ്ധജല പ്ലാന്റുകളുടെ പ്രവര്‍ത്തനവും നിലച്ചു. കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് ഗാസയിലെ മനുഷ്യരുടെ ജീവന്‍ അപകടത്തിലാണെന്ന് കഴിഞ്ഞദിവസം യുഎന്‍ വ്യക്തമാക്കിയിരുന്നു.