TMJ
searchnav-menu
post-thumbnail

TMJ Daily

ചൈനയിൽ നിന്നുള്ള യുറേനിയം ഇറക്കുമതിയിൽ അന്വേഷണവുമായി അമേരിക്ക

19 Sep 2024   |   2 min Read
TMJ News Desk

മീപകാലത്ത് റഷ്യയുടെ യുറേനിയം ഇറക്കുമതി യു എസ് നിരോധിച്ചിരുന്നു. എന്നാൽ, റഷ്യയിൽ നിന്നുള്ള സമ്പുഷ്ട യുറേനിയം ചൈന ഇറക്കുമതി ചെയ്യുകയും സ്വന്തം ഉത്പന്നമെന്ന പേരിൽ യുഎസ്സിലേക്ക് കയറ്റുമതി ചെയ്യുകയുമാണോ എന്ന അന്വേഷണവുമായി യു എസ്.

യുക്രൈയിന് എതിരായ യുദ്ധത്തിൽ റഷ്യയ്ക്ക് എതിരായ ഉപരോധത്തിന്റെ ഭാഗമായാണ് 2023 ഡിസംബറിൽ യുഎസ് റഷ്യൻ സമ്പുഷ്ട യുറേനിയത്തിന്റെ ഇറക്കുമതി നിരോധനം പാസാക്കിയത്. എന്നാൽ, ചൈന റഷ്യൻ യുറേനിയം വാങ്ങി യു എസ്സിലേക്ക് കയറ്റുമതി ചെയ്യുന്നതിലൂടെ റഷ്യയുടെ ആണവ വ്യവസായത്തെ ചൈന സഹായിക്കുന്നുണ്ടോ എന്ന സംശയത്തിലാണ് യു എസ് സർക്കാർ.

യുഎസ് ഇന്റർനാഷണൽ ട്രേഡ് കമ്മീഷനിൽ നിന്നുള്ള കണക്കുപ്രകാരം ആ മാസം ചൈനയിൽ നിന്ന് യുഎസിലേക്കുള്ള യുറേനിയത്തിന്റെ കയറ്റുമതി 2,42,990 കിലോഗ്രാമായി ഉയർന്നിരുന്നു. 2020 മുതൽ 2022 വരെ ചൈന യുഎസിലേക്ക് യുറേനിയം അയച്ചിട്ടില്ല. ഈ വർഷം മെയ് മാസത്തിൽ ബൈഡൻ നിരോധനത്തിൽ ഒപ്പിട്ടതിന് ശേഷം ചൈന വീണ്ടും യുഎസിലേക്ക് വലിയ അളവിൽ യുറേനിയം കയറ്റി അയച്ചിരുന്നു. ഇത്തവണ അയച്ചത് ആകെ 1,23,849 കിലോഗ്രാം ആണ്

അടുത്തിടെ നടപ്പാക്കിയ റഷ്യൻ യുറേനിയം ഇറക്കുമതി നിരോധിക്കുന്ന നിയമം ശരിയായി നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ ചൈനയിൽ നിന്നുള്ള ഇറക്കുമതി യുഎസ് എനർജി ഡിപ്പാർട്ട്മെന്റും ഇതുമായി ബന്ധപ്പെട്ട, മറ്റ് ഏജൻസികൾക്കൊപ്പം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് വക്താവ് പറഞ്ഞു.

എന്നാൽ, ഈ വിഷയത്തെ കുറിച്ചുള്ള ചോദ്യത്തിന് ചൈനയുടെ വിദേശകാര്യ വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും കൂടുതൽ യുറേനിയം കയറ്റുമതി ചെയ്യുന്ന രാജ്യമാണ് റഷ്യ. ഈ വർഷം ജൂലൈ വരെ റഷ്യയിൽ നിന്ന് യുഎസിലേക്ക് ഇറക്കുമതി ചെയ്തത് 3,13,050 കിലോഗ്രാം ആയിരുന്നു, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം കുറവാണിത്. ചില വസ്തുക്കളുടെ കാര്യത്തിൽ റഷ്യയിൽ നിന്നുള്ള ഇറക്കുമതി 2028 വരെ തുടരാനും അനുമതിയുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ആണവോർജ്ജ വ്യവസായം നിലനിൽക്കുന്ന യുഎസിൽ, റഷ്യൻ ഇന്ധനത്തെ ആശ്രയിക്കുന്നത് ഇല്ലാതാക്കാനുള്ള യുഎസിന്റെ ശ്രമത്തെ നിരോധനത്തിന്റെ ഏത് ലംഘനവും ദുർബലപ്പെടുത്തും. ആഭ്യന്തര യുറേനിയം വിതരണ ശൃംഖല ആരംഭിക്കാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ   ശ്രമങ്ങളെയും ഇത് ദുർബലപ്പെടുത്തും, കാരണം നിരോധനം 2.72 ബില്യൺ ഡോളർ പൊതു ഫണ്ട് ആണ് തുറന്നുകൊടുക്കുന്നത്.

