Representational Image: PTI
യുക്രൈന്‍ യുദ്ധതന്ത്രങ്ങളുടെ ചോര്‍ച്ച അമേരിക്ക അന്വേഷിക്കും
അമേരിക്കയും, നാറ്റോയും യുക്രൈന്‍ സൈന്യത്തിന് നല്‍കുന്ന പരിശീലനത്തിന്റെയും പടക്കോപ്പുകളുടെയും വിശദവിവരങ്ങള്‍ ചോര്‍ന്നതിനെ പറ്റി അമേരിക്ക അന്വേഷണം നടത്തും. തണുപ്പ് കാലം അവസാനിക്കുന്നതോടെ റഷ്യന്‍ അധിനിവേശ സേനകള്‍ക്കെതിരെ യുക്രൈന്‍ നടത്താനിരിക്കുന്ന പ്രത്യാക്രമണം സംബന്ധിച്ച് വിവരങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടത്.
യുക്രൈന്റെ പ്രത്യാക്രമണത്തിന് അമേരിക്കയും, നാറ്റോയും നല്‍കുന്ന പരിശീലനം, പ്രതീക്ഷിക്കുന്ന ആയുധ സഹായം, ബറ്റാലിയനുകളുടെ ശക്തി തുടങ്ങിയ അതീവ രഹസ്യമായ രേഖകള്‍ ട്വിറ്ററിലും, ടെലിഗ്രാമിലും ലഭ്യമായതായി ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം 5 ആഴ്‌ച്ച വരെ പഴക്കമുള്ള രേഖകളാണ് പുറത്തു വന്നിരിക്കുന്നത്. അതീവ രഹസ്യമെന്നു രേഖപ്പെടുത്തിയ ഈ രേഖകളിലൊന്നും യുക്രൈന്‍ പ്രത്യാക്രമണത്തിന്റെ കൃത്യം വിശദാംശങ്ങള്‍ കാണാനാവില്ല. അതായത് എപ്പോള്‍, എവിടെ ആക്രമണം നടക്കുമെന്നുള്ള വിവരങ്ങള്‍ അവയില്‍ അടങ്ങിയിട്ടില്ല.
സൈനികരഹസ്യങ്ങള്‍ സൂക്ഷിക്കുന്നതില്‍ അമേരിക്കയുടെ വീഴ്‌ച്ചയെ തുറന്നു കാണിക്കുന്നതാണ് രേഖകള്‍ പുറത്തായ സംഭവമെന്നു വിലയിരുത്തപ്പെടുന്നു. പുറത്തായ ഒരു രേഖയിലെ വിശദാംശങ്ങളനുസരിച്ച് 12 യുക്രൈന്‍ ബ്രിഗേഡുകള്‍ക്ക് നല്‍കുന്ന യുദ്ധപരിശീലനത്തിന്റെ സമയക്രമം, 250 ടാങ്കുകളുടെയും, 350 യന്ത്രവൽകൃത വാഹനങ്ങളുടെയും ആവശ്യകത തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നു. പടക്കോപ്പുകളുടെ ചെലവിന്റെ വിവരങ്ങളും രേഖകളില്‍ ലഭ്യമാണ്.
അമേരിക്കയയും, നാറ്റോയും റഷ്യക്കെതിരെ നടത്തുന്ന പ്രോക്‌സി യുദ്ധമാണ് യുക്രൈനില്‍ നടക്കുന്നതെന്ന റഷ്യന്‍ വാദങ്ങള്‍ക്ക് ബലം പകരുന്നതാണ് ഇപ്പോള്‍ പുറത്തായ വിവരങ്ങള്‍ എന്നു കരുതപ്പെടുന്നു.