ലോകബാങ്ക് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2022ലും 2023ലും റഷ്യയിൽ നിന്നുള്ള സമ്പുഷ്ട യുറേനിയത്തിന്റെ ചൈനയിലേക്കുള്ള ഇറക്കുമതി കുതിച്ചുയർന്നിരുന്നു. യുറേനിയത്തിന്റെ സ്ഥിരമായ വിതരണം ആവശ്യമുള്ള ചൈന കൂടുതൽ റിയാക്ടറുകൾ നിർമ്മിക്കുമ്പോൾ, റഷ്യയിൽ നിന്നുള്ള ഇന്ധനം കയറ്റുമതി ചെയ്യാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.

"ലോക സമ്പുഷ്ട യുറേനിയം വിപണിയിൽ ചൈന കൂടുതൽ പങ്ക് വഹിക്കാൻ ശ്രമിക്കുമ്പോൾ, റഷ്യൻ സമ്പുഷ്ട യുറേനിയം ഇറക്കുമതി ചെയ്യുന്നത് ബെയ്ജിങ്ങിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സഹായകമായേക്കാം," എന്ന് ലണ്ടൻ ആസ്ഥാനമായ റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ട് മാർച്ചിൽ പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു.

ചൈനയിൽ നിന്നുള്ള ഇറക്കുമതി യുഎസ് യുറേനിയം വ്യവസായത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. ജൂണിൽ, സമ്പുഷ്ട യുറേനിയം ശേഷി വികസിപ്പിക്കുന്ന കമ്പനിയായ സെൻട്രസ്, ചൈനയിൽ നിന്നുള്ള സമ്പുഷ്ട യുറേനിയത്തിന്റെ താരിഫ് നിരക്ക് 7.5 ശതമാനത്തിൽ നിന്ന് 20 ശതമാനമായി ഉയർത്താൻ യുഎസ് ട്രേഡ് റെപ്രസന്റേറ്റീവിനോട് (USTR) അഭ്യർത്ഥിച്ചിരുന്നു, " ചൈനയിൽ നിന്ന് സമ്പുഷ്ട യുറേനിയം ഇറക്കുമതി ചെയ്യുന്നത് കമ്പനിയുടെ താൽപ്പര്യങ്ങൾ ഭീഷണിയായേക്കാമെന്നതായിരുന്നു ഇതിന് കാരണം.

യുറേനിയം പ്രൊഡ്യൂസേഴ്‌സ് ഓഫ് അമേരിക്ക ഇൻഡസ്‌ട്രി ഗ്രൂപ്പ് യുഎസ്ടിആറിനോട് പൊതു അഭിപ്രായങ്ങളെ മുൻനിർത്തി നിരക്ക് 50 ശതമാനം വരെ വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടു.

യു.എസ്.ടി.ആർ, മറ്റ് ചില സാധനങ്ങളുടെ താരിഫ് വർദ്ധിപ്പിച്ചിട്ടുണ്ടെന്നും, എന്നാൽ ചൈനയിൽ നിന്നുള്ള യുറേനിയത്തിന് മേൽ ഇതില്ലെന്നും യുറേനിയത്തിന്റെയും മറ്റ് വസ്തുക്കളുടെയും യുഎസ് ഇറക്കുമതിയിൽ ചൈനയുടെ പങ്ക് ചെറുതും കുറഞ്ഞു വരുന്നതുമാണെന്ന് കാണിക്കുന്ന രേഖയെപ്പറ്റി അവർ പരാമർശിക്കുകയും  ചെയ്തു.

ചൈനയിൽ നിന്നുള്ള ഇറക്കുമതി റഷ്യൻ യുറേനിയത്തിന്റെ നിരോധനത്തെ മറികടക്കുന്നതാണോ എന്ന ആശങ്കയിൽ ജൂലൈയിൽ യുഎസ് വാണിജ്യ വകുപ്പുമായി കൂടിക്കാഴ്ച നടത്തിയതായി യുപിഎയുടെ അഭിഭാഷകൻ ജോൺ ഇൻഡാൽ പറഞ്ഞു.

ഉപരോധത്തെ കുറിച്ച് നിശബ്ദത പാലിച്ചിരുന്ന പുടിൻ സെപ്തംബർ 11 ന് പാശ്ചാത്യ ഉപരോധങ്ങൾക്ക് മറുപടിയായി യുറേനിയത്തിന്റെയും മറ്റ് ലോഹങ്ങളുടെയും കയറ്റുമതി പരിമിതപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് പറഞ്ഞു.


#Daily
Leave a comment